രോഗം ഭേദമായര്‍ പറയുന്നു, ഡോക്ടറും നഴ്‌സൊന്നും അല്ലേനി, ഞങ്ങള്‍ പെറ്റുവളര്‍ത്തിയ മക്കളെ പോലെയാ തോന്നിയത്.
മലപ്പുറത്തിന് സന്തോഷിക്കാം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച കൊവിഡ് 19ല്‍ നിന്ന് മുക്തി നേടി വീട്ടിലേക്ക് തിരിച്ചത് ആറുപേരാണ്. ഇതില്‍ 60 വയസായ ഫാത്തിമയും ഉള്‍പ്പെടും. ആശുപത്രി വിട്ടെങ്കിലും 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. വീട്ടില്‍ തനിച്ചുള്ള 14 ദിവസം എങ്ങനെ ചിലവഴിക്കും?. ആറു പേരും സുപ്രഭാതത്തോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു...
ഓല്‍ക്കെല്ലാര്‍ക്കും ഞാന്‍ ഉമ്മയായിരുന്നു.. (ഫാത്തിമ 60) (പടം)
ഓല്‍ എല്ലാരും ന്റെ കുട്ട്യോളാ. എല്ലാര്‍ക്കും ഞാന്‍ ഉമ്മയായിരുന്നു. ഡോക്ടറും നഴ്‌സൊന്നും അല്ലേനി. ഞാന്‍ പെറ്റുവളര്‍ത്തിയ മക്കളെ പോലെ തോന്നിയത്. ഓല് ഉമ്മാന്ന് വിളിച്ച് അട്ത്ത്ക്ക് വരുമ്പൊ വീട്ടിലാണ് കെടക്ക്ണതെന്ന് തോന്നും. ഇതൊക്കെ ഒന്ന് മാറട്ടെ ഓലെ എല്ലാരിം വെള്ളേരീത്തെ കുടീക്ക് തക്കയ്രിച്ചണം. ഉംറ ചെയ്തതല്ലെ, പടച്ചോന്റെ അനുഗ്രഹം നല്ലോണംണ്ടായിനി. ആശുപത്രിയില്‍ കെടക്കുമ്പോളൊന്നും ഇതൊരു ബല്യ സൂക്കേടാണെന്ന് മനസിലായില്ല. പനിപ്പം ഇച്ച് സാധാരണണ്ടാക്ന്നതല്ലെ?. പിന്നെ കെതപ്പും എടക്കടക്ക് ഇണ്ടാക്ണതാ. ഇഞ്ഞി 14 ദിവസം ഓല് പറഞ്ഞത് കേട്ട് പൊരേല് കുത്തിയിരിക്കണം. മാര്‍ച്ച് 13നാണ് വെള്ളേരി പൂച്ചക്കണ്ണിയില്‍ ഫാത്തിമക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം ഉംറക്ക് പോയിരുന്ന കുടുംബത്തിലെ അഞ്ചു പേര്‍ക്കും മറ്റു അംഗങ്ങള്‍ക്കും രോഗം ബാധിച്ചിട്ടില്ല.
നേര്‍ച്ചയാക്കിയ ഖുര്‍ആന്‍ ഓതിതീര്‍ക്കാനുണ്ട്.. (മുഹമ്മദ് ബഷീര്‍ 41)
കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഖുര്‍ആന്‍ ഖത്മുകള്‍ ഓതിതീര്‍ക്കാന്‍ നേര്‍ച്ചയാക്കിയിരുന്നു. ഇനി 14 ദിവസം വീട്ടില്‍ തനിച്ച് താമസിക്കുമ്പോള്‍ അതെല്ലാം പൂര്‍ത്തിയാക്കണം. നിര്‍ബന്ധമായ നിസ്‌ക്കാരങ്ങള്‍ക്കൊപ്പം സുന്നത്തുകള്‍ കൂടി വര്‍ധിപ്പിക്കണം. പ്രാര്‍ഥന വിശ്വാസിയുടെ ആയുധമാണല്ലൊ. ഐസൊലേഷന്‍ വാര്‍ഡിലും കൂടുതല്‍ സമയം ഖുര്‍ആന്‍ പാരായണത്തിനാണ് ചിലവഴിച്ചത്. കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ എനിക്ക് വേണ്ടി ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന നടത്തിയിരുന്നു. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പിന്തുണയുമായി കൂടെ നിന്നു. വീട്ടിലെ കാര്യങ്ങള്‍ വരെ അവര്‍ അന്വേഷിച്ചിരുന്നു. എല്ലാവരോടും നന്ദിയുണ്ട്. കഴിഞ്ഞ 29നാണ് ബഷീറിന് രോഗം സ്ഥിരീകരിച്ചത്.
