തിരുവനന്തപുരം- ബംഗളൂരു എക്‌സ്പ്രസ് ട്രെയിന്‍ ഉടന്‍: കേന്ദ്രമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്ത്‌നിന്ന് ബംഗളൂരുവിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ ഉടന്‍ തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍. കൊച്ചുവേളിയില്‍നിന്ന് മംഗലാപുരത്തേക്കുള്ള അന്ത്യോദയ ദ്വൈവാര എക്‌സ്പ്രസ് ട്രെയിന്‍ സര്‍വിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണാന്താനവും ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര റെയില്‍വേ സഹമന്ത്രിയുടെ പ്രതികരണം. ബംഗളൂരുവിലെ സ്ഥലപരിമിതിയാണ് ട്രെയിന്‍ തുടങ്ങാന്‍ തടസമായത്. സിറ്റി റെയില്‍വേ സ്റ്റേഷന് പുറത്തുളള യശ്വന്തപുരം, അല്ലെങ്കില്‍ ബാനസവാഡി എന്നിവിടങ്ങില്‍നിന്ന് ട്രെയിന്‍ തുടങ്ങാന്‍ നിര്‍ദേശിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ പാസഞ്ചര്‍ സര്‍ക്കുലര്‍ സ്റ്റേഷനായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചുവേളിയില്‍നിന്ന് മംഗലാപുരത്തേക്കുള്ള അന്ത്യോദയ എക്‌സ് പ്രസ് ട്രെയിന്‍ ഞായറാഴ്ച മുതലാണ് സര്‍വിസ് തുടങ്ങുക. ശനി, വ്യാഴം ദിവസങ്ങളില്‍ രാത്രി 9.25ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15ന് മംഗലാപുരത്തും വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10ന് കൊച്ചുവേളിയിലും എത്തുന്നതാണ് റഗുലര്‍ സര്‍വിസ്. സംസ്ഥാനത്തെ രണ്ടാമത്തെ അന്ത്യോദയ എക്‌സ്പ്രസാണിത്. എറണാകുളം- പാറ്റ്‌നയാണ് ആദ്യ അന്ത്യോദയ എക്‌സ്പ്രസ്.
സീറ്റ് റിസര്‍വേഷനില്ലാത്ത എല്ലാകോച്ചുകളും അണ്‍റിസര്‍വ്ഡ് സീറ്റിങ് മാത്രമുള്ള ട്രെയിനുകളാണ് അന്ത്യോദയ എക്‌സ്പ്രസ്. സാധാരണ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ 15 ശതമാനം അധികമാണ് ഇതിലെ ടിക്കറ്റ് നിരക്ക്. മംഗലാപുരം- കൊച്ചുവേളി അന്ത്യോദയയില്‍ 18 കോച്ചുകളുണ്ട്. ആധുനിക എല്‍.എച്ച്.ബി കോച്ചുകളാണിതെല്ലാം. കുടിവെള്ളം, മൊബൈല്‍ റീച്ചാര്‍ജിങ് , ലഗേജ് റാക്ക്, ബയോ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍, ഷൊര്‍ണ്ണൂര്‍,കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ആറിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ആലപ്പുഴ വഴിയാണ് സര്‍വിസ്. കൊച്ചുവേളിയില്‍നിന്ന് 11.50 മണിക്കൂറുകൊണ്ട് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 1635516356.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."