വര്‍ഗീയ ഫാസിസത്തിന് പരവതാനി വിരിച്ചാല്‍
മതേതരത്വവും സാമുദായികസൗഹാര്‍ദവും തിളങ്ങിനില്‍ക്കുന്നിടത്തു ഫാസിസത്തിനും വര്‍ഗീയഭീകരതയ്ക്കും തലയുയര്‍ത്താന്‍ കഴിയില്ല. ഏതെങ്കിലും നാട്ടില്‍ അതു പത്തിവിടര്‍ത്തിയാടുന്നുണ്ടെങ്കില്‍ നിശ്ചയമായും ഉറപ്പിക്കാം അതിനു വഴിയൊരുക്കിയവര്‍ മതേതരസമൂഹത്തിലെ അഞ്ചാംപത്തിക്കാരോ വിവരദോഷികളോ അതുമല്ലെങ്കില്‍ എടുത്തുചാട്ടക്കാരോ ആയിരിക്കുമെന്ന്. ഇക്കാര്യം ഓര്‍മിപ്പിച്ച രണ്ടു സംഭവങ്ങള്‍ കഴിഞ്ഞദിവസം നമ്മുടെ രാജ്യത്തുണ്ടായി, അതിലൊന്നു നമ്മുടെ സംസ്ഥാനത്തു തന്നെയാണെന്നതു നാണക്കേടിന്റെ ഊക്കുകൂട്ടുന്നു. പാളയത്തില്‍പ്പടയുടെ തിരിച്ചടികളില്‍പ്പെട്ട് ഉഴലുകയായിരുന്ന സംഘ്പരിവാറിന് ഓര്‍ക്കാപ്പുറത്തു ശക്തിയും ആത്മവിശ്വാസവും പകര്‍ന്ന നടപടികളാണു തികഞ്ഞ മതേതരവാദികളെന്നു നാം വിശ്വസിച്ച മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്നും മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും ഉണ്ടായത്.
പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഇന്ത്യയിലെ പ്രമുഖപോര്‍ട്ടലായ 'ദ് വയര്‍' വാര്‍ത്ത നല്‍കിയത്, 'അദ്ദേഹം വന്നു, അദ്ദേഹം സംസാരിച്ചു, ആര്‍.എസ്.എസ് കൊയ്തു' എന്നായിരുന്നു.
ആ തലക്കെട്ടില്‍ എല്ലാമുണ്ട്. 1969 ല്‍ ഇന്ദിരാഗാന്ധിയുടെ കാരുണ്യത്താല്‍ കിട്ടിയ രാജ്യസഭാ സീറ്റു മുതല്‍ പതിറ്റാണ്ടുകളോളം അധികാരക്കസേരയുടെ തണലില്‍ മാത്രം വളര്‍ന്നു രാഷ്ട്രപതിയുടെ സിംഹാസനത്തില്‍ ഇരിക്കാന്‍ അവസരം കിട്ടിയ നേതാവാണു പ്രണബ്കുമാര്‍ മുഖര്‍ജി. രാഷ്ട്രപതിയുടെ കാലാവധി കഴിഞ്ഞാല്‍ 83 കാരനായ അദ്ദേഹത്തിന് അത്യാവശ്യം സാംസ്‌കാരികപരിപാടികളിലൊക്കെ പങ്കെടുത്തു വിശ്രമജീവിതം നയിക്കാമായിരുന്നു. അങ്ങനെയാണു മുന്‍രാഷ്ട്രപതിമാരില്‍ മിക്കവരും ജീവിച്ചത്. അതിനു തയാറല്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ആരാച്ചാരാകുന്ന പണിയെങ്കിലും ഏറ്റെടുക്കാതിരിക്കാമായിരുന്നു. പ്രണബ് മുഖര്‍ജി ഇപ്പോള്‍ ചെയ്തതു പാലുകൊടുത്ത കൈയ്ക്കു കൊത്തുന്ന പ്രവൃത്തിയായിപ്പോയി. നരേന്ദ്രമോദിയും സംഘ്പരിവാറും നടത്തുന്ന സാമുദായികസ്പര്‍ധയില്‍ അടിസ്ഥാനമാക്കിയ രാഷ്ട്രീയക്കളികള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ നട്ടം തിരിയുകയായിരുന്നു അടുത്തകാലം വരെ കോണ്‍ഗ്രസ്. ഗോവയിലും മറ്റും അതിന്റെ തിക്താവസ്ഥ കണ്ടതാണ്.
