സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍: സഫലമായ പണ്ഡിത ജീവിതം
സമസ്തയുടെ അമര സാന്നിധ്യമാണ് സി.കെ.എം സ്വാദിഖ് മുസ് ലിയാര്‍. മുശാവറയിലെ ഏറ്റവും സീനിയറായ പണ്ഡിതന്‍. ജംഇയ്യത്തുല്‍ ഉലമായുടെ ട്രഷറര്‍. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട്. അരനൂറ്റാണ്ടോളമായി പാലക്കാട് ജില്ലയുടെ കാര്യദര്‍ശി. വിദ്യാഭ്യാസ ബോര്‍ഡിന്റെയും മുഅല്ലിം സംഘടനയുടെയും തുടക്കം തൊട്ടുള്ള സ്പന്ദനങ്ങളറിയുന്ന സംഘാടകന്‍.... ഉസ്താദ് സംസാരിക്കുന്നു.
കുടുംബവും ചെറുപ്പകാലവും
= 1941 ല്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിലാണ് ജനനം. പിതാവിന്റെ തറവാട് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ അച്ചിപ്രയിലാണ്. അവര്‍ ഇപ്പോള്‍ ഞാന്‍ പാര്‍ക്കുന്ന മണ്ണാര്‍ക്കാട് പഞ്ചായത്തിലെ മുണ്ടേക്കാരാട് ഭാഗത്തേക്ക് കുടിയേറി പാര്‍ത്തവരാണ്. കുടുംബം പണ്ഡിതന്മാരുടേതായിരുന്നില്ല. ഉപ്പ ഒരു കച്ചവടക്കാരനായിരുന്നു. ഉമ്മവീട് കുമരംപുത്തൂരാണ്. പ്രസവസമയത്ത് സ്ത്രീകള്‍ സ്വന്തം വീടുകളിലേക്ക് തന്നെ പോകുന്ന പതിവ് ഈ ഭാഗത്തുണ്ട്. അതുകൊണ്ടാണ് എന്റെ ജന്മനാട് കുമരംപുത്തൂര്‍ ആയത്.
ഉമ്മ ഓത്തുപള്ളിയിലെ അധ്യാപികയായിരുന്നു. ഉമ്മയുടെ ശിഷ്യകളായിട്ടുള്ള നിരവധി സ്ത്രീകള്‍ ഇപ്പോഴും ഉണ്ട്. മദ്്‌റസ പ്രസ്ഥാനം വരുന്നതിനു മുമ്പ് ഓത്തുപള്ളികളില്‍ സ്ത്രീകള്‍ പഠിപ്പിക്കുന്ന രീതി നമ്മുടെ നാടുകളിലെല്ലാം വ്യാപകമായിരുന്നു. മദ്‌റസാ പ്രസ്ഥാനം വന്നതോടു കൂടിയാണ് അത് പതുക്കെ നിരുത്സാഹപ്പെടുത്തപ്പെടുകയും നാടുനീങ്ങുകയും ചെയ്തത്. ചെരടക്കുരിക്കള്‍ മുഹമ്മദ് സ്വാദിഖ് എന്നതാണ് 'സി.കെ.എം സ്വാദിഖ് മുസ്്‌ലിയാര്‍' എന്ന വിളിപ്പേരായത്.
