പ്രവാസികളുടെ സുരക്ഷ; ദുബൈ അധികാരികള്‍ക്ക് ഹൈദരലി ശിഹാബ് തങ്ങള്‍ കത്തയച്ചു
മലപ്പുറം: ഇന്ത്യക്കാരായ പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നന്ദി അറിയിച്ചും കെ.എം.സി.സിയുടെ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തും ദുബൈ അധികാരികള്‍ക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കത്തയച്ചു. ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ഖിതാമി, ദുബൈ പൊലിസ് മേധാവി ലെഫ്. ജനറല്‍ അബ്ദുള്ള ഖലീഫ അല്‍മര്‍റി, ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് ഡയരക്ടര്‍ ജനറല്‍ തലാല്‍ ഹുമൈദ് ബെല്‍ഹൂല്‍, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂമിന്റെ സാബീല്‍ പാലസ് ഡയരക്ടര്‍ ഹാരിബ് ബിന്‍ സുബൈഹ് എന്നിവര്‍ക്കാണ് കത്തയച്ചത്. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി യു.എ.ഇ ഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്ന വിശിഷ്ട സേവനങ്ങളില്‍ തങ്ങള്‍ സന്തുഷ്ടി അറിയിച്ചു.
ദുബൈ ഭരണകൂടവും ആരോഗ്യമന്ത്രാലയും നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം വിലമതിക്കുന്നതായും എല്ലാ ആരോഗ്യ, സുരക്ഷാ പ്രവര്‍ത്തനങ്ങളോടും സഹകരിക്കാന്‍ കെ.എം.സി.സി തയ്യാറാണെന്നും തങ്ങള്‍ പറഞ്ഞു. കെ.എം.സി.സിയുടെ മാതൃസംഘടനയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ കെ.എം.സി.സിയുടെ ഓരോ അംഗവും നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അഭിമാനപൂര്‍വ്വം എല്ലാ പിന്തുണയും സഹകരണവും നല്‍കുമെന്ന് തങ്ങള്‍ കത്തില്‍ അറിയിച്ചു. ദുബൈയിലെ പ്രവാസി താമസ കേന്ദ്രങ്ങളില്‍ രാവും പകലും ഓടിനടന്ന് കെ.എം.സി.സി പ്രവര്‍ത്തകര്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. അവരില്‍നിന്ന് ആവശ്യമായ ഏതു സഹായവും ഗവണ്‍മെന്റിന് ഉണ്ടാകുമെന്നും ഹൈദരലി തങ്ങള്‍ ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."