നിയന്ത്രണങ്ങള്‍ നീട്ടില്ല: ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിപാ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനിയും നീട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12 മുതല്‍ പ്രവര്‍ത്തിക്കും.നിപാ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതുപരിപാടികള്‍ക്കുള്ള വിലക്കും ഒഴിവാക്കും. എന്നാല്‍ നിപാ രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കുന്നത് തുടരും.
2649 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുപേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇതുവരെ വന്ന 313 പരിശോധനാഫലങ്ങളില്‍ 295 പേര്‍ക്കും നിപാ വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. സുഖം പ്രാപിച്ച രണ്ട് നിപാ ബാധിതരും ഇപ്പോള്‍ സാധാരണ നിലയിലാണ്. വിദഗ്ധ സംഘത്തിന്റെ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമേ ഇവര്‍ ആശുപത്രി വിടുന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ. കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ രോഗബാധയുണ്ടായ സ്ഥലങ്ങളില്‍ പരിശോധന തുടരുകയാണ്. നിപായുടെ ഉറവിടം അന്വേഷിക്കുന്ന സംഘവും രോഗനിയന്ത്രണം ലക്ഷ്യമിട്ടുള്ള സംഘവും സജീവമായി പ്രവര്‍ത്തിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."