ഫറോക്കില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി
ഫറോക്ക്: ശക്തമായ കടല്‍ക്ഷോഭത്തില്‍പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മൂന്നുപേര്‍ നീന്തിരക്ഷപ്പെടുകയും മൂന്നുപേരെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തുകയും ചെയ്തു.
കന്യാകുമാരി സ്വദേശികളായ ശംഖുവിളകം ജിവിന് (21), നാരോട് ഗീതന്‍ (21), തിരുവനന്തപുരം ബാലരാമപുരം സ്വദേശി അമ്പലത്തുമൂല സില്‍വദാസ് (48) എന്നിവരാണ് നീന്തിരക്ഷപ്പെട്ടത്.
തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ ന്യൂ ഫിഷ്മാന്‍ കോളനിയില്‍ തദയൂസ് രാജ് (43), ശെല്‍വരാജ് (39), വലവീശുങ്കാണി ജസ്റ്റിന് (39) എന്നിവരെയാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തിയത്. ബേപ്പൂരില്‍ നിന്നു കഴിഞ്ഞ ഞായറാഴ്ച മത്സ്യബന്ധനത്തിനു പോയ തദയൂസ് രാജിന്റെ ഉടമസ്ഥതയിലുള്ള സെന്റ് മാത്യൂസ് എന്ന വള്ളമാണ് ഇന്നലെ വൈകിട്ടു നാലോടെ അപകടത്തില്‍പെട്ടത്.
കടലുണ്ടിയില്‍ നിന്നു 4 ഫാതം അകലെ കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്നു വള്ളത്തിന്റെ എന്ജിന് തകരാറിലാവുകയായിരുന്നു. തുടര്‍ന്ന് ശക്തമായ കാറ്റില്‍പെട്ട് തോണി മറിയുകയും മൂന്നു പേര് കടലിലേക്ക് ചാടി നീന്തി കടക്കുബസാറില് കയറുകയുമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ അപകടത്തില്പെട്ടുവെന്ന വിവരത്തെ തുടര്‍ന്നു ബേപ്പൂരില്‍ നിന്നു മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ രക്ഷാബോട്ടാണ് മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തി ബേപ്പൂരിലെത്തിച്ചത്. കടല്‍ക്ഷോഭം ശക്തമായതിനാല്‍ വള്ളം കെട്ടിവലിച്ചു കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ കടലില്‍ ആങ്കറിട്ട് നിര്‍ത്തിയിരിക്കുകയാണ്.
രക്ഷപ്പെടുത്തിയ മൂന്നുപേര്‍ക്ക് പരുക്കുകളൊന്നുമില്ലാത്തതിനാല്‍ ഇവരെ സുഹൃത്തുക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. നീന്തിക്കയറിയവരെ കോസ്റ്റല്‍ പൊലിസ് വാഹനത്തില്‍ ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഒരാള്‍ക്ക് പനിയുള്ളതിനാല്‍ ഒബ്സര്‍വേഷനില്‍ നിര്‍ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."