പഠന കാലവും ദര്‍സീ ജീവിതവും
= ഇവിടെ പള്ളിയില്‍ ഖത്വീബായി ഒരു വലിയ മത പ്രഭാഷകനായ പണ്ഡിതനുണ്ടായിരുന്നു. കാപ്പ് സ്വദേശി അബ്ദുല്ല മുസ്ലിയാര്‍. ഈ ഭാഗത്ത് നിരവധി മഹല്ലുകളെ അദ്ദേഹം സ്വന്തം പ്രവര്‍ത്തനത്തിലൂടെ മാറ്റിയെടുത്തിട്ടുണ്ട്. കോട്ടുമല ഉസ്താദിന്റെ ഖാദിമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ശ്രമഫലമായി ഇവിടെനിന്ന് കുറേ കുട്ടികള്‍ ദര്‍സ് പഠനത്തിനും മറ്റും പുറത്തേക്ക് പോയി. ഞാന്‍ പോയത് മണ്ണാര്‍ക്കാട്ടേക്കായിരുന്നു. സമസ്തയുടെ സ്ഥാപകനേതാവായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്ന പള്ളിയായിരുന്നു മണ്ണാര്‍ക്കാട്ടേത്. അവിടെ അന്ന് മുദരിസ് അദ്ദേഹത്തിന്റെ ശിഷ്യന്‍കൂടിയായ ഖാളി കുഞ്ഞഹ്്മദ് മുസ്്‌ലിയാര്‍ ആയിരുന്നു. പി.കെ. കുഞ്ഞഹമ്മദ് മുസ്്‌ലിയാര്‍ രണ്ടാം മുദരിസും. അദ്ദേഹം പിന്നീട് ജാമിഅയില്‍ ഉര്‍ദു, പേര്‍ഷ്യന്‍ അധ്യാപകനായി. 10 വര്‍ഷം ഞാന്‍ മണ്ണാര്‍ക്കാട് തന്നെ പഠിച്ചു. നല്ല സുഖമുള്ള ജീവിതമായിരുന്നു അവിടെ. കുടുംബങ്ങള്‍ അടുത്തുള്ളതും ഭക്ഷണത്തിനും മറ്റും കല്ലടി കുടുംബത്തിന്റെ സാമ്പത്തിക സഹായവും അവിടെ ഉണ്ടായിരുന്നു. അവിടെ ചെറിയവര്‍ക്ക് കിതാബ് ഓതിക്കൊടുത്തും ഉസ്താദിന്റെ പകരക്കാരനായി നികാഹിന് കാര്‍മികത്വം വഹിക്കാനും അവസരം ലഭിച്ചു. അദ്ദേഹം ഫിഖ്്ഹിലും മറ്റും വലിയ പണ്ഡിതനായിരുന്നെങ്കിലും മഅ്ഖൂലാത്ത്(ബൗദ്ധിക വിജ്ഞാനീയങ്ങള്‍) കൈകാര്യം ചെയ്യുന്നതില്‍ വലിയ പ്രഗത്ഭനായിരുന്നില്ല. ബിരുദ പഠനത്തിനു മഅ്ഖൂലാത്ത് നിര്‍ബന്ധവുമായിരുന്നു. അങ്ങനെയാണ് കുമരംപുത്തൂരില്‍ താഴേക്കോട് കുഞ്ഞലവി മുസ്്‌ലിയാരുടെ ദര്‍സില്‍ ചേരുന്നത്. അവിടെ 2വര്‍ഷം പഠിച്ചു. പിന്നീട് പരപ്പനങ്ങാട് പനയത്തില്‍ പള്ളിയില്‍ കോട്ടുമല ഉസ്്താദിന്റെ ദര്‍സില്‍ 2 മാസത്തോളം പഠിച്ചു. താഴേക്കോട് കുഞ്ഞലവി മുസ്്‌ലിയാരും കോട്ടുമല ഉസ്്താദും ജാമിഅയിലും എന്റെ ഉസ്്താദുമാരായിരുന്നു.
