മണ്‍പാത്രത്തില്‍ പാചകം ആരോഗ്യകരം
പണ്ടുകാലങ്ങളില്‍ ആഹാരം പാചകം ചെയ്തിരുന്നത് മണ്‍പാത്രങ്ങളിലായിരുന്നു. അക്കാലത്ത് സ്റ്റീല്‍ പാത്രങ്ങളോ ഇരുമ്പു പാത്രങ്ങളോ ഉണ്ടായിരുന്നില്ലെന്നത് നേര്. എന്നാല്‍ പില്‍ക്കാലത്ത് മണ്‍പാത്രങ്ങള്‍ അടുക്കളയുടെ തട്ടുകളില്‍ വിശ്രമിക്കുമ്പോള്‍ തികച്ചും അനാരോഗ്യകരമായ അലൂമിനിയം കൊണ്ടുള്ള പാത്രങ്ങളാണ് പലരു ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിച്ചുവരുന്നത്.
ചിലരെങ്കിലും പഴമയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ മണ്‍പാത്രങ്ങള്‍ കണ്ടെത്തി തങ്ങള്‍ക്ക് വേണ്ടത് തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നു. വര്‍ഷങ്ങളായി ഒരേ ചട്ടിയില്‍ മീന്‍ വയ്ക്കുന്നവരുണ്ട്. അത്തരം ചട്ടികള്‍ കണ്ടാല്‍ത്തന്നെ മീന്‍ചട്ടിയാണെന്നു മനസിലാകും. ഇങ്ങനെ വിവിധ കറികള്‍ക്ക് വൈവിധ്യമാര്‍ന്ന ചട്ടികള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ചപ്പാത്തിയുണ്ടാക്കാന്‍ പോലും ചട്ടികള്‍ ലഭിക്കുന്നു.
ആരോഗ്യഭക്ഷണം
മുമ്പ് പാത്രങ്ങള്‍ മണ്ണുകൊണ്ടുള്ളവ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് വിവിധയിനം ലോഹങ്ങളില്‍ പാത്രങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും മണ്‍പാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് ആരോഗ്യപാചകം, ഭക്ഷണം ഒക്കെ മനസില്‍ കണ്ടാണ്. അതു മനസിലാക്കി ആധുനിക രീതിയില്‍ മണ്‍പാത്രങ്ങളും കടകളില്‍ നിരന്നിട്ടുമുണ്ട്.
കളിമണ്‍ പാത്രങ്ങള്‍
മണ്‍ പാത്രങ്ങളേക്കാള്‍ കളിമണ്‍ പാത്രങ്ങളാണ് ആരോഗ്യകരമായ പാചകത്തിന് കൂടുതല്‍ നന്ന്. പോഷകഗുണം നഷ്ടമാകാതെ പാചകം ചെയ്യുന്നതുമുതല്‍ രുചിയുടെ കാര്യത്തില്‍ വരെ കളിമണ്‍ പാത്രങ്ങള്‍ ഒന്നാംതരമാണ്. എല്ലാത്തരം പാചകത്തിനും ഇവ ഉപയോഗിക്കാമെന്ന മേന്‍മയുമുണ്ട്. ആയുര്‍വേദത്തില്‍ പോലും കളിമണ്‍ പാത്രത്തിലെ സാവധാനമുള്ള പാചകത്തെപ്പറ്റിയും പോഷകം നഷ്ടപ്പെടാതെയും പോഷക സംതുലിതമായും പാചകം ചെയ്യുന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നുമുണ്ട്. ചൂടും നനവും സംതുലിതമാക്കി ആഹാരസാധനങ്ങള്‍ കരിഞ്ഞുപോകാതെ പാചകം ചെയ്യാന്‍ കളിമണ്‍പാത്രങ്ങള്‍ സഹായകരമാണ്.
ആല്‍ക്കലൈനും ആസിഡും
കളിമണ്‍ പാത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ ആല്‍ക്കലൈനാണ് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പാചകവേളയില്‍ ആഹാരസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് അംശത്തെ അത് ന്യൂട്രലൈസ് ചെയ്യുന്നു. അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. മണ്‍പാത്രങ്ങള്‍ ചൂടാകുമ്പോള്‍ അതില്‍ നിന്ന് ആല്‍ക്കലൈന്‍ പുറത്തുവരികയും ആഹാരവുമായി കലര്‍ന്ന് ആഹാരത്തിലെ ആസിഡിനെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ആസിഡിന്റെ പി.എച്ച് നില കുറയ്ക്കുകയാണ് ചെയ്യുന്നത്. ഒപ്പം പോഷകങ്ങള്‍ നഷ്ടമാകാതെ നോക്കുകയും ചെയ്യുന്നു.
മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യപ്പെടുന്ന ആഹാരസാധനങ്ങളില്‍ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കൂടുതലായിരിക്കുകയും ചെയ്യും. എണ്ണയുടെ ഉപയോഗം വളരെ കുറയ്ക്കാനും മണ്‍ പാത്രങ്ങളിലുള്ള പാചകത്തിലൂടെ സാധ്യമാകുന്നു. സ്വതവേ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ നനവ് ഇത്തരം പാത്രങ്ങളിലുള്ളതിനാലാണിത്.
അതുപോലെ, ലോഹപാത്രങ്ങളില്‍ ആഹാരം പാചകം ചെയ്യുമ്പോള്‍ അവയുടെ മണവും രുചിയും കുറയുന്നു. പോഷകങ്ങള്‍ നഷ്ടമാകുന്നതുകൊണ്ടാണിത്.
തിളക്കം വേണ്ട
മണ്‍പാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. തിളക്കമുള്ള മണ്‍പാത്രങ്ങള്‍ ഒരിക്കലും എടുക്കരുത്. മണ്‍പാത്രങ്ങള്‍ തിളക്കം നല്‍കുന്നത് ചില പ്രത്യേക രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത മിശ്രിതമാണ്. ഒരു പ്രത്യേകതരം സെറാമിക് പെയിന്റ് ആണത്. തിളക്കമുള്ള മണ്‍പാത്രങ്ങള്‍ ചൂടാകുമ്പോള്‍ അത് അനാരോഗ്യകരങ്ങളും ദോഷമുണ്ടാക്കുന്നതുമായ പുക പുറത്തുവിടും. അനാരോഗ്യകരമല്ലെന്നു കാട്ടാന്‍ തിളക്കമുള്ള ചില പാത്രങ്ങളുടെ മുകളില്‍ നോണ്‍ ടോക്‌സിക് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. എന്നാല്‍ ഇതൊക്കെ പൂര്‍ണമായും വിശ്വസനീയമല്ല. കാരണം തിളക്കത്തിനു പിന്നില്‍ അപകടകാരിയായ ഈയം അടങ്ങിയിരിക്കുന്നു എന്നതുതന്നെ. മണ്‍പാത്രത്തിന് തിളക്കം നല്‍കാന്‍ രാസപ്രയോഗം നടത്തുമ്പോള്‍ പ്രകൃതിദത്തമായ മണ്‍പാത്രത്തിന്റെ ഗുണം നഷ്ടമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."