ഫലസ്തീനെയും സഹായിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ വൈദ്യോപകരണങ്ങള്‍ കയറ്റി അയക്കില്ലെന്ന് തുര്‍ക്കി; ഒടുവില്‍ ഇസ്‌റാഈല്‍ അയഞ്ഞു, പിന്നാലെ വിമാനങ്ങള്‍ പറന്നു
അങ്കാറ: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങളുമായുള്ള തുര്‍ക്കിയുടെ വിമാനങ്ങള്‍ ഇസ്‌റാഈലിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള അനിശ്ചിതത്വത്തിനും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് തുര്‍ക്കിയുടെ വിമാനങ്ങള്‍ ഇസ്‌റാഈലിലെത്തിയത്.
ഇസ്‌റാഈലിലേക്ക് അയക്കുന്നതിന് സമാനമായി ഫലസ്തീനെയും സഹായിക്കാന്‍ അനുവദിക്കണമെന്ന ഉപാധിയാണ് തുര്‍ക്കി മുന്നോട്ടുവച്ചത്. ഇതോടെ ചരക്കുനീക്കം നിലച്ചു. എന്നാല്‍ തുര്‍ക്കിയുടെ സമ്മര്‍ദത്തിന് ഇസ്‌റാഈല്‍ വഴങ്ങിയതോടെ പി.പി.ഇ കിറ്റുകള്‍ അടക്കമുള്ള വൈദ്യോപകരണങ്ങളുമായി വിമാനങ്ങള്‍ പറക്കുകയായിരുന്നു.
'ഇസ്‌റാഈല്‍ വൈദ്യ സഹായം ആവശ്യപ്പെട്ടിരുന്നു. അത് ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കും. ഒപ്പം തന്നെ ഫലസ്തീനിലേക്കും ഞങ്ങള്‍ വൈദ്യോപകരണങ്ങള്‍ എത്തിക്കും'- തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വക്താവ് ഇബ്‌റാഹിം കലിന്‍ പറഞ്ഞു.
വൈദ്യോപകരണ നിര്‍മാണ രംഗത്ത് ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. കൊവിഡ് മഹാമാരി വ്യാപനത്തെ തുടര്‍ന്ന് ഇറ്റലി, സ്‌പെയിന്‍, യു.കെ, അസര്‍ബൈജാന്‍, ഖത്തര്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ക്ക് തുര്‍ക്കി ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്.
തുര്‍ക്കി വൈദ്യോപകരണങ്ങള്‍ എത്തിക്കുന്നത് 'കച്ചവട കരാറി'ന്റെ ഭാഗമായാണെന്നും 'മാനുഷിക സഹായ'ത്തിന്റെ ഭാഗമായല്ലെന്നും നേരത്തെ ഇസ്‌റാഈല്‍ പത്രമായ ഇസ്‌റാഈലി യെഡിയോത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാനുഷിക മൂല്യങ്ങള്‍ വച്ചാണ് ഇസ്‌റാഈലിന് വൈദ്യോപകരണങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് തുര്‍ക്കിയും പറഞ്ഞു.
2003 ല്‍ ഉര്‍ദുഗാന്‍ അധികാരത്തിലേറുന്നതിന് മുന്‍പ് മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ ഇസ്‌റാഈലുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന രാജ്യമാണ് തുര്‍ക്കി. 2010 ല്‍ ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ കമാന്‍ഡോസ് നടത്തിയ അതിര്‍ത്തി ലംഘനവും 10 പേരുടെ കൊലപാതകവും ഉണ്ടായതിനെ തുടര്‍ന്നാണ് ബന്ധം വഷളായത്. ഈ സംഭവത്തെ തുടര്‍ന്ന് തുര്‍ക്കി ഇസ്‌റാഈല്‍ അംബാസഡറെ പുറത്താക്കുകയും സ്വന്തം സംഘത്തെ തിരിച്ചുവിളിക്കുകയും ചെയ്തു.
ഇസ്‌റാഈലില്‍ ഇതുവരെ 9000 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 50 ലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."