എം.പി ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണമെന്ന് ജില്ലാ കലക്ടര്‍
ആലപ്പുഴ: ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ പട്ടികജാതിക്കാര്‍ക്കായി നിര്‍മിച്ച കമ്യൂണിറ്റി ഹാളിനു മുന്നില്‍ കക്കൂസ് നിര്‍മിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. എം.പി ഫണ്ടു പ്രകാരം നിര്‍ദേശിച്ച ഹാളിന്റെ നിര്‍മാണത്തിന്റെ ഒരുഘട്ടത്തിലും താനുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും അഞ്ചുമാസം മുന്‍പേ ജില്ലാ പ്ലാനിങ് ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചക്കകം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ജില്ല കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു. പ്ലാനിങ് ഓഫിസ് ഹാളില്‍ നടന്ന എം.പി ഫണ്ട് അവലോകനയോഗത്തിലാണ് ഇക്കാര്യം എം.പി തന്നെ അറിയിച്ചത്. ഇതില്‍ രമ്യമായ പരിഹാരമില്ലെങ്കെില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ എം.പി ഫണ്ട് വിനിയോഗം സംബന്ധിച്ച എല്ലാ പ്രവര്‍ത്തനവും താന്‍ നേരിട്ട് അവലോകനം ചെയ്യുമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.പ്രവൃത്തികള്‍ പെട്ടെന്നു തന്നെ തീര്‍ക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നല്ല ശ്രമം ഉണ്ടാകണം. ഉദ്യോഗസ്ഥര്‍ക്ക് ഫണ്ട് വിനിയോഗത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് തന്റെ ശ്രദ്ധയില്‍പെടുത്താവുന്നതാണെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.
2014 മുതല്‍ ഈ സാമ്പത്തികവര്‍ഷം വരെയായി 317 പ്രവൃത്തികളാണ് ഫണ്ടില്‍ നിര്‍ദേശിച്ചത്. 2777 ലക്ഷത്തിന്റെ 245 പ്രവൃത്തികള്‍ക്ക് അനുമതിയായി. ഇതില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെയായി 175 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 1418.89 ലക്ഷം രൂപയുടെ പ്രവൃത്തികളാണിവ. ഈ സാമ്പത്തികവര്‍ഷം 71 പദ്ധതികളാണ് എം.പി.ഫണ്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എം.പി ഫണ്ട് വിനിയോഗത്തില്‍ ജില്ല കലക്ടറുടെ സഹകരണവും ഇടപെടലും ഉണ്ടാകണമെന്ന് എം.പി പറഞ്ഞു. ജില്ല പ്ലാനിങ് ഓഫിസര്‍ കെ.എസ് ലതി, വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."