വായിക്കണം, സുഹൃത്തുക്കള്‍ പുസ്തകങ്ങള്‍ എത്തിക്കും (അബ്ദുല്‍ കരീം 33)
ഇനി 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കുകയല്ലെ. ഒത്തിരി വായിക്കണം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളാണ് കൂടുതല്‍ ഇഷ്ടം. ആനുകാലിക ലേഖനങ്ങളും വായിക്കും. ആവശ്യമായ പുസ്തകങ്ങള്‍ കൂട്ടുകാര്‍ എത്തിച്ചു തരാമെന്ന് ഏറ്റിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് മികച്ച പരിചരണമാണ് ലഭിച്ചത്. കുറ്റപ്പെടുത്തലുകളില്ലാതെ നാട്ടുകാരും പൂര്‍ണ പിന്തുണ നല്‍കി. കഴിഞ്ഞ 21നാണ് കരീമിന് രോഗം സ്ഥിരീകരിച്ചത്.
യാത്രാ വിവരങ്ങള്‍ കാണണം.. (മുഹമ്മദ് സഹദ് 24)
22 ദിവസമാണ് ആശുപത്രിയില്‍ കഴിഞ്ഞത്. അന്നൊക്കെ പ്രധാന ഹോബി ഫോണില്‍ യാത്ര വിവരങ്ങള്‍ കാണലായിരുന്നു. യാത്രകള്‍ ഇഷ്ടമാണ്. മറ്റുള്ളവരുടെ യാത്രാ വിശേഷങ്ങള്‍ അറിയാന്‍ അതിലേറെ കൗതുകമാണ്. ഇനി 14 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. കുറച്ച് കൂടി യാത്രകളെ പരിചയപ്പെടണം. ഒത്തിരി നല്ല വിവരണങ്ങള്‍ പങ്കുവയ്ക്കുന്ന യാത്രികരുണ്ട്. അതെല്ലാം കാണണം. മാര്‍ച്ച് 22 നാണ് സഹദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിചരണം സ്വപ്നങ്ങള്‍ക്കും അപ്പുറം.. (ഫാസില്‍ 31)
നമ്മുടെ നാടിനെ കുറിച്ച് കൂടുതല്‍ അഭിമാനം തോന്നിയ ദിവസങ്ങളാണ് കഴിഞ്ഞു പോയത്. ആരോഗ്യരംഗത്ത് നമ്മള്‍ കൈവരിച്ചത് വലിയ പുരോഗതിയാണ്. സ്വപ്നം കാണാവുന്നതിലും അകലെയാണ് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പരിചരണം. ഒരു ദിവസം തിരുവനന്തപുരത്ത് നിന്ന് ആരോഗ്യവകുപ്പില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വന്നു. മാനസികമായി പ്രയാസങ്ങള്‍ നേരിട്ടൊ എന്ന് അന്വേഷിച്ചു. കഴിഞ്ഞ ഒന്നിനാണ് ഫാസിലിനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
വീട്ടുകാരോട് ആശുപത്രി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് (അലിഷാന്‍ സലീം 28)
വീട് പോലെയായിരുന്നു ഐസൊലേഷന്‍ വാര്‍ഡ്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. 14 ദിവസം കൂടി കരുതല്‍ ആവശ്യമായതിനാല്‍ വീട്ടുകാരോട് അടുത്ത് ഇടപഴകാന്‍ വയ്യ. ഞാന്‍ വീടിന്റെ മുകളിലെ നിലയിലെ ബാല്‍ക്കണിയില്‍ ഇരുന്നാണ് അവരോട് സംസാരിക്കുന്നത്. അനുസരണയുള്ള വിദ്യാര്‍ഥികളെ പോലെ മുകളിലേക്ക് നോക്കി അവരെല്ലാം മുറ്റത്തിരുന്നു. വീട്ടില്‍ നിന്ന് കിട്ടിയ സ്‌നേഹം ആശുപത്രിയില്‍ ലഭിച്ചെന്ന് പറഞപ്പോള്‍ വീട്ടുകാര്‍ക്ക് കുശുമ്പ്. അസൂയപ്പെടേണ്ട, നല്ല കുട്ടികളെ എല്ലാവരും സ്‌നേഹിക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഇപ്പോള്‍ ഞാനാണ് വീട്ടിലെ താരം. സ്‌കോട്‌ലന്‍ഡില്‍ എം.ബി.എ വിദ്യാര്‍ഥിയായ അലിഷാന്‍ സലീമിനെ മാര്‍ച്ച് 21നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."