ഈയടുത്താണു രാഹുല്‍ഗാന്ധി അല്‍പ്പം രാഷ്ട്രീയതന്ത്രങ്ങള്‍ പയറ്റാന്‍ ശ്രമിച്ചത്. അതുകൊണ്ടാണല്ലോ കര്‍ണാടക ബി.ജെ.പിയുടെ കൈകളിലേയ്ക്കു പോകാതിരുന്നത്. 2014 ല്‍ പ്രധാനമന്ത്രിയായി അവരോധിതനായ നരേന്ദ്രമോദിയുടെ കന്നിപ്രസംഗംപോലും പത്തുവര്‍ഷക്കാലം നടത്താന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നുവെന്നോര്‍ക്കുക. 2019 ലെ തെരഞ്ഞെടുപ്പു വിജയവും താന്‍ മുന്‍കൂറായി നേടിയിരിക്കുന്നുവെന്ന അഹങ്കാരമാണതില്‍ പ്രതിഫലിച്ചിരുന്നത്. പക്ഷേ, ഇപ്പോള്‍ മോദിയോ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരോ ആത്മാര്‍ഥമായി ആ അവകാശവാദം ഉന്നയിക്കില്ല. ശിവസേനയുള്‍പ്പെടെ കഴിഞ്ഞ തവണ സഖ്യത്തിലുണ്ടായിരുന്ന പല പാര്‍ട്ടികളും ബി.ജെ.പിയെ കൈവിട്ടു. ബി.ജെ.പിയില്‍ മോദി വിരുദ്ധരുടെ ശക്തിവര്‍ധിച്ചു. പ്രവീണ്‍തൊഗാഡിയയെപ്പോലുള്ളവര്‍ മോദിക്കെതിരേ പാമ്പിന്റെ പകയുമായാണു കരുനീക്കം നടത്തുന്നത്. അടുത്തകാലം വരെ പരസ്പരം കടിച്ചുകീറിയ പ്രതിപക്ഷപാര്‍ട്ടികളാകട്ടെ അനിവാര്യമായ ഐക്യത്തിനു സര്‍വാത്മനാ തയാറാവുകയും ചെയ്തു കഴിഞ്ഞു.
ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനുള്ള നടപടികളാണു പരിണതപ്രജ്ഞനാണെന്നു കരുതപ്പെട്ട പ്രണബ്കുമാര്‍ മുഖര്‍ജിയില്‍നിന്നു മതേതര മനസ്‌കര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം നേരേ പോയത് ആര്‍.എസ്.എസ്സിന്റെ ആസ്ഥാനത്തേയ്ക്കാണ്. 'ദേശം, ദേശീയത, ദേശസ്‌നേഹം' എന്ന വിഷയങ്ങളെക്കുറിച്ചാണ് അവിടെ സംസാരിക്കേണ്ടിയിരുന്നത്. അത്തരമൊരു വിഷയം സംസാരിച്ചതിന്റെ പേരില്‍ തന്നെ ബലിയാടാക്കുന്നതെന്തിനെന്ന് അദ്ദേഹത്തിനു വേണമെങ്കില്‍ സ്വപ്രവൃത്തിയെ ന്യായീകരിച്ചു ചോദിക്കാം.
പക്ഷേ, അദ്ദേഹം അവിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ ആ ന്യായീകരണത്തെ തിരിച്ചുകൊത്തും. 'ഭാരതത്തിന്റെ മഹാനായ പുത്രന്‍' എന്നാണ് അദ്ദേഹം ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിനെ വിശേഷിപ്പിച്ചത്. പ്രണബ്ജീ.., എല്ലാ ആദരവോടെയും പറയട്ടെ, ആ സംബോധന കുറേ കടന്നുപോയി. ആര്‍.എസ്.എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അങ്ങനെ ആയിരം വട്ടം അവകാശപ്പെടാം. അതിനെ ആരും കുറ്റപ്പെടുത്തുന്നില്ല.
പക്ഷേ, മുസ്‌ലിംകള്‍ യവന നാഗങ്ങളാണെന്നും വിശ്വസിക്കരുതെന്നും പറഞ്ഞയാളെന്നു താങ്കളുടെ പാര്‍ട്ടിക്കാര്‍ തന്നെ പതിറ്റാണ്ടുകളായി കുറ്റപ്പെടുത്തുന്ന ഹെഡ്‌ഗേവാറിന്റെ ജന്മദേശത്തുപോയി അദ്ദേഹത്തെ പാടിപ്പുകഴ്ത്തണമായിരുന്നോ. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പിയുടെ കൈയിലെ തുറുപ്പുഗുലാനായിരിക്കും താങ്കളുടെ ഈ പ്രകീര്‍ത്തനമെന്നറിയുക. ആ തെരഞ്ഞെടുപ്പില്‍ മോദിക്കു ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അതിന്റെ കാരണങ്ങളിലൊന്നു താങ്കളുടെ ഈ സന്ദര്‍ശനവും പ്രകീര്‍ത്തനവുമായിരിക്കും, തീര്‍ച്ച.
