ജില്ലയില്‍ നിപാ വൈറസ് ബാധയില്ല: ഡെങ്കിപ്പനിക്കെതിരേ ജാഗ്രതാ നിര്‍ദേശം
ആലപ്പുഴ: ജില്ലയില്‍ നിപ്പാ വൈറസ് ബാധ ഇല്ലെന്നും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ക്കെതിരേ ശക്തമായ ജാഗ്രത ആരോഗ്യവകുപ്പ് പുലര്‍ത്തിവരികയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ഡി. വസന്തദാസ് പകര്‍ച്ചവ്യാധി പ്രതിരോധ യോഗത്തില്‍ പറഞ്ഞു.
നിപാ വൈറസ് ബാധ ജില്ലയില്‍ ഉണ്ടായി എന്ന രീതിയിലുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ആളുകളില്‍ വേണ്ടാത്ത ആശങ്കകള്‍ സൃഷ്ടിക്കും. തലച്ചോറിലേക്ക് രോഗലക്ഷണം പൂര്‍ണമായി വ്യാപിച്ചാല്‍ മാത്രമേ നിപാ വൈറസ് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. നിപാ വൈറസ് ബാധ രൂപപ്പെട്ട സ്ഥലത്ത് തന്നെ അവസാനിക്കുന്നതാണ് പൂര്‍വകാല ചരിത്രം എന്നും ഡി.എം.ഒ പറഞ്ഞു.
നിലവില്‍ ആലപ്പുഴയില്‍ ആര്‍ക്കും നിപാ രോഗലക്ഷണങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് തുടക്കത്തില്‍ത്തന്നെ രോഗം തിരിച്ചറിയാന്‍ കഴിഞ്ഞതും സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചതും പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
ജില്ലയില്‍ ഡെങ്കിപ്പനിക്കെതിരേ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 130 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഇപ്പോള്‍ 25 ല്‍ താഴെ കേസുകള്‍ മാത്രമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍ നന്നായി നടന്നയിടങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന വസ്തുതയും ശ്രദ്ധിക്കേണ്ടതാണ്.
കൊതുകിന്റെ ഉറവിട നശീകരണം ആണ് ഡെങ്കിപ്പനി നിയന്ത്രണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയ്ക്ക് കാരണമായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കുറയ്‌ക്കേണ്ടതുണ്ട്.
അതിന് ഡ്രൈഡേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവര്‍ത്തകരും സമൂഹവും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 50 വീടിനു രണ്ടു വളണ്ടിയേഴ്‌സ് എന്ന നിലയില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ശുചീകരണം നടത്തുന്നതാണ് ആരോഗ്യജാഗ്രത പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത് .
ഇതിന് തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കഴിഞ്ഞതവണത്തേതില്‍ നിന്നും നാലിലൊന്ന് കേസുകള്‍ മാത്രമേ ഈ കാലയളവില്‍ ജില്ലയില്‍ ഡെങ്കി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു. എങ്കിലും അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നത്. രണ്ടാംഘട്ട ഡെങ്കിപ്പനി ഗുരുതരമാകാവുന്ന സാധ്യതയുള്ളതിനാലാണ് ഇത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."