അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ റിവോള്‍വിങ് ഫണ്ട്
കൊച്ചി: കേരളത്തില്‍വച്ചു മരണമടയുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതിനായി ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കാന്‍ തൊഴില്‍വകുപ്പ ് തീരുമാനിച്ചു.
കുടിയേറ്റ തൊഴിലാളിക്ഷേമപദ്ധതി മുഖേനയാണ് പണം അനുവദിക്കുക. ക്ഷേമപദ്ധതിയില്‍ അംഗങ്ങളാണെങ്കിലും അല്ലെങ്കിലും പണം അനുവദിക്കും. മരണം സംബന്ധിച്ച പ്രഥമവിവര റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, അസി. ലേബര്‍ ഓഫീസറുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ തുക അനുവദിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)മാരെ ചുമതലപ്പെടുത്തി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
2010 ലെ കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം ജില്ലാ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന തുകയില്‍ നിന്ന് ഇതിനാവശ്യമായ പണം ഉടന്‍ അനുവദിക്കാന്‍ ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അപകടങ്ങളിലും അല്ലാതെയും മരിക്കുന്ന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാരിന്റെ നടപടി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പതിനയ്യായിരം രൂപയുടെ സൗജന്യ ചികിത്സയും മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ അപകട ഇന്‍ഷുറന്‍സും നല്‍കാന്‍ ആവിഷ്‌കരിച്ച ആവാസ് പദ്ധതിയും നിലവിലുണ്ട്.
മെച്ചപ്പെട്ട താമസസൗകര്യം നല്‍കുന്ന അപ്നാഘര്‍ പദ്ധതിയും ഫെസിലിറ്റേഷന്‍ സെന്ററുകളും അതിഥി തൊഴിലാളികള്‍ക്കായി നടപ്പാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."