നെടുമ്പാശ്ശേരിയില്‍ മൂന്നര കിലോ സ്വര്‍ണമിശ്രിതം പിടികൂടി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി കുഴമ്പ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 3.50 കിലോഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. ഇന്നലെ രാവിലെ 10.30ന് നെടുമ്പാശ്ശേരിയിലെത്തിയ ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ ദോഹയില്‍നിന്ന് എത്തിയ തൃശൂര്‍ സ്വദേശി മുഹമ്മദ് റഫീഖിന്റെ പക്കല്‍ നിന്നുമാണ് സ്വര്‍ണമിശ്രിതം പിടികൂടിയത്.
മിശ്രിതം കറുത്ത തുണിയില്‍ പൊതിഞ്ഞ് അരയില്‍ കെട്ടിയിരിക്കുകയായിരുന്നു. വിമാനത്തില്‍നിന്നു ഇറങ്ങിയ മുഹമ്മദ് റഫീഖിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കുഴമ്പ് രൂപത്തിലായതിനാല്‍ ഇതില്‍നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുക്കേണ്ടതുണ്ട്. ഇതിനായി കുഴമ്പ് രൂപത്തിലുള്ള സ്വര്‍ണ മിശ്രിതം കസ്റ്റംസ് ലാബിലേയ്ക്ക് അയക്കും. ഇതില്‍ രണ്ടരക്കിലോയില്‍ കുറയാത്ത സ്വര്‍ണം ഉണ്ടാകുമെന്നാണ് നിഗമനം.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം ഒരാള്‍ ഫോണില്‍ ബന്ധപ്പെടുമെന്നും അയാള്‍ക്ക് സ്വര്‍ണം കൈമാറണമെന്നുമാണ് പിടിയിലായ മുഹമ്മദ് റഫീഖിന് ലഭിച്ചിരുന്ന നിര്‍ദേശം. എന്നാല്‍ റഫീഖ് പിടിക്കപ്പെട്ടെന്ന് മനസിലായതോടെ വിമാനത്താവളത്തില്‍ എത്തിയിരുന്നയാള്‍ മുങ്ങി. ഇയാളെ പിടികൂടാന്‍ കസ്റ്റംസ് തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."