മിനി വെന്റിലേറ്റര്‍ മാതൃകകളുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: കൊവിഡ് ബാധിതര്‍ക്ക് ആശ്വാസമേകാന്‍ മിനി വെന്റിലേറ്റര്‍ മാതൃകകളുമായി സാങ്കേതിക സര്‍വകലാശാലക്ക് കീഴിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. സ്ഥിരം വെന്റിലേറ്റര്‍ ലഭ്യമാകുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന പോര്‍ട്ടബിള്‍ ശ്വസന സഹായികളാണ് വിദ്യാര്‍ഥികള്‍ കോളജുകളിലെ ഫാബ് ലാബുകളില്‍ വികസിപ്പിച്ചെടുത്തത്. ശ്വാസതടസവുമായി എത്തുന്ന രോഗികള്‍ക്ക് അടിയന്തരമായി പ്രാണവായു നല്‍കാന്‍ ഇതിലൂടെ കഴിയും. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധര്‍ നിര്‍ദേശിച്ച ശ്വസനപ്രക്രിയ മാനദണ്ഡങ്ങള്‍ പ്രകാരമാണ് മാതൃകകള്‍ നിര്‍മിച്ചത്. രോഗിക്കൊപ്പം കൊണ്ടുപോകാവുന്ന ശ്വസന സംവിധാനത്തിന്റെ മികച്ച മാതൃകകള്‍ക്കായി സര്‍വകലാശാല കൊവിഡ് സെല്‍ സംഘടിപ്പിച്ച മത്സരത്തില്‍ 34 കോളജുകള്‍ പങ്കെടുത്തു.
കണ്ണൂര്‍ വിമല്‍ജ്യോതി എന്‍ജിനിയറിങ് കോളജ്, പാലാ സെന്റ് ജോസഫ് എന്‍ജിനിയറിങ് കോളജ്, കൊല്ലം ടി.കെ.എം എന്‍ജിനിയറിങ് കോളജ്, തൃക്കാക്കര മോഡല്‍ എന്‍ജിനിയറിങ് കോളജ്, തൃശൂര്‍ മംഗളം എന്‍ജിനിയറിങ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് മികച്ച മോഡലുകളുണ്ടാക്കി മുന്നിലെത്തിയത്. ഈ അഞ്ച് കോളജുകള്‍ക്കും സര്‍വകലാശാല ഗവേഷണ വികസന വകുപ്പില്‍ നിന്ന് 20,000 രൂപ വീതം നല്‍കുമെന്ന് ഗവേഷക വിഭാഗം ഡീന്‍ ഡോ. വൃന്ദാ വി. നായര്‍ അറിയിച്ചു.
അതാതു ജില്ലകളിലെ കൊവിഡ് ആശുപത്രികളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ അനുമതിയോടെ ഈ കോളജുകള്‍ ശ്വസന സംവിധാന മാതൃകകള്‍ സ്ഥാപിക്കും. ശ്രീചിത്രയിലെ ശാസ്ത്രജ്ഞനായ ഡോ. സി.വി മുരളീധരന്‍, ഡോ. ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മികച്ച മാതൃകകള്‍ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."