തെളിനീരുറവകള്‍ കണ്ണടക്കുന്നു!
മലയിന്‍കീഴ്: ഗ്രാമീണ മേഖലയില്‍ പൊതുകിണറുകള്‍ നാശത്തിന്റെ വക്കില്‍. കുടിനീരിനായി ജനം ആശ്രയിച്ചിരുന്ന പൊതുകിണറുകളാണ് കുപ്പത്തൊട്ടികളായി മാറിയത്.സംരക്ഷിക്കാന്‍ ചുമതലപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത അലംഭവമാണ് കാണിക്കുന്നത്. നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലെയും പൊതുകിണറുകള്‍ ഉപയോഗശൂന്യമായ നിലയിലാണ്. ഓരോ പഞ്ചായത്തിലെയും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കിണറുകള്‍ കുഴിച്ചത്. കോളനികള്‍ ഉള്ള വാര്‍ഡുകളില്‍ രണ്ടും മൂന്നും കിണറുകള്‍ വീതമുണ്ട്.
1964 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ ഗ്രാമീണ മേഖലയില്‍ ആദ്യമായി പൊതുകിണറുകള്‍ സ്ഥാപിച്ചത്. അന്ന് നാമ മാത്രമായ പ്രദേശങ്ങളില്‍ മാത്രമായിരുന്നു കിണറുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ 1980 കാലഘട്ടത്തില്‍ പൊതുകിണര്‍ നിര്‍മാ ണം വ്യാപകമാക്കി. വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഇതിനായി കോടികള്‍ ചെലവഴിച്ചു. പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിലും സ്വകാര്യ വ്യക്തികള്‍ ഇഷ്ടദാനമായി നല്‍കിയ വസ്തുവിലുമൊക്കെ കിണറുകള്‍ കുഴിച്ചു. വേനലില്‍ ഈ കിണറുകളായിരുന്നു സാധാരണക്കാരുടെ ആശ്രയം.
എന്നാല്‍ കിണര്‍ നിര്‍മിച്ചു കഴിഞ്ഞാല്‍ പിന്നെ ആ വഴിക്കു തിരിഞ്ഞു പോലും നോക്കുന്ന പതിവ് അധികൃതര്‍ക്കില്ല. പതിറ്റാണ്ടില്‍ ഒരിക്കല്‍ പോലും കിണര്‍ വൃത്തിയാക്കാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതര്‍ തയാറായിട്ടില്ല. പ്ലാനിങ് ഫണ്ടില്‍നിന്നോ സ്വന്തം ഫണ്ടില്‍ നിന്നോ തുക വകയിരുത്തി പൊതുകിണറുകളുടെ നവീകരണം ഏറ്റെടുത്ത് ചെയ്യാമെങ്കിലും പഞ്ചായത്ത് അധികൃതര്‍ മുഖംതിരിക്കുകയാണ്.
ഇരുപതും മുപ്പതും പൊതുകിണറുകളുള്ള പഞ്ചായത്തുകള്‍ നേമം ബ്ലോക്കിലുണ്ട്. ഇതില്‍ ഭൂരിഭാഗവും നാമാവശേഷമായി. ശേഷിക്കുന്നവയെ സംരക്ഷിക്കാനെങ്കിലും അതാത് പഞ്ചായത്തുകള്‍ തയാറായില്ലെങ്കില്‍ ഒരിക്കലും വറ്റാത്ത നീരുറവകളായിരിക്കും നമുക്ക് നഷ്ടമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."