കാസര്‍കോടിനോടുള്ള റെയില്‍വേ അവഗണനക്ക് 'സ്റ്റോപ്പില്ല..!'
കാസര്‍കോട്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അന്ത്യോദയ എക്സ്പ്രസിന് റെയില്‍വേ കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ചില്ല. ജില്ലയോട് റെയില്‍വേ കാണിക്കുന്ന അവഗണനയുടെ മറ്റൊരു ഉദാഹരണമാണിത്. കണ്ണൂരില്‍ സ്റ്റോപ്പുള്ള ട്രെയിന്‍ മംഗളൂരുവില്‍ യാത്ര അവസാനിപ്പിക്കും. അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ ജില്ലയില്‍ പ്രതിഷേധം പുകയുകയാണ്.
നിര്‍ദിഷ്ട അതിവേഗ റെയില്‍പാത കാസര്‍കോട് വരെ നീട്ടണമെന്ന ആവശ്യം റെയില്‍വേയുടെ മുന്നിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. നിലവില്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന പത്തോളം ട്രെയിനുകള്‍ മംഗളൂരുവരെയോ കാസര്‍കോട് വരെയോ നീട്ടണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിര്‍ത്തലാക്കിയ ബൈന്തൂര്‍ പാസഞ്ചര്‍ പുനഃസ്ഥാപിക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. രാജധാനി എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തോടും റെയില്‍വേ മുഖം തിരിച്ചിരിക്കുകയാണ്. ഇത്രയും ആവശ്യങ്ങള്‍ കാസര്‍കോടെ ജനത ആവശ്യപ്പെടുമ്പോഴാണ് പുതുതായി സംസ്ഥാനത്തിന് അനുവദിച്ച അന്ത്യോദയ എക്സ്പ്രസിനും സ്റ്റോപ്പ് അനുവദിക്കാതെ റെയില്‍വേ കാസര്‍കോടിനെ അവഗണിച്ചിരിക്കുന്നത്.
തിരുവനന്തപുരം-മംഗളൂരു റൂട്ടില്‍ ഇന്നാരംഭിക്കുന്ന അന്ത്യോദയ എക്സ്പ്രസ് കൊച്ചുവേളിയില്‍ നിന്നാരംഭിച്ച് മംഗളൂരുവില്‍ സര്‍വസ് അവസാനിപ്പിക്കും. ആഴ്ചയില്‍ രണ്ടു ദിവസമാണ് ട്രെയിന്‍ സര്‍വിസ് നടത്തുക.
മുഴുവന്‍ കംപാര്‍ട്ട്മെന്റുകളും ജനറലായ ട്രെയിന്‍ ശനിയാഴ്ച രാത്രി 9.25നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.15നു മംഗളൂരുവിലെത്തും. വെള്ളിയാഴ്ചയും ഞായറാഴ്ചയും രാത്രി 8.25ന് മംഗളുരുവില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 8.15നു കൊച്ചുവേളിയിലെത്തും.
കൊല്ലം, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തുന്ന ട്രെയിനില്‍ 18 കംപാര്‍ട്ട്മെന്റുകളുണ്ട്. ചായയും കാപ്പിയും സ്വയം എടുത്തു കഴിക്കാവുന്ന സൗകര്യവും സ്റ്റേഷനില്‍ എത്തുന്ന സമയം തെളിയുന്ന സ്ക്രീന്‍ സൗകര്യവും ട്രെയിനിലുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."