ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം: തീരദേശത്ത് ഇനി വറുതിക്കാലം
പൊന്നാനി: ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ആരംഭിക്കാനിരിക്കെ ജില്ലയിലെ എല്ലാ ബോട്ടുകളും കരയ്ക്കണഞ്ഞു. വെള്ളിയാഴ്ച സാധാരണ ഗതിയില്‍ മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ പോകാറില്ലാത്തതിനാല്‍ ട്രോളിങ് നിരോധനത്തിന് ഒരു ദിവസം മുന്‍പുതന്നെ ബോട്ടുകള്‍ കരയ്ക്കടുപ്പിച്ചിരുന്നു.
മാസങ്ങളായി കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഒട്ടുമിക്ക ബോട്ടുകളും കടലില്‍ പോയിട്ടില്ല. അതിനാല്‍ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ വറുതിയിലായിരുന്നു. ഇതോടൊപ്പം 53 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനംകൂടിയാകുമ്പോള്‍ തീരത്തെ ജനങ്ങളുടെ ദുരിതം ഇരട്ടിയാകും.
മുന്‍ വര്‍ഷങ്ങളില്‍ 47 ദിവസമായിരുന്നു നിരോധനമെങ്കില്‍ ഇത്തവണ കേന്ദ്രത്തിന്റെ ആവശ്യപ്രകാരം അത് 53 ദിവസമാക്കിയിട്ടുമുണ്ട്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവസാനവട്ട പണിയും ഇത്തവണ ചതിച്ചുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മൂന്നാഴ്ചയായി ആഴക്കടലില്‍ ശക്തമായ കാറ്റും കോളുമായതിനാല്‍ കാര്യമായൊന്നും കിട്ടിയില്ല. നിരാശയോടെയാണ് മീന്‍പിടിത്തക്കാര്‍ മടങ്ങിയെത്തിയത്.
കരയ്‌ക്കെത്തിയ ബോട്ടുകാര്‍ വല, ജി.പി.എസ്, എക്കോ സൗണ്ട്, വയര്‍ലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചെടുത്തു സുരക്ഷിതമാക്കുകയാണ്. ബേപ്പൂരിലും പൊന്നാനിയിലും കടലില്‍ പോകുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ ഏറെ പേരും തമിഴ്‌നാട്ടുകാരും ബംഗാളികളുമാണ്. ഇവര്‍ ഒന്നിച്ചു നാട്ടിലേക്കു മടങ്ങിത്തുടങ്ങി. ട്രോളിങ് നിരോധന കാലയളവില്‍ സംസ്ഥാന അതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈല്‍ വരെ പരമ്പരാഗത വള്ളക്കാര്‍ക്കു മത്സ്യബന്ധനം അനുവദിക്കും. നിരോധനം ലംഘിക്കുന്നതു തടയാന്‍ ഫിഷറീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."