കരുതിയിരിക്കാന്‍ ഓര്‍മപ്പെടുത്തി ബെല്‍ജിയം
കളിയുടെ സമസ്ത മേഖലയിലും മികച്ച താരങ്ങളുമായി എത്തുന്ന ബെല്‍ജിയമാണ് ഈ ലോകകപ്പിലെ ഏറ്റവും അപകടകാരികളായ സംഘം. ബെല്‍ജിയത്തിന്റെ സുവര്‍ണ സംഘമെന്ന് നിലവിലെ ടീമിനെ വിശേഷിപ്പിക്കാം. യൂറോപ്പിലെ മികച്ച ടീമുകളുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരങ്ങളാണ് ബെല്‍ജിയത്തെ വൈവിധ്യമുള്ള ടീമാക്കി മാറ്റുന്നത്. ലോകകപ്പിന്റെ സാധ്യതാ പട്ടികയിലൊന്നും ആരും അവരെ ഉള്‍പ്പെടുത്തിയിട്ടില്ല. പക്ഷേ കരുതലോടെയല്ലാതെ ബെല്‍ജിയത്തിനെതിരേ എതിര്‍ ടീം കളിക്കാനിറങ്ങില്ലെന്ന് ഉറപ്പ്.
യുവത്വമാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്. ഈ സീസണില്‍ റോമയെ ചാംപ്യന്‍സ് ലീഗിന്റെ സെമി വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മധ്യനിര താരം റഡ്ജ നൈന്‍ഗോളന് ഇടമില്ലാത്ത ടീം എന്ന് പറയുമ്പോള്‍ തന്നെ ആലോചിക്കാം അവരുടെ പക്കലുള്ള ആയുധങ്ങളുടെ മൂര്‍ച്ച.
വല കാക്കുന്നത് ചെല്‍സിയുടെ വിശ്വസ്തന്‍ തിബോട്ട് കുര്‍ട്ടോയിസ്. പ്രതിരോധത്തില്‍ വിന്‍സന്റ് കോംപനി, തോമസ് വെര്‍മിലന്‍, യാന്‍ വെര്‍ടോന്‍ഗന്‍ തുടങ്ങിയവര്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തില്‍ അവര്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നവരില്‍ ഓരാളാണ് കെവിന്‍ ഡി ബ്രുയ്ന്‍. മധ്യനിരയില്‍ താരത്തിന്റെ സാന്നിധ്യമാണ് ബെല്‍ജിയത്തിന്റെ കരുത്തില്‍ മുഖ്യം. ഒപ്പം ഹെഡ്ഡറിലൂടെ ഗോള്‍ നേടി കളിയുടെ ഗതി തന്നെ തിരിക്കാന്‍ കെല്‍പ്പുള്ള മൗരന്‍ ഫെല്ലയ്‌നി, അദ്‌നാന്‍ ജനുസജ്, മൗസ ഡെംബെലെ എന്നിവരും. ഈ ലോകകപ്പില്‍ തിളങ്ങാന്‍ കാത്ത് നില്‍ക്കുന്ന ഒരു യുവ താരവും അവരുടെ സംഘത്തിലുണ്ട്. മൊണാക്കോയുടെ 21 കാരനായ യുരി ടെലിമെന്‍സ്. മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ ഈദന്‍ ഹസാദും റൊമേലു ലുകാകുവുമാണ് എതിര്‍ ടീമിന് വെല്ലുവിളി സൃഷ്ടിക്കാനൊരുങ്ങുന്നത്.
സ്പാനിഷ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. 2013 മുതല്‍ 16 വരെ എവര്‍ട്ടന്റെ കോച്ചായിരുന്ന മാര്‍ട്ടിനെസ് അവിടെ നിന്നാണ് ബെല്‍ജിയത്തിന്റെ പരിശീലക സ്ഥാനമേറ്റെടുത്തത്. ടീമിനെ ഒറ്റക്കെട്ടായി പൊരുതുന്ന സംഘമാക്കി മാറ്റുന്നതില്‍ പരിശീലകന്‍ ഏറെക്കുറേ വിജയിച്ചിട്ടുണ്ട്.
12ാം ലോകകപ്പിനാണ് ബെല്‍ജിയം എത്തുന്നത്. 1986ല്‍ നേടിയ നാലാം സ്ഥാനമാണ് മികച്ച നേട്ടം. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയതും മികച്ച പ്രകടനമാണ്. ഇക്കഴിഞ്ഞ യൂറോ കപ്പിലും അവര്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറി.
ഇത്തവണത്തെ ലോക പോരില്‍ ഗ്രൂപ്പ് ജിയിലാണ് ബെല്‍ജിയം. മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്, പാനമ, ടുണീഷ്യ ടീമുകളാണ് എതിരാളികള്‍. ഒറ്റ നോട്ടത്തില്‍ ഇംഗ്ലണ്ട്- ബെല്‍ജിയം പോരാട്ടത്തിലെ വിജയികള്‍ ഗ്രൂപ്പ് ചാംപ്യന്‍മാരാകുമെന്ന് പറയാം. ബെല്‍ജിയം സംഘത്തിലെ പ്രധാന താരങ്ങളില്‍ പലരും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തന്നെ കളിക്കുന്നതിനാല്‍ ഇംഗ്ലണ്ട് ടീമിന്റെ തന്ത്രങ്ങള്‍ ഏറെക്കുറേ അവര്‍ക്ക് സുപരിചിതമാകാന്‍ സാധ്യതയുണ്ട്. ഒപ്പം ഇംഗ്ലീഷ് താരങ്ങളുടെ പ്രകടനത്തെ അടുത്തറിയുന്ന കോച്ചിന്റെ സാന്നിധ്യം കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും. ജൂണ്‍ 28ന് അരങ്ങേറുന്ന ഇംഗ്ലണ്ട്- ബെല്‍ജിയം പോരാട്ടം അതുകൊണ്ട് തന്നെ ശ്രദ്ധേയമാകുമെന്ന് ഉറപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."