കെ.എം.ഷാജിക്കു മറുപടിയുമായി മന്ത്രി ജലീല്‍: അസത്യത്തെ സത്യമായി പ്രചരിപ്പിക്കുന്നവരെ ലീഗ് നേതൃത്വം തിരുത്തണമെന്നും ആവശ്യം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച കെ.എം.ഷാജി എം.എല്‍.എക്കു മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍.
അസത്യത്തെ സത്യമായി പ്രചരിപ്പിക്കുന്നത് മഹാ അപരാധമാണെന്നും അത്തരം പ്രചാരണം നടത്തിയ കെ.എം ഷാജിയെ മുസ്ലിം ലീഗ് നേതൃത്വം ന്യായീകരിക്കാതെ തിരുത്തുകയാണുവേണ്ടതെന്നും കെ.ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നല്ല കേസുകളുടെ നടത്തിപ്പിനുള്ള പണം സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഒരു സര്‍ക്കാരും അങ്ങനെയല്ല ചെയ്യുന്നത്. ചെയ്യാന്‍ സാധിക്കുകയുമില്ല. അതിനു സര്‍ക്കാരിനു വേറെ സംവിധാനങ്ങളുണ്ട്. അതറിയാത്ത ആളല്ല കെ.എം ഷാജിയെന്നും ജലീല്‍ പറഞ്ഞു.
നിരവധി കേസുകളുടെ നടത്തിപ്പിനുവേണ്ടി സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടുണ്ട്. ഐസ്‌ക്രീം പാര്‍ലര്‍ കേസ്, ബാര്‍ കോഴക്കേസ്, സരിതാ കേസ് ഇങ്ങനെ എത്രയോ കേസുകള്‍ക്കുള്ള പണം ചെലവാക്കിയത് സര്‍ക്കാരാണ്. മന്ത്രിമാരുടെ കുടുംബങ്ങളെയും കലാകാരന്‍മാരെയും ദുരിതമനുഭവിക്കുന്നവരെയും എല്ലാം അതാത് കാലത്ത് സര്‍ക്കാര്‍ സഹായിക്കാറുണ്ട്. അതു മാനുഷിക പരിഗണന വെച്ചു മാത്രം ചെയ്യുന്നതാണ്. എന്നാല്‍ ഇതൊന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നല്ല, അതിനെല്ലാം സര്‍ക്കാരിന് ചില ക്രൈറ്റീരിയകളുണ്ട്.
കെ.എം ഷാജി ഈ ആരോപണമുന്നയിച്ചത് മഹാനായ സി.എച്ച് മുഹമ്മദ് കോയയുടെ മകനായ ഡോ. എം.കെ മുനീറിന്റെ സാന്നിധ്യത്തിലാണ്. അതുകൊണ്ടുമാത്രം പറയുകയാണ്. സി.എച്ചിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സഹായിച്ചിരുന്നല്ലോ. സി.എച്ചിന്റെ ഭാര്യക്കും ഉമ്മയ്ക്കും ആ ജീവാനന്ത സഹായം നല്‍കിയിട്ടുണ്ട്. എന്തിനു എം.കെ മുനീറിന്റെ പഠനത്തിനുപോലും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടല്ലോ. ആരും ഇന്നുവരേ അതിനെ ചോദ്യം ചെയ്തിട്ടില്ല. ചോദ്യം ചെയ്യുകയുമില്ല. എല്ലാവരുടെ എല്ലാവരുടെയും പിന്നിലേക്കു തിരിഞ്ഞുനോക്കുന്നത് നല്ലതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട ഈ സമയത്ത് സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ ആരും പ്രചരിപ്പിക്കരുത്. വിമര്‍ശനമാകാം, വിയോജിപ്പു രേഖപ്പടുത്താം. അതിനു ചില സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമുണ്ടെന്നും കെ.ടി ജലീല്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."