ഗസ്സയില്‍ ഇസ്‌റാഈല്‍ വെടിവയ്പ്പ്: നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കെതിരെ വീണ്ടും ഇസ്‌റാഈല്‍ വെടിവയ്പ്പ്. 70 വര്‍ഷം മുന്‍പ് ആട്ടിയോടിക്കപ്പെട്ട തങ്ങളെ മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടു മാസമായി തുടരുന്ന പ്രതിഷേധ പരിപാടിക്കു നേരെയാണ് ഇസ്‌റാഈല്‍ ആക്രമണം. വെള്ളിയാഴ്ച തോറും നടക്കുന്ന പ്രതിഷേധം അടിച്ചമര്‍ത്താന്‍ കടുത്ത ആക്രമണമാണ് ഇസ്‌റാഈല്‍ നടത്തുന്നത്.
ഇന്നലെ നടന്ന വെടിവയ്പ്പില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 600 ല്‍ ഏറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 15 വയസ്സുകാരനുമുണ്ട്.
മുഹമ്മദ് അബദ് അല്‍ബാബ എന്ന ഫോട്ടോഗ്രാഫര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാലിനാണ് വെടികൊണ്ടത്. പ്രസ് മേല്‍ക്കുപ്പായവും ഹെല്‍മെറ്റു ധരിച്ച് 200 മീറ്റര്‍ അകലെയായിരുന്നു ഇദ്ദേഹം. വെടിവയ്പ്പ് കൂടാതെ ഡ്രോണുകളില്‍ നിന്ന് കണ്ണീര്‍വാതകവും പ്രയോഗിക്കുന്നുണ്ട്.
ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍
മാര്‍ച്ച് 30 മുതലാണ് ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്ന പ്രക്ഷോഭ പരിപാടി തുടങ്ങിയത്. 1948ല്‍ ഇസ്‌റാഈല്‍ രാഷ്ട്രം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 7.5 ലക്ഷം അറബികള്‍ ഫലസ്തീനില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടതിന്റെ ഓര്‍മ്മയായാണ് എല്ലാവര്‍ഷവും മെയ് 15ന് നക്ബ ദിനം (മഹാദുരന്ത ദിനം) ആചരിക്കുന്നത്. ഇസ്‌റാഈലികള്‍ കയ്യേറിയ തങ്ങളുടെ വീടും സ്ഥലവും തിരിച്ചുനല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് ഇപ്പോള്‍ ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."