മരണമുഖത്തും പതറാതെ ഇവര്‍ കൂടെയുണ്ടായിരുന്നു: നിപായെ ഭയക്കാതെ മെഡിക്കല്‍ കോളജിലെ സന്നദ്ധ പ്രവര്‍ത്തകര്‍
ചേവായൂര്‍: നിപാ വൈറസ് സംസ്ഥാനത്തെയാകെ ഭീതിയില്‍ നിര്‍ത്തിയപ്പോഴും ഭയന്നു പിന്മാറാതെ രോഗികളെ പരിചരിച്ച് മെഡിക്കല്‍ കോളജിലെ സന്നദ്ധ പ്രവര്‍ത്തകര്‍ നാടിന് മാതൃകയായി. വൈറസ് ഭീതി മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ഒരു മാസ്‌ക് മാത്രം ധരിച്ച് വിവിധ സംഘടനകളുടെ വളണ്ടിയര്‍മാര്‍ പനിബാധിതരെ പരിചരിച്ചത്.
അത്യാഹിത വിഭാഗത്തിലേക്ക് ഗുരുതരമായ പനിബാധിച്ച് കൊണ്ടുവരുന്ന രോഗികളെ കണ്ട് പലരും അകന്നു നിന്നപ്പോള്‍ കൂടെനിന്ന് ശുശ്രൂഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സഹായികളായത് ഇവരായിരുന്നു.
സി.എച്ച് സെന്റര്‍ വളണ്ടിയര്‍മാരായ കാരന്തൂര്‍ വെള്ളാരം കുന്നുമ്മല്‍ സലീം, പൂവാട്ടുപറമ്പ് സ്വദേശി വി.പി മൊയ്തീന്‍, ഗഫൂര്‍ ചീക്കോട്, ഗഫൂര്‍ കുന്ദമംഗലം എന്നിവര്‍ക്കൊപ്പം സഹായിയുടെ ആഷിഖ് കൊയിലാണ്ടി, സാദിഖ് കുന്ദമംഗലം, ബീരാന്‍ ഹാജി, ഇ.എം.എസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അമീര്‍ കുറ്റിക്കാട്ടൂര്‍, സേവാ ഭാരതിയുടെ ബൈജു കീലാട്ട് എന്നിവരാണ് മരണമുഖത്ത് സഹജീവികള്‍ക്കു വേണ്ടി സേവനരംഗത്ത് ഉറച്ചുനിന്നത്. മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ വിവിധ സംഘടനകളുടെ നൂറുകണക്കിന് വളണ്ടിയര്‍മാരാണ് എത്താറുള്ളത്. എന്നാല്‍ മരണം വിതക്കുന്ന വൈറസ് ബാധിതര്‍ ആശുപത്രിയില്‍ എത്തുന്നുവെന്ന് അറിഞ്ഞതോടെ പലരും പിന്മാറുകയായിരുന്നു. കാരന്തൂര്‍ സ്വദേശി സലീം അത്യാഹിത വിഭാഗത്തിലെത്തുന്ന അശരണര്‍ക്ക് മറക്കാനാകാത്ത മുഖമാണ്. വര്‍ഷങ്ങളായി സേവനരംഗത്തുള്ള സലീമിന്റെ സേവനം ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഏറെ സഹായകമാണ്.
നിപാരോഗികള്‍ ആശുപത്രിയില്‍ എത്തിത്തുടങ്ങിയതോടെ രാവിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന സലീം രാത്രി വൈകിയാണ് മടങ്ങുന്നത്.
രോഗികള്‍ക്കാവശ്യമായ വാട്ടര്‍ ബെഡ്ഡുകളടക്കം നിരവധി ഉപകരണങ്ങള്‍ സ്വന്തമായുള്ള സലീം ആവശ്യമുള്ളപ്പോള്‍ തികച്ചും സൗജന്യമായി രോഗികള്‍ക്കെത്തിച്ച് കൊടുക്കുന്നു. വി.പി മൊയ്തീന്‍, ആഷിക് കൊയിലാണ്ടി എന്നിവരും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ആശുപത്രിയിലെ നിത്യസാന്നിധ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."