നവീകരിച്ച കണ്ടോന്താര്‍ ജയില്‍ ഇന്ന് നാടിന് സമര്‍പ്പിക്കും
തളിപ്പറമ്പ്: പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി ഏറ്റെടുത്ത് നവീകരിച്ച 150 വര്‍ഷത്തോളം പഴക്കമുള്ള കണ്ടോന്താറിലെ ജയില്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. മന്ത്രിയായി ചുമതലയേറ്റ് ജന്മനാട്ടില് നല്കിയ ആദ്യ സ്വീകരണയോഗത്തില്‍ നാട്ടുകാര്‍ക്ക് നല്കിയ ഉറപ്പാണ് രാമചന്ദ്രന് കടന്നപ്പള്ളി നിറവേറ്റിയത്.
ജയില്‍ സ്മാരകമായി സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ് 19.5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തകര്‍ന്ന കെട്ടിടം ശാസ്ത്രീയമായ രീതിയിലാണ് പുനര്‍നിര്‍മിച്ചത്. 11 സെന്റോളം സ്ഥലമുള്ള ജയില്‍ വളപ്പില്‍ പുരാവസ്തു മ്യൂസിയം കൂടി സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തും.
സ്വാതന്ത്ര്യ സമരകാലത്ത് തടവുകാരെ കിരാതമായ മര്‍ദനമുറകള്‍ക്ക് വിധേയമാക്കിയിരുന്ന ഒറ്റ സെല്ലുള്ള ജയിലാണിത്. തടവുകാരെ കെട്ടിയിട്ട് മര്‍ദിച്ചിരുന്ന മുക്കാലി കുറച്ചുകാലം മുമ്പുവരെ ഇവിടെ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. വണ്ണാത്തിപ്പുഴയ്ക്ക് പാലമില്ലാത്തതിനാല്‍ മലയോര പ്രദേശങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യസമര ഭടന്മാരെ അറസ്റ്റുചെയ്താല്‍ പെരുമ്പയില്‍നിന്ന് തോണിയില്‍ ഇവിടെയെത്തിയാണ് പയ്യന്നൂര്‍ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചിരുന്നത്. മജിസ്ട്രേറ്റ് ആഴ്ചയില്‍ ഒരു ദിവസം മാത്രമേ വരികയുള്ളൂ.
അതുവരെ തടവുകാരെ പാര്‍പ്പിച്ചത് ഈ ജയിലിലായിരുന്നു. ശിക്ഷ വിധിക്കുന്ന തടവുകാരെ ഇവിടെനിന്ന് തളിപ്പറമ്പ് താലൂക്ക് കച്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയിലിലേക്ക് മാറ്റുകയുമാണ് ചെയ്തിരുന്നത്. പുരാവസ്തുവകുപ്പിന്റെ കെയര്‍ടേക്കറുടെ നിയന്ത്രണത്തിലായിരിക്കും പുനര്‍നിര്‍മിച്ച ജയില്‍ കെട്ടിടം സംരക്ഷിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."