ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും
ന്യൂഡല്‍ഹി: രണ്ടാംഘട്ട ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താതെ കേന്ദ്രം. മെയ് മൂന്നു വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. കര്‍ശന നിയന്ത്രണം തുടരാനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ അമിത ഇളവുകള്‍ നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം മാര്‍ഗനിര്‍ദേശത്തില്‍ ചില മേഖലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ ഇവിടെ
റോഡ്, റെയില്‍വേ ഗതാഗതം പുനഃസ്ഥാപിക്കില്ല എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും തുറക്കില്ല സംസ്‌കാര ചടങ്ങുകളിലെ നിയന്ത്രണം തുടരും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല
പ്രധാന ഇളവുകള്‍
കാര്‍ഷിക മേഖലയ്ക്കാണ് പ്രധാനമായും ഇളവുകള്‍ അനുവദിച്ചിട്ടുള്ളത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ഇളവ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കമ്പോളങ്ങള്‍ തുറക്കാം. വളങ്ങളും കീടനാശിനികളും വില്‍ക്കുന്ന കടകളും തുറന്നുപ്രവര്‍ത്തിക്കാനും മാര്‍ഗരേഖയില്‍ അനുമതി നല്‍കിയിട്ടുണ്ട്. കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെ റിപ്പയറിംഗ് തുടങ്ങിയവക്കും ഇളവ് നല്‍കിയിട്ടുണ്ട്.
ബാങ്ക്, എടിഎം, പത്ര,ദൃശ്യമാധ്യമങ്ങള്‍, ടെലികോം മേഖല, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വിതരണം, സെക്യൂരിറ്റി ഏജന്‍സീസ് എന്നിവക്ക് ഇളവുണ്ട്. വൈദ്യുതി മേഖലയ്ക്ക് ആവശ്യമായതിനാല്‍ ഖനി മേഖലയുടെ പ്രവര്‍ത്തനത്തിന് ഇളവ് നല്‍കിയിട്ടുണ്ട്. പോസ്റ്റ് ഓഫിസുകളും തുറക്കാം. നിര്‍മ്മാണ മേഖലയില്‍ ഏപ്രില്‍ 20 ന് ശേഷം പ്രവര്‍ത്തനാനുമതി നല്‍കിയേക്കും.
തേയില തോട്ടങ്ങള്‍ തുറക്കാം. പക്ഷെ 50 ശതമാനം തൊഴിലാളികളെ മാത്രമേ അനുവദിക്കൂ. റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം തുടരും. മരുന്നുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങിയവയുടെ അന്തര്‍സംസ്ഥാന ചരക്ക് നീക്കം അനുവദിക്കും. ക്വാറന്റീന് വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേകളും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവക്ക് ഇളവ് നല്‍കും.
സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന കോള്‍ സെന്ററുകള്‍ തുറക്കാം. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും തുറന്നു പ്രവര്‍ത്തിക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
നിയന്ത്രിത ഇളവുകള്‍ അനുവദിക്കുന്ന ഇടങ്ങളിലെല്ലാം സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."