പണ്ഡിത സദസുകളിലെ ആര്‍ദ്ര സാന്നിധ്യം
പണ്ഡിതരുടെയും സാധാരണക്കാരുടെയുമിടയിലെ ആര്‍ദ്ര സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റുമായിരുന്ന അദ്ദേഹം വലിയവരോടും താഴേക്കിടയിലുള്ളവരോടും വലുപ്പച്ചെറുപ്പമില്ലാതെ വിനയപൂര്‍വം പെരുമാറി. സംഘടന ഏല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യനിഷ്ഠയോടെയും സത്യസന്ധമായും പൂര്‍ത്തിയാക്കുന്നതില്‍ എപ്പോഴും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.
ഏറ്റെടുക്കുന്ന കര്‍മപദ്ധതികളെല്ലാം അനുയായികളോടൊപ്പം അടിത്തട്ടിലിറങ്ങി പ്രാവര്‍ത്തികമാക്കുന്ന രീതിയായിരുന്നു അദ്ദേഹം അവലംബിച്ചിരുന്നത്. അനുയായികളോടും നേതാക്കളോടും ഒരുപോലെ സൗമ്യമായും മാന്യമായും അദ്ദേഹം ഇടപെട്ടു. വിജ്ഞാനം നേടാനും അതു മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുത്ത് ജീവിതം സഫലമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി ദീനി സ്ഥാപനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചു. സമസ്തയുടെ മതപഠനരംഗത്ത് നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്.
ഏത് വിഷയങ്ങളിലും അദ്ദേഹത്തിന് കൃത്യമായ നിലപാടുണ്ടായിരുന്നു. സമസ്തയുടെ സംഘടനാ സംവിധാനത്തെ കെട്ടുറപ്പുള്ളതാക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ, ആദര്‍ശ വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലായിരുന്നു.
സമസ്തയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു ദീര്‍ഘദര്‍ശിത്വത്തോടെയുള്ള ദിശാബോധം നല്‍കുന്നതില്‍ അദ്ദേഹം മുന്‍പില്‍ തന്നെയുണ്ടായിരുന്നു. മുഅല്ലിം സംഘടനയുടെ ആരോഗ്യകരമായ നിലനില്‍പ്പിനും ഉത്സാഹപൂര്‍വമായ മുന്നേറ്റത്തിനും അദ്ദേഹം കഠിനമായി അദ്ധ്വാനിച്ചു. മാസങ്ങള്‍ക്കു മുമ്പ് സമാപിച്ച ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷികം, മദ്‌റസാധ്യാപകര്‍ക്കിടയില്‍ നടപ്പിലാക്കിയ വിവിധ ശാക്തീകരണ- ക്ഷേമ പദ്ധതികള്‍ തുടങ്ങിയവയ്‌ക്കെല്ലാം നേതൃപരമായ പങ്കാണ് അദ്ദേഹം വഹിച്ചത്.
ആരോഗ്യപരമായ പ്രയാസങ്ങള്‍ക്കിടയിലും മുഅല്ലിം പ്രസ്ഥാനത്തിന്റെ സമ്മേളനത്തിന് കൊല്ലത്ത് അദ്ദേഹം സാന്നിധ്യമരുളി പ്രാര്‍ഥന നടത്തിയാണ് മടങ്ങിയത്. മദ്‌റസാധ്യാപകര്‍ക്ക് സമസ്തയുടെ ധനസഹായമായി കോടിക്കണക്കിനു രൂപയുടെ ആശ്വാസത്തുക പ്രഖ്യാപനം കഴിഞ്ഞ ദിവസം നിര്‍വഹിച്ച ശേഷം അന്നു വൈകീട്ടായിരുന്നു സ്വാദിഖ് മുസ്‌ലിയാരുടെ മടക്കയാത്ര. അവസാനം വരെയും മതാധ്യാപകര്‍ക്കു തണലായി കൂടെ നില്‍ക്കാനുള്ള ചരിത്ര നിയോഗമാണ് അദ്ദേഹത്തിനു ലഭിച്ചത്.
മുഴുസമയം മതപഠനത്തിനും വിജ്ഞാന പ്രചാരണത്തിനുമായി അദ്ദേഹം ചെലവഴിച്ചു. ജന്മനാടായ കുമരംപുത്തൂരിലെ ഓത്തുപള്ളിയിലെ അധ്യാപികയായിരുന്നു അദ്ദേഹത്തിന്റെ ഉമ്മ. ആ ജന്മസുകൃതം അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം പ്രസരിച്ചു. ചെരടക്കുരിക്കള്‍ മുഹമ്മദ് സ്വാദിഖ് എന്ന വിദ്യാര്‍ഥി പില്‍ക്കാലത്ത് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ എന്ന പേരില്‍ ചരിത്രം രേഖപ്പെടുത്തിയ പണ്ഡിത പ്രതിഭയായി വെട്ടിത്തിളങ്ങി. മണ്ണാര്‍ക്കാട് പെരുമ്പടാരി ഗവ. സ്‌കൂളിലെ പഠനത്തിനു ശേഷം കുമരംപുത്തൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ദര്‍സ് പഠനത്തില്‍ വ്യാപൃതനാവുകയായിരുന്നു. തുടര്‍ന്ന് പണ്ഡിത ലോകത്തിനു ശാശ്വത സത്ത പകര്‍ന്നുകൊണ്ടിരിക്കുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യായില്‍ തന്റെ ചരിത്രദൗത്യം നിര്‍വഹിക്കാന്‍ കാലം അദ്ദേഹത്തെ എത്തിക്കുകയായിരുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ ഉസ്താദുമാരുടെ പകരക്കാരനായി നിക്കാഹുകള്‍ക്കു കാര്‍മികത്വം വഹിക്കാനും ചെറിയവര്‍ക്കു കിതാബ് ഓതികൊടുക്കാനും മതപ്രസംഗങ്ങള്‍ക്കും ആ യുവപണ്ഡിതന് അവസരമുണ്ടായത് ആത്മജ്ഞാനം നേടിയ ഗുരുക്കന്മാരുടെ ദീര്‍ഘദര്‍ശനത്താലായിരുന്നു.