പിന്നീടാണ് ജാമിഅ നൂരിയ്യയില്‍ ചേരുന്നത്്. ജാമിഅയിലേക്കുള്ള സെലക്ഷന്‍ ആദ്യം പെരിന്തല്‍മണ്ണ മീറാസുല്‍ അമ്പിയാ മദ്്‌റസയില്‍ വെച്ചായിരുന്നു. ജാമിഅയ്ക്ക് ബില്‍ഡിങ്ങുകളും മറ്റും അന്ന് ആയിവരുന്നതേ ഉള്ളൂ.ശംസുല്‍ ഉലമയും കോട്ടുമല ഉസ്താദും കെസി ജമാലുദ്ദീന്‍ മുസ്്‌ലിയാരുമൊക്കെയായിരുന്നു ജാമിഅയിലെ ഉസ്താദുമാര്‍. ശംസുല്‍ ഉലമക്ക് സ്വന്തം ഖാദിമിനെ പോലെയായിരുന്നു ഞാന്‍. പല വയള്വുകള്‍ക്കും അദ്ദേഹം പകരം എന്നെ പറഞ്ഞയക്കാറുണ്ടായിരുന്നു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, കാരന്തൂര്‍ മര്‍കസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി, മുക്കം മോയിമോന്‍ ഹാജിയുടെ അനുജന്‍ മുഹമ്മദ് മോന്‍, ടി.എസ് ഇബ്രാഹീം മുസ്്‌ലിയാര്‍ ചൊക്ലി, എരമംഗലം കുഞ്ഞുമുഹമ്മദ് മുസ്്‌ലിയാര്‍, നിലവിലെ കോഴിക്കോട് ഖാള്വി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ പിതാവും കടലുണ്ടി തങ്ങള്‍ എന്ന് ശംസുല്‍ ഉലമാ വിളിച്ചിരുന്ന പണ്ഡിതനുമായ ഹസന്‍ കുഞ്ഞിക്കോയ തങ്ങള്‍... തുടങ്ങിയവരെല്ലാം ജാമിഅയിലെ സഹപാഠികളായിരുന്നു. ശംസുല്‍ ഉലമയുടെ പുത്രന്‍ സലാമും കോട്ടുമല ഉസ്താദിന്റെ പുത്രന്‍ ബാപ്പുമുസ്്‌ലിയാരും ആ സമയത്ത് ജാമിഅയില്‍ ഉണ്ടായിരുന്നു. അവര്‍ അന്ന് സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ഥികളുമായിരുന്നു. അവര്‍ക്ക് രാവിലെ സമയങ്ങളില്‍ തഖ് വീമുല്ലിസാന്‍, ഉംദ തുടങ്ങിയ കിതാബുകള്‍ ക്ലാസെടുത്തിരുന്നത് ഞാനായിരുന്നു. ജാമിഅ:യില്‍ നാലുവര്‍ഷമാണുണ്ടായിരുന്നത്.
അധ്യാപന കാലഘട്ടം
= ജാമിഅ:യില്‍നിന്നു പുറത്തിറങ്ങിയ ശേഷം പാലക്കാട് ജന്നത്തുല്‍ ഉലൂമില്‍ അധ്യാപകനായി. ഇ.കെ. ഹസന്‍ മുസ്്‌ലിയാര്‍ ആയിരുന്നു സ്ഥാപനത്തിന്റെ എല്ലാമെല്ലാം. ഹസന്‍ മുസ്‌ലയാരും മറ്റുഭാരവാഹികളും ജന്നത്തിലേക്ക് ഒരു അധ്യാപകനെ വേണമെന്നു പറഞ്ഞു ശംസുല്‍ ഉലമയെ സമീപിച്ചു. അദ്ദേഹം എന്നെയാണ് നിര്‍ദേശിച്ചത്. ഹസന്‍ മുസ്്‌ലിയാര്‍ അധിക സമയവും സംഘടനാ പ്രവര്‍ത്തനങ്ങളും ആദര്‍ശ പോരാട്ടവുമായി പുറത്തായിരിക്കും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭാവത്തില്‍, അദ്ദേഹം നടത്തിയിരുന്ന ക്ലാസുകള്‍ നടത്താന്‍ കഴിയുന്ന ആളാവണമെന്ന്് അവര്‍ ശംസുല്‍ ഉലമയോട് പറഞ്ഞിരുന്നു. അത്തരം തഴക്കവും പഴയക്കവുമുള്ള ഒരാളെയാണ് അവര്‍ അന്വേഷിച്ചിരുന്നത്. എന്നിട്ടും ശംസുല്‍ ഉലമ 'അതൊക്കെ ശരിയാവും. പുതിയൊരാളാവുമ്പോ കുറച്ചു കൂടുല്‍ അധ്വാനിക്കണമെന്നേ ഉള്ളൂ' എന്നു പറഞ്ഞു എന്നെ തന്നെ നിര്‍ദ്ദേശിച്ചു. അപ്പോഴവര്‍ ഉര്‍ദു പോലുള്ള ഭാഷകള്‍ അറിയുന്ന ആളാവണമെന്ന് നിബന്ധന വെച്ചു. അതെനിക്ക്് അത്യാവശ്യം അറിയാമായിരുന്നു. മണ്ണാര്‍ക്കാട് ദര്‍സില്‍ വെച്ച്് അതു പഠിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ജന്നത്തുല്‍ ഉലൂമില്‍ ചേരുന്നതും അവിടെ കിതാബുകളും ഭാഷകളുമെല്ലാം പഠിപ്പിക്കുന്നതും. 