കരുവന്നൂര്‍ പ്രകാശന്‍ വധശ്രമ കേസിലെ പ്രതികള്‍ പിടിയില്‍
ഇരിങ്ങാലക്കുട : ഒരു വെടിയ്ക്കു രണ്ടു പക്ഷി എന്ന പദപ്രയോഗം അന്വര്‍ത്ഥമാക്കുന്ന സംഭവമായിരുന്നു വിജയന്‍ കൊലകേസ് പ്രതികളെ അന്വേഷിച്ചു തമിഴ്‌നാട്ടില്‍ എത്തിയ ഇരിങ്ങാലക്കുട പൊലിസിനുണ്ടായത്.
കഴിഞ്ഞ സെപ്തംബര്‍ 26 നു കരുവന്നൂര്‍ 'റിവര്‍ വ്യൂ ക്ലബ് ' നു സമീപം അരിമ്പുള്ളി വീട്ടില്‍ പ്രകാശന്‍ എന്നയാളെ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു കൊലപെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് വിജയന്‍ കൊലകേസ് പ്രതികളെ തമിഴ്‌നാട്ടില്‍ വാടകവീട്ടില്‍ സംരക്ഷിച്ചിരുന്നത്.
തമിഴ്‌നാട്ടിലെ മധുര ക്ഷേത്രനഗരിയില്‍ നിന്നും ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. ചെന്ത്രാപ്പിനി ചക്കനാത്ത് വീട്ടില്‍ ജിഷ്ണു (23) , വൈഷ്ണവ് (22) എന്നീ സഹോദരങ്ങളാണു അറസ്റ്റിലായത്.
കരുവന്നൂര്‍ സ്വദേശികളായ സ്ത്രീകളോടു മോശമായി പെരുമാറിയതു ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് നാലു പ്രതികള്‍ കൂടി പ്രകാശന്‍ എന്നയാളെ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു കൊലപെടുത്താന്‍ ശ്രമിച്ചത്.
മാസങ്ങളായി പ്രതികള്‍ പേരും വിലാസവും തെറ്റായി ധരിപ്പിച്ചു വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പിടിയിലായ വൈഷ്ണവ് കാട്ടൂര്‍ പൊലിസിനെ ആക്രമിച്ച കേസിലെ പ്രതിയും നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ള ആളുമാണ്. തമിഴ്‌നാട്ടില്‍ നിന്നും ഇവര്‍ വഴിയാണ് വിജയന്‍ വധകേസിലെ പ്രതികള്‍ക്കു ലഹരി വസ്തുകള്‍ ലഭിച്ചിരുന്നത്. അരിമ്പുള്ളി പ്രകാശനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളായ കരുവന്നൂര്‍ കറത്തു പറമ്പില്‍ അനുമോദ്, അഭിനന്ദ് എന്നിവരെ മുന്‍പ് പൊലിസ് പിടികൂടിയിരുന്നു . ഈ കേസിലെ പ്രതി അഭിനന്ദ് വിജയന്‍ കൊലക്കേസിലും ഉള്‍പ്പെട്ട പ്രതിയാണ്.
മധുരയില്‍ നിന്നും പ്രതികളെ പിടികൂടിയ സംഘത്തില്‍ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ പി.സി സുനില്‍ , ജയകൃഷ്ണന്‍ , മുരുകേഷ് കടവത്ത് , മുഹമ്മദ് അഷറഫ് , എം.കെ ഗോപി , സൂരജ് ദേവ് , ഇ.എസ് ജീവന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."