ജാമിഅയില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ പാലക്കാട് ജന്നത്തുല്‍ ഉലൂമില്‍ അധ്യാപകനെ വേണമെന്ന ആവശ്യവുമായി അവിടെ തന്നെ അധ്യാപകനായ ഇ.കെ ഹസന്‍ മുസ്‌ലിയാരും മറ്റു ഭാരവാഹികളും ശംസുല്‍ ഉലമയെ സമീപിച്ചപ്പോള്‍ അദ്ദേഹം ഒട്ടും ശങ്കിക്കാതെ സ്വാദിഖ് മുസ്‌ലിയാരെ നിര്‍ദേശിച്ചത് പാണ്ഡിത്യം നന്നേ ചെറുപ്പത്തിലേ അദ്ദേഹത്തില്‍ ആ ഗുരുവര്യന്‍ കണ്ടെത്തിയതിനാലായിരുന്നു. പ്രഗത്ഭനായ ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ക്കു പകരക്കാരനായ ഒരാളെയാണ് വേണ്ടതെന്നും ഇ.കെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായതുകൊണ്ടാണ് കുറേക്കൂടി തഴക്കവും പഴക്കവുമുള്ള, ഉര്‍ദു അറിയാവുന്ന ഒരാളെ തേടുന്നതെന്നും ജന്നത്തുല്‍ ഉലൂം ഭാരവാഹികള്‍ ശംസുല്‍ ഉലമയെ ഉണര്‍ത്തിച്ചപ്പോള്‍, ശംസുല്‍ ഉലമ അവരോടു പറഞ്ഞത് എല്ലാറ്റിനും ഇവന്‍ മതിയാകുമെന്നാണ്. കാലം ധ്വനിസാന്ദ്രമായ ആ വാക്കുകളെ അന്വര്‍ഥമാക്കി. ശംസുല്‍ ഉലമയുടെ വാക്കുകളെ അനശ്വരമാക്കിക്കൊണ്ട് 1967 മുതല്‍ നീണ്ട 11 വര്‍ഷമാണ് സ്വാദിഖ് ഉസ്താദ് അവിടെ അധ്യാപനം നടത്തിയത്.
പാലക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റായാണ് ഉസ്താദ് സംഘടനാരംഗത്തെത്തുന്നത്. 1979 മുതല്‍ പാലക്കാട് ജില്ലയില്‍ എസ്.വൈ.എസ് കെട്ടിപ്പടുക്കാന്‍ ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ക്കൊപ്പം കഠിനമായ പ്രവര്‍ത്തനമാണ് നടത്തിയത്. 1976ല്‍ സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് സംഘടനയ്ക്കു വേണ്ടി അദ്ദേഹം നടത്തിയ ആത്മാര്‍പ്പണത്തിന്റെ പ്രതിഫലനമായിരുന്നു. 2017 മുതല്‍ സമസ്തയുടെ ട്രഷറര്‍ പദവിയില്‍ തുടരുകയാണ്.
പദവികളൊന്നും അലങ്കാരമാക്കിയില്ല. അദ്ദേഹത്തിന് അതൊക്കെയും ഉത്തരവാദിത്വത്തിന്റെ ഭാരമായിരുന്നു. കണ്ണടയ്ക്കും വരെ അതു ചുമന്നു. എല്ലാവര്‍ക്കും സുസമ്മതനായിത്തീരുക എന്ന അപൂര്‍വ സൗഭാഗ്യം അല്ലാഹു അദ്ദേഹത്തിനു നല്‍കി. സുന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ക്കൊപ്പം നൂറുകണക്കിനു വേദികളില്‍ രാപ്പകലില്ലാതെ അദ്ദേഹം എത്തി.
സുപ്രഭാതം ഡയരക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കൂടിയായിരുന്ന സ്വാദിഖ് മുസ്‌ലിയാര്‍ വിടവാങ്ങുമ്പോള്‍ പോയ തലമുറയിലെ തിളക്കമാര്‍ന്ന കണ്ണികളില്‍ അവസാനത്തേതും കൂടി അറ്റുവീഴുകയാണ്. സത്യത്തിന്റെ പതാകവാഹകരായിരുന്ന സ്വാദിഖ് മുസ്‌ലിയാര്‍ അടക്കമുള്ള സമസ്തയുടെ മഹാന്‍മാരായ ഉലമാക്കള്‍ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ല. അവര്‍ക്കു തീരുമാനങ്ങളൊന്നും തിരുത്തേണ്ടിവന്നിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."