മോട്ടോര്‍വാഹന വകുപ്പില്‍ പുറംകരാര്‍ ജോലിക്ക് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കുന്ന സേഫ് കേരള പദ്ധതിക്ക് ആവശ്യമായി വരുന്ന ജീവനക്കാരെ പുറംതൊഴില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനുള്ള ഉത്തരവിറങ്ങി. അക്കൗണ്ടന്റ്, ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകളിലേക്കാണ് പുറംകരാര്‍ ജീവനക്കാരെ നിയമിക്കുന്നതിന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി 120 കോടി രൂപ ചെവഴിച്ചാണ് സേഫ് കേരള പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ആര്‍.ടി.ഒ, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, അഡീഷനല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങി 262 അധിക തസ്തികകള്‍ ഇടത് സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. ഇത്രയും ഉയര്‍ന്ന തസ്തികകള്‍ നിശ്ചയിച്ചിട്ടാണ് താഴെത്തട്ടിലുള്ള ജോലികള്‍ പുറം തൊഴില്‍ കരാര്‍ നല്‍കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. കോംപൗണ്ടിങ് ഫീസ് ഈടാക്കുക, ചെക്ക് റിപ്പോര്‍ട്ട് നല്‍കുക, മറ്റ് സാമ്പത്തിക ഇടപാടുകള്‍ നടത്തുക തുടങ്ങിയ സുപ്രധാന ചുമതലകള്‍ കൈകാര്യം ചെയ്യേണ്ട ജീവനക്കാരെയാണ് പുറം തൊഴില്‍ കരാറില്‍ നിയമിക്കാന്‍ പോകുന്നത്. ഇത്തരത്തില്‍ സുപ്രധാന ജോലികള്‍ക്ക് പുറംതൊഴില്‍ കരാര്‍ നല്ലതല്ലെന്ന റിപ്പോര്‍ട്ട് അവഗണിച്ചാണ് നിയമനങ്ങള്‍ നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."