1967 മുതല്‍ 78 വരെയാണ് ജന്നത്തുല്‍ ഉലൂമില്‍ അധ്യാപകനായി ഉണ്ടായിരുന്നതെന്നാണ് ഓര്‍മ. ഞാനവിടെ എത്തുമ്പോള്‍ ജന്നത്തുല്‍ ഉലൂം തുടങ്ങി 6 മാസമേ ആയിരുന്നുള്ളൂ. നൂറുരൂപയായിരുന്നു ശമ്പളം. ബാക്കി ജീവിത ചെലവുകളെല്ലാം ഒപ്പിച്ചിരുന്നത് വയളുപറയാന്‍ പോയും മറ്റുമാണ്. ഹസന്‍ മുസ്്‌ലിയാരുടെ തേരോട്ടം നടന്നുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഖുത്വുബ പരിഭാഷയുമായി ബന്ധപ്പെട്ട്് വെളിയഞ്ചേരിയില്‍ നടന്ന സുന്നീ-മുജാഹിദ് സംവാദം കോടതിയില്‍ എത്തുന്നതും ഹസന്‍ മുസ്്‌ലിയാരുടെ നേതൃത്വത്തിലുള്ള സുന്നികള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടുന്നതുമെല്ലാം അക്കാലത്താണ്.
ആ സമയത്താണ് മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വരുന്നത്. അതിന്റെ ഭാരവാഹികള്‍ പാലക്കാട് വന്നു എന്നെ ക്ഷണിച്ചു. നാടിന്റെ അടുത്തായതുകൊണ്ട് എനിക്കും അതായിരുന്നു താല്‍പര്യം. അതിനിടെ ഹസന്‍ മുസ്്‌ലിയാര്‍ കാസര്‍ഗോഡ് ഖാളിയായി സ്ഥാനമേറ്റതും അദ്ദേഹവും മുതിര്‍ന്ന വിദ്യാര്‍ഥികളും അങ്ങോട്ട് പോകാന്‍ തീരുമാനിച്ചിതും, പാലക്കാട്ട് പുതിയൊരാള്‍ പ്രധാനമുദരിസായി വരാന്‍ നിശ്ചയിച്ചതും എനിക്ക്് അവിടം വിടാന്‍ കൂടുതല്‍ സഹായകമായി. ഹസന്‍ മുസ്്‌ലിയാര്‍ തന്നെയായിരുന്നു മണ്ണാര്‍ക്കാട് ദാറുന്നജാത്തിന്റെയും കാരണക്കാരന്‍. മണ്ണാര്‍ക്കാട്ട് സുന്നികള്‍ക്ക് ഒരു കേന്ദ്രം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു അതിന്റെ തുടക്കം. ചാപ്പനങ്ങാടി ബാപ്പുമുസ്്‌ലിയാരാണ് പ്രഥമ പ്രസിഡണ്ടെന്നാണ് ഓര്‍മ. ഹസന്‍ മുസ്്‌ലിയാരും ആ പദവി വഹിച്ചിട്ടുണ്ട്. ഞാനവിടെ എത്തുമ്പോള്‍ ഒരു റബര്‍തോട്ടമായിരുന്നു ആ സ്ഥാപനം. ഒരു ഷെഡ്് വെച്ചുകെട്ടിയാണ് അവിടെ ഞങ്ങള്‍ തുടങ്ങിയത്. അതിനിടെ അവിടെ ഒരു തര്‍ക്കം ചിലര്‍ ഉന്നയിച്ചു. യതീംഖാനക്കു കിട്ടുന്ന സംഭാവന ദര്‍സ്-കോളേജ് വിദ്യാര്‍ഥികളുടെ ഭക്ഷണത്തിനും മറ്റും ചെലവാക്കുന്നതിന്റെ സാംഗത്യം ഉന്നയിച്ചുകൊണ്ടായിരുന്നു അത്. അതോടെ റസീറ്റിലും കലണ്ടറിലുമെല്ലാം അറബികോളേജിനെ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ട് അച്ചടിച്ചു. അങ്ങനെ ആ വിവാദം കെട്ടടങ്ങി. പത്തുവര്‍ഷം അവിടെ പ്രിന്‍സിപ്പളായി ഞാന്‍ സേവനം ചെയ്തു. ഇപ്പോള്‍ അവിടെ ജാമിഅ:യുടെ ജൂനിയര്‍ കോളേജ് നടന്നു വരുന്നു.
