കൈതപ്പാറയിലും മക്കുവള്ളിയിലും വൈദ്യുതിയെത്തുന്നു 80 ലക്ഷം രൂപയുടെ കേന്ദ്ര പദ്ധതിക്ക് ഭരണാനുമതിയായി: എം.പി
ചെറുതോണി: ഹൈറേഞ്ചിലെ ഒറ്റപ്പെട്ട കുടിയേറ്റഗ്രാമമായ മക്കുവള്ളിയിലും മനയത്തടത്തും ഇനി വൈദ്യുതിയുടെ വെള്ളിവെളിച്ചം.
പതിറ്റാണ്ടുകള്‍ നീണ്ട മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലുള്ള ദുരിത ജീവിതത്തില്‍ നിന്നും മക്കുവള്ളിക്കാര്‍ക്ക് ഇനി മോചനമാകും.
80 ലക്ഷം രൂപയുടെ വൈദ്യുതീകരണ പദ്ധതിക്കാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. പ്രധാന്‍ മന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാം പദ്ധതിയുടെ ഭാഗമായാണ് ഒറ്റപ്പെട്ട ഈ ഗ്രാമത്തിലേയ്ക്ക് വൈദ്യുതിയെത്തുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിനെ ആദര്‍ശ് ഗ്രാമമായി തെരഞ്ഞെടുത്തതോടെയാണ് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നത്.
മക്കുവള്ളി മനയത്തടം മേഖലയ്ക്ക് 26 ലക്ഷം രൂപയും മനയത്തടം കൈതപ്പാറ മേഖലയ്ക്ക് 26 ലക്ഷം രൂപയും മൈലപ്പുഴ മക്കുവള്ളിയ്ക്ക് 28 ലക്ഷം രൂപയും വീതം 80 ലക്ഷം രൂപയ്ക്കാണ് കേന്ദ്ര പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ വൈദ്യുതീകരണ പദ്ധതിയില്‍പ്പെടുത്തി ഭരണാനുമതിയായത്. ആദര്‍ശ് ഗ്രാം പദ്ധതി നിര്‍വ്വഹണ ഘട്ടത്തിലേക്ക് കടന്നതോടെ കഞ്ഞിക്കുഴിയില്‍ വന്‍ വികസന കുതിപ്പുണ്ടാകുമെന്നും എം.പി പറഞ്ഞു. ലൈന്‍ വലിക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ ഏറ്റവും വേഗം പൂര്‍ത്തീകരിച്ച് സമയബന്ധിതമായി പദ്ധതി നടപ്പാക്കുമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."