ലോകാരോഗ്യ സംഘടനക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി
വാഷിങ്ടണ്‍: കൊവിഡ് വ്യാപനം ശക്തമാവുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വന്‍ തിരിച്ചടിയാവുകയും ചെയ്യുന്നലസാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തലാക്കി അമേരിക്ക. വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൊവിഡ് വിഷയത്തില്‍ ലോകാരോഗ്യ സംഘടന ചൈനക്കൊപ്പം നിന്നതാണ് ഇതിന് കാരണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ചൈനയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ലോകാരോഗ്യ സംഘടന മറച്ചു വെച്ചെന്നാണ് ആരോപണം.
ചൈനയില്‍ രോഗം സ്ഥിരീകരിച്ചത് ലോകാരോഗ്യ സംഘടന മറച്ചുവെച്ചു. സംഘടന അതിന്റെ കടമ നിര്‍വഹിക്കേണ്ട സമയത്ത് ചൈനയെ കൂടുതല്‍ പിന്തുണച്ചത് ശരിയല്ല. കൃത്യമായ വിലയിരുത്തലിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ധനസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു.
ചൈനയെ ലോകാരോഗ്യ സംഘടന കൂടുതല്‍ പിന്തുണക്കുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ ധനസഹായം നിര്‍ത്തലാക്കുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രോഗവ്യാപന തോത് അമേരിക്കയില്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2000ത്തിലധികം പേരാണ് ഇവിടെ മരിച്ചത്. 1,25,000 പേര്‍ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്ക ധനസഹായം നിര്‍ത്തലാക്കിയത് ലോകാരോഗ്യ സംഘടനക്ക് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ലോകാരോഗ്യസംഘടനക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിക്കുന്നത് അമേരിക്കയാണ്. 2019 ല്‍ 400 മില്യണ്‍ ഡോളറാണ് അമേരിക്ക ലോകാരോഗ്യസംഘടനക്ക് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."