മഞ്ഞപ്പൂക്കളുടെ കാലം
താമസിക്കാന്‍ ആളില്ലാതായ വീടുകള്‍ പ്രണയനഷ്ടം സംഭവിച്ച മനുഷ്യരെപ്പോലെയാണ്. നിറയെ ഒച്ചയും ബഹളവുമുണ്ടായിരുന്ന ഒരിടം പെട്ടെന്നു ശൂന്യമാകും. തമാശകളും പിണക്കങ്ങളും ചേര്‍ത്ത് പല വിഭവങ്ങള്‍ ഒരുക്കിയ അടുക്കളയില്‍ ഇരുട്ടുപടരും. ഉത്സാഹം നഷ്ടപ്പെട്ടതിനാല്‍ വെട്ടിയൊതുക്കാത്ത താടിരോമങ്ങള്‍പോലെ, ചുറ്റും കാടുവളരും. മുഖത്തേക്കു നിരാശയുടെ കരുവാളിപ്പു വരുന്നതുപോലെ, ഭിത്തികളില്‍ പായല്‍ പടരും. പോകെപ്പോകെ ഏകാകിയായ വീട്, ആരും സ്‌നേഹിക്കാനില്ലാത്ത മനുഷ്യനെപ്പോലെ പെട്ടെന്നു വാര്‍ദ്ധക്യത്തിലെത്തും. നാട്ടിലെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ ആളനക്കമില്ലാത്ത വീടുകള്‍ കാണുമ്പോഴാണ് ഞാനിങ്ങനെയൊക്കെ ചിന്തിക്കാറുള്ളത്.
ഞങ്ങളുടെ അടുത്ത് ഇതുപോലൊരു വീടുണ്ടായിരുന്നു. ഉടമസ്ഥരൊക്കെ വിദേശത്താണ്. നാട്ടിലുള്ള ബന്ധുവാണ് ചുറ്റുപാടും വൃത്തിയാക്കുന്നതും വൈദ്യുതി ബില്ല് അടയ്ക്കുന്നതുമൊക്കെ. വലിയ നിലയില്‍ കെട്ടിപ്പൊക്കിയിട്ടും ആരും വന്നു താമസിക്കാത്ത വീട്ടിലേക്കു നോക്കി നെടുവീര്‍പ്പിടുന്ന കാലത്താണ് വീട്ടുമുറ്റത്തെ കണിക്കൊന്ന പൂത്തത്. ഒന്നാം നിലയോളം ഉയരമുണ്ടായിരുന്നു, പൂത്തുലഞ്ഞ കണിക്കൊന്ന, ഏകാകിയായ ആ വീടിനെ മനോഹരമായ കാഴ്ചയാക്കി മാറ്റി. പച്ചപിടിച്ച മുറ്റത്തു മഞ്ഞപ്പൂക്കള്‍ വീണുകിടന്നു. വൈകുന്നേരത്തെ ഇളം വെയില്‍ ജനാലച്ചില്ലകളില്‍തട്ടി പ്രതിഫലിച്ചപ്പോള്‍ പൂക്കള്‍ സ്വര്‍ണനിറത്തില്‍ തിളങ്ങി.
നാട്ടില്‍ രണ്ട് ദിവസങ്ങളിലാണ്, സ്ഥിരമായി പടക്കം പൊട്ടാറുള്ളത്. ഒന്ന് വിഷുവിന്. രണ്ട് വണക്കമാസത്തിന്. വിഷുത്തലേന്നു മുതല്‍ ഒച്ച കേള്‍ക്കാം. കൈ പൊള്ളുന്ന ഏര്‍പ്പാടായതുകൊണ്ട്, വീട്ടില്‍ വീട്ടില്‍ വിഷുപ്പടക്കം വാങ്ങാറുണ്ടായിരുന്നില്ല. ഒരിക്കല്‍മാത്രം അനിയന്‍ ബഹളംവെച്ചപ്പോള്‍ പൂത്തിരിയും ചക്രവും വാങ്ങിയിട്ടുണ്ട്. അന്നു ഞങ്ങളുടെ വീട്ടുമുറ്റത്തും വെട്ടംകത്തി. നാടുവിട്ട്, കോട്ടയത്തും മലപ്പുറത്തും കോഴിക്കോടും താമസിച്ച കാലത്തെല്ലാം വിഷു നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഏറെക്കാലത്തിനുശേഷം വിഷുവിന് നാട്ടിലുണ്ട്. പക്ഷേ, വീട്ടില്‍നിന്നു പുറത്തിറങ്ങാനാകുന്നില്ലെന്നു മാത്രം.
