മഅ്ദനി ഇന്നു ജന്മദേശമായ മൈനാഗപ്പള്ളിയില്‍ എത്തും
കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ഇന്നു ജന്മദേശമായ മൈനാഗപ്പള്ളിയില്‍ എത്തും. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന മഅ്ദനിക്ക് അസുഖബാധിതയായ മാതാവിനെ സന്ദര്‍ശിക്കുന്നതിന് സുപ്രിംകോടതി നല്‍കിയ എട്ടുദിവസത്തെ ജാമ്യ ഇളവിനെ തുടര്‍ന്നാണ് നാട്ടിലെത്തുന്നത്.
കഴിഞ്ഞ രണ്ടുതവണ ജാമ്യംനേടി നാട്ടിലെത്തിയിരുന്നെങ്കിലും നോമ്പു കാലയളവില്‍ നാട്ടിലെത്തുന്നത് ആദ്യമാണ്. മുമ്പു രണ്ടു തവണയും മഅ്ദനിക്ക് മാധ്യമങ്ങളെ കാണുന്നതിനും മറ്റും കര്‍ശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇക്കുറി അത്ര കടുത്ത നിര്‍ദേശങ്ങളൊന്നും ഇല്ലെന്നാണ് അറിയുന്നത്.
മഅ്ദനിക്കു ജാമ്യം ലഭിച്ചതറിഞ്ഞു ജന്മനാടായ മൈനാഗപ്പള്ളി ഐ.സി.എസ് തോട്ടുവാല്‍ മന്‍സിലില്‍ വന്‍ ഒരുക്കങ്ങളാണു നടത്തുന്നത്. മഅ്ദനിക്കായി അദ്ദേഹം തന്നെ പടുത്തുയര്‍ത്തിയ യത്തീംഖാനയില്‍ പ്രത്യക പ്രാര്‍ഥനയും സംഘടിപ്പിച്ചിട്ടുണ്ട്. 2013 ല്‍ അസുഖബാധിതനായ പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ കാണുന്നതിനും 2015 ല്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായി ചികിത്സയിലായിരുന്ന മാതാവ് അസ്മാബീവിയെ കാണുന്നതിനും മഅ്ദനിക്കു ജാമ്യം ലഭിച്ചിരുന്നു.
അസുഖബാധിതനായ മഅ്ദനിക്ക് തോട്ടുവാല്‍ വീട്ടില്‍ താമസിക്കുന്നതിന് അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ യത്തീം ഖാനയില്‍തന്നെയാകും ഇക്കുറിയും താമസിക്കുക. ജാമ്യകാലയളവില്‍ ചികിത്സ നടത്തുന്നതിനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."