പിന്നീട് ഒരു വര്‍ഷം കുളപ്പറമ്പിലും 15 വര്‍ഷം പട്ടാമ്പി വലിയ ജുമുഅത്ത് പള്ളിയിലും മുദരിസായി. അതിനു ശേഷമാണ് പെരുമ്പടപ്പ് പുത്തന്‍ പള്ളി മഖാം അശ്്‌റഫിയ്യ അറബികോളേജില്‍ ആറു വര്‍ഷം പ്രിന്‍സിപ്പളായി സേവനം ചെയ്തത്. അവിടെ ഞാനെത്താന്‍ കാരണം ഇയ്യിടെ അന്തരിച്ച സമസ്ത മുശാവറ അംഗം കൂടിയായ എം.എം. മുഹ് യദ്ദീന്‍ മൗലവി ആലുവയാണ്. അദ്ദേഹം അവിടെ ഖത്വീബും അശ്‌റഫിയുടെ പ്രിന്‍സിപ്പളുമായിരുന്നു. അവിടെ ബിരുദദാനം തുടങ്ങിയപ്പോള്‍ ആ സ്ഥാനത്തേക്ക് അദ്ദേഹം എന്നെ നിര്‍ദേശിച്ചു. അങ്ങനെയാണ് അവിടെ ചുമതല ഏല്‍ക്കുന്നത്. അവിടെ സേവനം ചെയ്തുകൊണ്ടിരിക്കെ അസുഖ ബാധിതനായി അവധി എടുത്തു. എന്നിട്ടും ഞാന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ ഒരു വര്‍ഷത്തോളം അവര്‍ മാസാന്ത ശമ്പളം ഇവിടെ എത്തിച്ചിരുന്നു. പിന്നീട് ഞാന്‍, കഴിയില്ലെന്നും വേറെ ആളെ നിയമിച്ചോളൂ എന്നും അവരെ വിളിച്ചു പറഞ്ഞു. ഞാന്‍ വിരമിച്ചതിനു ശേഷം അവര്‍ വീണ്ടും എം.എമ്മിനെ തന്നെ പ്രിന്‍സപ്പാളാക്കി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. അന്നൊക്കെ ജുമുഅ:ക്കു മുമ്പായിരുന്നു അദ്ദേഹത്തിന്റെ വെള്ളിയാഴ്ച പ്രസംഗം. 2011 മുതല്‍ വീട്ടില്‍ വിശ്രമത്തിലാണ്.
