പൊന്മുടി ഹൈഡല്‍ ടൂറിസം പദ്ധതി പുനരാരംഭിച്ചു
രാജാക്കാട്: വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ പൊന്മുടി ഹൈഡല്‍ ടൂറിസം പദ്ധതി പുനരാരംഭിച്ചു.
ആദ്യപടിയായി രണ്ടു മാസത്തോളമായി മുടങ്ങി കിടന്നിരുന്ന പൊന്മുടി ജലാശയത്തിലെ ബോട്ടിങ് തുടങ്ങി.
പൊന്മുടില്‍ ഒരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും നൂറ്കണക്കിനു സ്വദേശീയരും വിദേശീയരുമായ വിനോദ സഞ്ചാരികളാണ് അനുദിനം ഇവിടേയ്ക്ക് എത്തുന്നത്.
ഈ സാഹചര്യം കണക്കിലെടുത്താണു ജനപ്രതിനിധികളുടെ ഇടപെടല്‍ കൊണ്ട് ഹൈഡല്‍ ടൂറിസം വിഭാഗം ഇവിടെ ടൂറിസം പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചത്.
തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെ സ്പീഡ് ബോട്ടുകള്‍ എത്തിച്ച് പരീക്ഷണ യാത്രനടത്തിയതിന് ശേഷം ബോട്ടിംഗ് ആരംഭിക്കുകയായിരുന്നു. പദ്ധതി ഒരുമാസത്തോളം സജീവമായി മുമ്പോട്ട് പോകുകയും ചെയ്തു.
ഇതിന് ശേഷം ജലനിരപ്പ് താഴ്ന്നപ്പോള്‍ ജലാശയത്തിനുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മരക്കുറ്റികള്‍ ബോട്ടിങിന് ഭീഷിണിയാണെന്ന് കാണിച്ച് ചിലര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പാരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ബോട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതിന് വകുപ്പുതല ഉത്തരവിറങ്ങുകയുമായിരുന്നു.
എന്നാല്‍ ഇതിന് ശേഷം ജലാശയത്തില്‍ വെള്ളം കുറഞ്ഞിട്ടും മരക്കുറ്റികള്‍ വെട്ടി നീക്കുന്നതിന് അധികൃതര്‍ തയ്യാറായില്ല.
പൊന്മുടിയിലെ മണല്‍, വനം മാഫിയാകള്‍ക്ക് ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് മരക്കുറ്റികള്‍ വെട്ടി നീക്കാന്‍ തടസമെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനേത്തുടര്‍ന്ന് ഹൈഡല്‍ ടൂറിസം അധികൃതര്‍ വനംവകുപ്പുമായി ചേര്‍ന്ന് മരക്കുറ്റികള്‍ വെട്ടിമാറ്റുകയായിരുന്നു.
സഞ്ചാരികള്‍ക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇവിടേയ്ക്കുള്ള റോഡ് ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും അടിയന്തരി നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."