പള്ളിപ്പുറം ദേശീയ ഊര്‍ജ പരിശീലന കേന്ദ്രത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി
പൂച്ചാക്കല്‍: പള്ളിപ്പുറത്ത് സ്ഥാപിക്കുന്ന ദേശീയ ഊര്‍ജ പരിശീലന കേന്ദ്രത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ക്ലാസുകള്‍ ഡിസംബറോടെ ആരംഭിക്കും. ദേശീയ ഊര്‍ജ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പള്ളിപ്പുറം വ്യവസായ വികസന മേഖലയിലാണ് സംസ്ഥാനത്തെ ആദ്യ ദേശീയ നിലവാരമുള്ള ഊര്‍ജ പരിശീലന കേന്ദ്രം വരുന്നത്. 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇന്‍സിസ്റ്റ്യൂട്ട് കെട്ടിടമാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തികരിച്ചത്.
ലാബോറട്ടറികള്‍, വര്‍ക്ക് ഷോപ്പ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് കെട്ടിടം. വനിതാ ഹോസ്റ്റലിന്റെ നിര്‍മാണവും പൂര്‍ത്തിയാകാറായി. പുരുഷ ഹോസ്റ്റല്‍, ഓഡിറ്റോറിയം, ഗസ്റ്റ് ഹൗസ്, കോണ്‍ഫറന്‍സ് ഹാള്‍, ജീവനക്കാര്‍ക്കുള്ള താമസസ്ഥലം, കാന്റീന്‍ തുടങ്ങിയവയുടെ നിര്‍മാണവും സമീപത്തായി പുരോഗമിക്കുകയാണ്. ആകെ 10 കെട്ടിടങ്ങള്‍ ഇവിടെയുണ്ടാകും.
വന്‍ തൊഴിലവസരങ്ങളുളള ഊര്‍ജ എന്‍ജിനീയറിങ് -ഊര്‍ജ മാനേജ്‌മെന്റ് രംഗത്തെ ഡിപ്ലോമ, ബിരുദം, ബിരുദാനന്തരം ഉള്‍പ്പെടെ 13 കോഴ്‌സുകളാണ് ഇവിടെ പഠിപ്പിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും ഇവിടെയെത്തും. കെ.സി വേണുഗോപാല്‍ എം.പി കേന്ദ്ര ഊര്‍ജ സഹമന്ത്രിയായിരുന്നപ്പോഴാണ് പദ്ധതി ഇവിടേക്ക് കൊണ്ടുവന്നത്. രാജ്യത്ത് ആദ്യമായാണ് ഗ്രാമപ്രദേശത്ത് ഇങ്ങനെയൊരു കേന്ദ്രം വരുന്നത്.
മറ്റ് ഒന്‍പത് കേന്ദ്രങ്ങളും ഹൈടെക് സിറ്റികളിലാണ് സ്ഥിതിചെയ്യുന്നത്. പള്ളിപ്പുറത്തെ ദേശീയ ഊര്‍ജപരിശീലന കേന്ദ്രം നിര്‍മാണം സംബന്ധിച്ചു കെ.സി. വേണുഗോപാല്‍ എം.പി, പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ. ആര്‍.കെ.പാണ്ഡെയുമായി ചര്‍ച്ച നടത്തി. കെട്ടിട നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാകുന്നെന്നും ഡിസംബറില്‍ ക്ലാസുകള്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
82 കോടി രൂപ ചെലവ് പ്രതീക്ഷിച്ചു തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ 87 കോടി രൂപയായിട്ടുണ്ട്. 34 ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
സ്ഥാപനത്തിനു ചുറ്റുമുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 50 ലക്ഷം രൂപയുടെ പദ്ധതിയും അനുവദിച്ചിട്ടുണ്ടെന്നും കെ.സി. വേണുഗോപാലിനെ ഊര്‍ജപരിശീലന കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."