ലോകം മുഴുവന്‍ മുറിയടച്ചിരിക്കുന്ന ദിവസങ്ങള്‍. പുറത്തെങ്ങും പോകാനാകുന്നില്ല. സുഹൃത്തുക്കളെയൊന്നും കാണാനാവുന്നില്ല. വൈകിയെഴുന്നേല്‍ക്കുന്ന ദിവസങ്ങള്‍. വിരസമായ വൈകുന്നേരങ്ങള്‍. നോമ്പുകാലവും പെസഹായും ദുഃഖവെള്ളിയും അങ്ങനെ കടന്നുപോയി. ഈസ്റ്റര്‍ വന്നു. എവിടെയും ആഘോഷങ്ങളൊന്നുമില്ല. ഇപ്പോള്‍ മനോഹരമായ ഇന്നലകളെയും പ്രതീക്ഷാനിര്‍ഭരമായ നാളെകളെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങളുമായി വിഷുവും വരുന്നു. ആരവങ്ങളില്ലാതെ ഇക്കൊല്ലത്തെ വിഷു കടന്നുപോകും. കണി വെച്ചും കൈനീട്ടം കൊടുത്തും-വാങ്ങിയും പുതുക്കോടിയുടുത്തും സദ്യയുണ്ടും ആസ്വദിച്ചിരുന്ന ദിവസം ഇപ്രാവശ്യമില്ല.
സാരമില്ല. നമുക്കു മുന്നിലുള്ളത് ലോകത്തെ മുഴുവന്‍ തരിപ്പണമാക്കാന്‍ കെല്‍പ്പുള്ള മഹാമാരിയാണ്. നമ്മള്‍ അതിനെതിരേയുള്ള കടുത്ത പോരാട്ടത്തിലാണ്. ചെറിയൊരു പിഴവുപോലും വലിയ വിപത്തു വിളിച്ചുവരുത്തിയേക്കാം. അതുകൊണ്ട് തല്‍ക്കാലം ആഘോഷങ്ങള്‍ മാറ്റിവയ്ക്കാം. മനസിലെ നന്മകള്‍ കൈനീട്ടമായി നല്‍കാം. നല്ല ഓര്‍മകളെ കണിയായി കരുതാം. മഹാമാരിയുടെ ഇരുണ്ട ദിവസങ്ങള്‍ക്കുശേഷം ഒരുനാള്‍ ഈ ദിവസം നമുക്കു പുനഃസൃഷ്ടിക്കാം.
മറ്റൊരു വിഷുക്കാലമായപ്പോള്‍, ഞങ്ങളുടെ നാട്ടിലെ വീട്ടില്‍ ഉടമസ്ഥര്‍ താമസിക്കാനെത്തി. അവധിക്കു നാട്ടില്‍വന്ന ദിവസങ്ങളിലൊന്നില്‍ അതുവഴി നടന്നുപോയപ്പോള്‍ വീട്ടുമുറ്റത്തേക്കു നോക്കി ഞാന്‍ ഒരു നിമിഷം നിന്നു. കണിക്കൊന്ന വെട്ടിക്കളഞ്ഞിരിക്കുന്നു. ചതഞ്ഞ മഞ്ഞപ്പൂക്കള്‍ മുറ്റത്തു ചിതറിക്കിടപ്പുണ്ടായിരുന്നു. എന്തോ, എനിക്കു ചെറുതല്ലാത്ത സങ്കടംതോന്നി.
പിന്നീട് ആ വീടു കണ്ടപ്പോഴെല്ലാം എനിക്കു നിരാശതോന്നി. പിന്നീടൊരിക്കലും അവിടെ പോക്കുവെയില്‍ സ്വര്‍ണനിറത്തില്‍ തിളങ്ങിയിട്ടുണ്ടാവില്ല. കിളികള്‍ കലപിലയുമായി വന്നിരുന്നിട്ടുണ്ടാവില്ല. മുറ്റത്ത് മഞ്ഞപ്പൂക്കളുടെ വസന്തം വിരിഞ്ഞിട്ടുമുണ്ടാവില്ല. ആ വീടിന്റെ ഭംഗി കണിക്കൊന്നയായിരുന്നു. അതു വെട്ടിമാറ്റിയതോടെ, വെറും കല്‍ക്കെട്ടിടമായി അതു മാറി.
വിഷുക്കാലത്തിന്റെ വരവറിയിച്ചുകൊണ്ടു കണിക്കൊന്നകള്‍ പൂത്തുതുടങ്ങുമ്പോള്‍ നമ്മുടെയുള്ളിലും ഒരു വസന്തം തുടങ്ങുകയാണ്. അപ്പോള്‍ പ്രണയിക്കുന്ന മനുഷ്യരെപ്പോലെ നമ്മളും ആളനക്കമുള്ള വീടുകളായി മാറുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."