ഒരു കാലത്ത് സ്ത്രീകള്‍ ഓത്തുപള്ളികള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ അധ്യാപകരായിരുന്നു. ഉസ്താദിന്റെ ഉമ്മ ഉള്‍പ്പെടെയുള്ളവര്‍ അതിന്റെ ഉദാഹരണങ്ങളുമാണ്. പക്ഷേ, സമസ്തയുടെയും മദ്്‌റസാ പ്രസ്ഥാനത്തിന്റെയും വരവോടെ അത് പതുക്കെ നിരുത്സാഹപ്പെടുത്തപ്പെടുകയായി
= മദ്്‌റസകളിലെ വനിത അധ്യാപക നിയമനം പലവട്ടം സമസ്തയും വിദ്യാഭ്യാസ ബോര്‍ഡും ചിന്തിച്ചതാണ്. സാങ്കേതികമായി പല തടസ്സങ്ങളുമുണ്ടായതുകൊണ്ടാണത്. മുഫത്തിശുമാരുടെ വിസിറ്റിംഗും മറ്റും പറഞ്ഞാണ് പലപ്പോഴും അതു മുടങ്ങുക. എന്നാലും അക്കാര്യം ഇപ്പോഴും പരിഗണനയിലാണ്. പ്രായോഗിക വശങ്ങളും മറ്റും പരിശോധിച്ചു ഉചിതമായ നടപടകള്‍ കൈകൊള്ളും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നേരിട്ട് തന്നെ സ്ത്രീകള്‍ക്ക് സനദ്ദാന കോളേജുകള്‍ ആരംഭിച്ചു കഴിഞ്ഞു. വഫിയ്യ, സഹ്്‌റവിയ്യ പോലുള്ള ബിരുദ കോഴ്‌സുകള്‍ നമ്മുടെ സ്ഥാപനങ്ങള്‍ വനിതകള്‍ക്കായി വിജയകരമായി നടത്തുന്നു. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ കീഴില്‍ ചേളാരിയില്‍ തന്നെ വര്‍ഷങ്ങളായി വനിത കോളേജ് പ്രവര്‍ത്തിക്കുന്നു.
സംഘടനാ രംഗത്തേക്ക്
= പാലക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ടായിട്ടാണ് ഞാന്‍ സംഘടനാ രംഗത്തെത്തുന്നത്. മദ്്‌റസ മുഅല്ലിം ആയിരുന്നില്ലെങ്കിലും എന്നെ പ്രസിഡണ്ടാക്കുകയായിരുന്നു. പിന്നെ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന കമ്മിറ്റിയിലെത്തി. പിന്നീട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധിയായി വിദ്യാഭ്യാസ ബോര്‍ഡിലും എത്തി. അത് 1979 ല്‍ ആണെന്നു തോന്നുന്നു. പാലക്കാട് ജില്ലയില്‍ എസ്.വൈ.എസ് കെട്ടിപ്പടുക്കാന്‍ ഇ.കെ. ഹസന്‍മുസ്്‌ലിയാരോടൊപ്പം ഓടിനടന്നത് മധുരമുള്ള ഓര്‍മകളാണ്. 1976 ലാണ് സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നെ മുശാവറയില്‍ കൊണ്ടുവരാന്‍ മുന്‍കയ്യെടുത്തത്് ഹസന്‍ മുസ്്‌ലിയാര്‍ തന്നെയായിരുന്നു.
2005 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ടാണ്. 2017 മുതല്‍ സമസ്്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പദവി അലങ്കരിക്കുന്നു. പാലക്കാട് ജില്ല സമസ്ത ജനറല്‍ സെക്രട്ടറി, പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളേജ് ജനറല്‍ സെക്രട്ടറി, ജാമിഅ:നൂരിയ്യ, നന്തി ദാറുസ്സലാം, പട്ടിക്കാട് എം.ഇ.എ ഭരണസമിതി അംഗം, മണ്ണാര്‍ക്കാട് ദാറുന്നജാത്ത്, പാലക്കാട് ജന്നത്തുല്‍ ഉലൂം എന്നിവയുടെ വൈസ് പ്രസിഡണ്ട്, കുടംബം, കുരുന്നുകള്‍ മാസികകളുടെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍.... തുടങ്ങി പല പദവികളിലും ഇപ്പോഴുമുണ്ട്.
