'കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം ടൈം ബോംബ്, കൊവിഡിനേക്കാള്‍ ഭീകരമായേക്കും; ബാല്‍ക്കണി സര്‍ക്കാര്‍ ഭൂമിയിലേക്കും ഒന്നു കണ്ണോടിക്കണം'- കമല്‍ ഹാസന്‍
ചെന്നൈ: കൊവിഡ് കാലത്തെ രാജ്യത്തെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടക്കുന്ന കേന്ദ്ര സര്‍കാകറിനെതിരെ രൂക്ഷ വിമര്‍ശനവുമായ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നം ടൈം ബോംബ് പോലെയാണെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെങ്കില്‍ കൊറോണയേക്കാള്‍ മാരകമാകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.
'ബാല്‍ക്കണിയിലുള്ള എല്ലാവരും താഴേക്ക് നോക്കണം. ആദ്യം ഡല്‍ഹിയിലായിരുന്നു ഇപ്പോള്‍ മുംബൈയിലും. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നം ടൈംബോബ് പോലെയാണ്. അത് കൊറോണയേക്കാള്‍ വലിയ പ്രശ്നമാകും മുമ്പ് നിര്‍വീര്യമാക്കണം. താഴെത്തട്ടില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് കൂടി ബാല്‍ക്കണി സര്‍ക്കാര്‍ നോക്കേണ്ടതുണ്ട്' - അദ്ദേഹം ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഒന്നിച്ചു കൂടിയത് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റ്.
ആയിരക്കണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് ചൊവ്വാഴ്ച്ച ബാന്ദ്രയില്‍ ഒത്തുകൂടിയത്. ലോക്ഡൗണ്‍ തീരുന്ന ദിവസത്തില്‍ നാട്ടിലേക്ക് തിരിച്ച് പോകാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അത്. എന്നാല്‍ ലോക്ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയതോടെ പ്രതിഷേധമായി. പൊലിസ് ലാത്തി വീശിയാണ് ഒടുവില്‍ ബാന്ദ്രയിലെ തൊഴിലാളികളെ പിരിച്ചുവിട്ടത്. കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ഡല്‍ഹിയിലും ഗുജറാത്തിലെ സൂറത്തിലും സമാനമായ പ്രതിഷേധങ്ങളുണ്ടായിരുന്നു.
ലോക്ക്ഡൗണിന് പിന്നാലെ മൂന്ന് ആഴ്ചയോളമായി രാജ്യത്തിന്റെ പലയിടത്തുമുള്ള പതിനായിരണക്കിന് തൊഴിലാളികളാണ് വരുമാനമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."