200 കോടിയുടെ ബണ്ട് റോഡ് കാടുപിടിച്ചു..!
ചങ്ങരംകുളം: കേന്ദ്ര സര്‍ക്കാരിന്റെ കോള്‍ വികസന പാക്കേജില്‍ നിര്‍മിക്കുന്ന ബണ്ട് റോഡ് നിര്‍മാണം കടലാസില്‍. തൃശൂര്‍ ജില്ലയിലെ വെട്ടിക്കടവ് മുതല്‍ ജില്ലയിലെ ബിയ്യം വരെയുള്ള റോഡാണ് പ്രവൃത്തി നടക്കാതെ കാടുപിടിച്ചുകിടക്കുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് നിര്‍ദിഷ്ട വെട്ടിക്കടവ് -ബിയ്യം ബണ്ട് നിര്‍മാണം ആരംഭിച്ചത്. തുടക്കത്തില്‍ 200 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇരു ജില്ലകളിലൂടെയും ഒഴുകുന്ന നൂറടിത്തോടിന് ഇരുവശങ്ങളിലൂടെ സമാന്തരമായാണ് റോഡ്. ഇതിന് ഇരുവശങ്ങളിലും പാത നിര്‍മിക്കുന്നതിന് ആദ്യഘട്ടത്തില്‍ ടണ്‍ കണക്കിനു മണ്ണാണ് എത്തിച്ചിരുന്നത്. എന്നാല്‍, പുതിയ സര്‍ക്കാര്‍ വന്നു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രവൃത്തികള്‍ മന്ദഗതിയിലാണ്.
പാത യാഥാര്‍ഥ്യമായാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള യന്ത്രങ്ങളും മറ്റും എളുപ്പത്തില്‍ എത്തിക്കാനും കോള്‍പ്പടവുകളെ ബന്ധിപ്പിച്ചുള്ള ഗതാഗതത്തിനും നൂറടിത്തോട് നിറയുന്ന സമയങ്ങളില്‍ കോള്‍ നിലങ്ങളിലേക്കു വെള്ളം കയറാതെ തടഞ്ഞുനിര്‍ത്താനും സാധിക്കും. ഇതിന്റെ പ്രവൃത്തികള്‍ തുടങ്ങിയതു മുതല്‍ ബണ്ട് തകര്‍ച്ച രൂക്ഷമായിരുന്നു. കൂടാതെ, ടണ്‍ കണക്കിന് മണ്ണ് നൂറടിത്തോട്ടിലെത്തി തോടിന്റെ ആഴവും കുറയുന്നുണ്ട്. ബണ്ട് റോഡിനായി പാടശേഖരത്തിലെ വലിയ ഭാഗം വിട്ടുനല്‍കിയ കര്‍ഷകരുമുണ്ട്.
പ്രവൃത്തികള്‍ നിര്‍ത്തിവച്ചതു കാരണം പലയിടങ്ങളിലും ബണ്ട് റോഡ് കാടുപിടിച്ചുകിടക്കുകയാണ്. കൂടാതെ, മദ്യപാനികളും കഞ്ചാവ് മാഫിയകളും ഇവിടെ കൈയടക്കുകയും ചെയ്തിരിക്കുന്നു. പൊലിസിന് എളുപ്പത്തില്‍ ഇവിടെ എത്താന്‍ സാധിക്കാത്തതിനാലാണ് ഇത്തരം സംഘങ്ങള്‍ ഇവിടെ താവളമാക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."