ഇനി പറയാനുള്ളതു മുഖ്യമന്ത്രി പിണറായിയുടെ നിയമസഭയിലെ പ്രസ്താവനയെക്കുറിച്ചാണ്. എടത്തലയില്‍ നോമ്പുതുറക്കാനുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പോകുകയായിരുന്ന ഉസ്മാനെന്ന ചെറുപ്പക്കാരനെ തല്ലിച്ചതച്ചയ്ക്കുകയും അയാളെത്തന്നെ പ്രതിയാക്കി കേസെടുക്കുകയും ചെയ്ത പൊലിസുകാരെ വെള്ളപൂശിയാണു മുഖ്യമന്ത്രി സംസാരിച്ചത്. പൊലിസ് മന്ത്രിയെന്ന നിലയില്‍ പൊലിസിനെ ന്യായീകരിക്കുന്നതു മനസ്സിലാക്കാം. ഉസ്മാനാണ് ആദ്യം തല്ലിയതെന്നും പൊലിസുകാര്‍ ഉസ്മാനെ തഴുകിത്തലോടി പുതിയ പൊലിസ് സ്റ്റേഷനും അതിലെ പുതിയ ലോക്കപ്പും കാണിക്കാന്‍ വിനോദയാത്രയ്ക്കായി കൊണ്ടുപോയതാണെന്നുമുള്ള ന്യായീകരണങ്ങളെല്ലാം നമുക്കെല്ലാം ഉപ്പുകൂട്ടാതെ വിഴുങ്ങാം.
പക്ഷേ, ഉസ്മാനെ അകാരണമായി ലോക്കപ്പിലിട്ടതിനെതിരേ പ്രതിഷേധിച്ചു രംഗത്തുവന്ന നാട്ടുകാരെയെല്ലാം ഒറ്റയടിക്കു സാമുദായിക തീവ്രവാദികളെന്നു കുറ്റപ്പെടുത്തിയതും ആലുവ സ്വതന്ത്രറിപബ്ലിക്കല്ലെന്നു പറഞ്ഞതും ഇത്തിരി കൂടിയ പരാമര്‍ശമായിപ്പോയി. തീവ്രവാദികളുണ്ടെങ്കില്‍ അവര്‍ ആരെല്ലാം, നേരത്തെ അവര്‍ ചെയ്ത കുറ്റമെന്ത്, ആലുവയില്‍ അവര്‍ ചെയ്ത തെറ്റെന്ത്. ഗുരുതരമായ തെറ്റുകള്‍ ചെയ്തവരാണെങ്കില്‍ എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചില്ല.
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമൊന്നും മുഖ്യമന്ത്രി നിയമസഭയ്ക്ക് അകത്തോ പുറത്തോ പറഞ്ഞിട്ടില്ല. ഏതെങ്കിലും തീവ്രവാദിയെ പൊലിസ് ഇതിന്റെ പേരില്‍ പിടികൂടിയതായും അറിയില്ല. എന്നിട്ടും എന്തിനാണു മുഖ്യമന്ത്രീ..., താങ്കള്‍ ഈ കാടടക്കി വെടിവയ്ക്കല്‍ നടത്തിയത്. അതുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതം മനസ്സിലാക്കാന്‍ താങ്കള്‍ക്കു നേരം കിട്ടിയിട്ടുണ്ടോ എന്നറിയില്ല.
ചെങ്ങന്നൂരില്‍ തോറ്റമ്പിയ ബി.ജെ.പിക്കാര്‍ക്ക് 2019ലെ തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിക്കാന്‍ പറ്റിയ വജ്രായുധമാണു കിട്ടിയത്. കേരളം തീവ്രവാദികളുടെ കൈകളിലാണെന്നും അതു പറഞ്ഞതു സി.പി.എമ്മുകാരനായ മുഖ്യമന്ത്രിയാണെന്നും അവര്‍ ജനങ്ങള്‍ക്കു മുന്നില്‍ പ്രചരിപ്പിക്കും. തീവ്രവാദത്തെ തോല്‍പ്പിക്കാന്‍ വോട്ടഭ്യര്‍ഥിക്കും. ഇതുവരെ ബി.ജെ.പിയെ അനുഗ്രഹിക്കാത്ത കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നിലെങ്കിലും അവര്‍ കൊയ്ത്തു നടത്തിയാല്‍, 'ദ് വയര്‍' പോര്‍ട്ടല്‍ പ്രണബ്കുമാര്‍ മുഖര്‍ജിയെക്കുറിച്ചെഴുതിയ വാര്‍ത്തയുടെ തലക്കെട്ടിനെ അനുകരിച്ചു ജനം പറയുക 'പിണറായി വന്നു, സംസാരിച്ചു, ബി.ജെ.പി കൊയ്തു' എന്നായിരിക്കും. അതിന് ഇടവരാതിരിക്കട്ടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."