ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം: പൂര്‍ണമായും നടപ്പിലാക്കാന്‍ ഫിഷറീസ് വകുപ്പ്
മട്ടാഞ്ചേരി: അന്‍പത്തി രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരും. ഇതോടെ തീരദേശം വറുതിയിലാകും. മറ്റ് സംസ്ഥാനങ്ങളില്‍ 61 ദിവസമാണ് നിരോധനമെങ്കില്‍ കേരളത്തില്‍ ഈ മണ്‍സൂണില്‍ 52 ആക്കുകയായിരുന്നു. അടുത്ത വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തീരുമാന പ്രകാരം 61 ആക്കുവാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
ട്രോളിങ് നിരോധനം നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ ഫിഷറീസ് ഹാര്‍ബറുകള്‍ നിശ്ചലമാകും. ഇതോടെ ബോട്ടുകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പുറമേ ഹാര്‍ബറുകളില്‍ പണിയെടുക്കുന്ന പതിനായിരങ്ങളാണ് പട്ടിണിയിലാകുക. സംസ്ഥാന സര്‍ക്കാര്‍ മത്സ്യമേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും തീരജനതയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. ഏകദേശം നാലായിരത്തോളം ബോട്ടുകളാണ് സംസ്ഥാനത്ത് മത്സ്യബന്ധനം നടത്തുന്നത്. ഇവയില്‍ ഇതര സംസ്ഥാന ബോട്ടുകളില്‍ ഭൂരിഭാഗവും തീരം വിട്ട് പോയി കഴിഞ്ഞു. മത്സ്യപ്രജനം നടക്കുന്ന സമയമായതിനാലാണ് ഈ സമയത്ത് സംസ്ഥാനത്ത് ട്രോളിങ് നിരോധിക്കുന്നത്.
നിരോധനം 61 ദിവസമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മല്‍സ്യമേഖലയിലെ വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ 52 ആക്കി കുറക്കുകയായിരുന്നു. എന്നാല്‍ നിരോധനം കൊണ്ടുള്ള ഫലം പൂര്‍ണ്ണമായും ലഭിക്കണമെങ്കില്‍ ഇത് 90 ദിവസമാക്കണമെന്നാണ് പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ പറയുന്നത്. മണ്‍സൂണ്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പല സമയങ്ങളിലായാണ് വരുന്നത്. അതുകൊണ്ട് തന്നെ ഒരേരീതിയില്‍ നിരോധനം നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. പീലിംഗ് ഷെഡ് തൊഴിലാളികള്‍, ഐസ് പ്ലാന്റ് തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളും ഇതോടെ വറുതിയിലാകും.
അതേസമയം പരമ്പരാഗത യാനങ്ങള്‍ക്ക് പുറമേ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും നിരോധന കാലയളവില്‍ കേരള തീരത്ത് മത്സ്യബന്ധനം നടത്താം. 1500 ഇന്‍ബോര്‍ഡ് വള്ളങ്ങളും ഏകദേശം മൂവായിരത്തോളം ഔട്ട് ബോര്‍ഡ് വള്ളങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ഈ വിഭാഗത്തിന് കേരള തീരത്തിന്റെ 22 നോട്ടിക്കല്‍ മൈല്‍ വരെ മത്സ്യബന്ധനത്തിന് പോകാം. ബോട്ടുകളെല്ലാം ഹാര്‍ബറുകളില്‍ പ്രവേശിച്ചു കഴിഞ്ഞു. ചില ബോട്ടുകള്‍ അറ്റകുറ്റ പണികള്‍ക്കായി യാര്‍ഡുകളില്‍ കയറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."