തുടക്കം മുതലുള്ള, ജില്ലയിലെ സമസ്തയുടെ സാരഥി
= 1971 ലാണ് സമസ്ത പാലക്കാട് ജില്ല ഘടകം രൂപീകരിച്ചത്. ആ വര്‍ഷം തന്നെ സമസ്ത കേന്ദ്ര മുശാവറയുടെ അംഗീകാരവും ജില്ലാ ഘടകത്തിനു കിട്ടി. വല്ലപ്പുഴ എന്‍.കെ അബ്ദുല്ല മുസ്്‌ലിയാര്‍ ആയിരുന്നു സ്ഥാപക പ്രസിഡണ്ട്. പ്രഥമ ട്രഷറര്‍ ഇ.കെ ഹസന്‍ മുസ്്‌ലിയാരും. ജനറല്‍ സെക്രട്ടറി അന്നു മുതല്‍ ഇന്നു വരെ ഞാന്‍ തന്നെ. അബ്ദുല്ല മുസ്്‌ലിയാരുടെ വഫാത്തിനു ശേഷം ഇ.കെ ഹസന്‍ മുസ്്‌ലിയാരും അദ്ദേഹത്തിനു ശേഷം ആനക്കര സി.കോയക്കുട്ടി മുസ്്‌ലിയാരുമായിരുന്നു പ്രസിഡണ്ട്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് അരനൂറ്റാണ്ടോളമായി ഞാന്‍. 1989 ല്‍ സമസ്തയിലുണ്ടായ ദൗര്‍ഭാഗ്യകരമായ പ്രശ്‌നങ്ങളിലും ഒരു വിഭാഗത്തിന്റെ ഇറങ്ങിപ്പോക്കിലും സുന്നി കേരളം കലുഷിതമായപ്പോള്‍ പാലക്കാട് ജില്ലയെ കോട്ടകെട്ടി കാത്തുസൂക്ഷിക്കാനായത് സംഘടന പ്രവര്‍ത്തനത്തിലെ അഭിമാന നിമിഷങ്ങളാണ്. പാലക്കാട് ജന്നത്തുല്‍ ഉലൂമും പൊട്ടച്ചിറ അന്‍വരിയ്യയും വിഘടിത കൈകളില്‍ പെട്ടുപോകാതിരിക്കാന്‍ നന്നായി പണിയെടുത്തിട്ടുണ്ട്.
പുതിയ തലമുറയോട്
= സമസ്തയെ നയിച്ച ഉലമാക്കളെല്ലാം മഹാന്മാരായിരുന്നു. അവരുടെ കൂട്ടായ തീരുമാനങ്ങള്‍ക്കൊന്നും തെറ്റ് പറ്റിയിട്ടില്ല. നിരന്തരം മാറ്റി പറയേണ്ടി വന്നിട്ടില്ല. അവരൊക്കെ ഹഖിന്റെ അഹ്്‌ലുകാരാണെന്നാണ് നമ്മള്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ ആ മഹാത്മാക്കളെ പിന്തുടര്‍ന്നു മുന്നോട്ടു പോവുക. പുതുമയുടെ പേരില്‍ നന്മനിറഞ്ഞ പഴയമയുടെ നല്ലകാര്യങ്ങളെ കയ്യൊഴിയാതിരിക്കുക. എനിക്ക് ഏറ്റവും സങ്കടം തോന്നുന്നത് നമ്മുടെ പള്ളിദര്‍സുകള്‍ പതുക്കെ ഇല്ലാതെയാകുന്നതിലാണ്. പള്ളി ദര്‍സ് അതിന്റെ തനിമയോടെ പള്ളിദര്‍സായി തന്നെ നിലനില്‍ക്കണമെന്ന അഭിപ്രായമാണെനിക്ക്. സ്‌കൂളില്ലാതെ കുട്ടികളെ ദര്‍സില്‍ കിട്ടാത്ത അവസ്ഥയാണിന്ന്. പള്ളി ദര്‍സ് പാടെ ഇല്ലാതെയാവുന്ന ഇക്കാലത്ത് അങ്ങനെയെങ്കിലും ദര്‍സുകള്‍ നിലനിര്‍ത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."