സംസ്ഥാനത്ത് കാണാതായ 3,416ല്‍ 3,069 പേരെയും കണ്ടെത്തിയെന്ന് പൊലിസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കഴിഞ്ഞ ജനുവരിക്ക് ശേഷം കാണാതായതായി പരാതി ലഭിച്ച 3,416 പേരില്‍ 3,069 പേരെയും കണ്ടെത്തിയെന്ന് കേരള പൊലിസ്. ചിട്ടയോടെയും മികവോടെയുമുള്ള അന്വേഷണം നടത്തിയതുകൊണ്ടാണ് ഇത്രയും പേരെ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇതിലേയ്ക്കായി രണ്ട് എസ്.പിമാരുടെ നേതൃത്വത്തിലുള്ള രണ്ട് വിദഗ്ധസംഘങ്ങളെ നേരത്തെ തന്നെ നിയോഗിച്ചിരുന്നു.
2018 ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ 3,416 പേരെയാണ് കാണാതായത്. ഇതില്‍ 2,068 സ്ത്രീകളില്‍ 1,967 പേരെയും 794 പുരുഷന്മാരില് 583 പേരെയും 554 കുട്ടികളില്‍ 519 പേരെയും കണ്ടെത്തി.
കാണാതായത് സംബന്ധിച്ച പരാതികളിന്മേല് കേസ് രജിസ്റ്റര്‍ ചെയ്ത് ഫോട്ടോയടക്കം കേരളത്തിന് അകത്തും പുറത്തുമുള്ള എല്ലാ സ്റ്റേഷനുകളിലും അറിയിക്കുകയും സൈബര്‍ സെല്ലിന്റേയും മറ്റ് സാങ്കേതികവിദ്യയുടേയും സഹായത്തോടെ അന്വേഷണം നടത്തുകയുമാണ് പൊലിസ് ചെയ്യുന്നത്.
പരാതി ലഭിച്ചാല്‍ അന്വേഷണം ഉടന്‍ ആരംഭിക്കുന്നതോടൊപ്പം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം പാടില്ലെന്നും സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."