HOME
DETAILS
MAL
രണ്ടാഴ്ചക്കിടെ പോസിറ്റീവ് േകസുകളില്ല, പിന്നെങ്ങനെ വയനാട് ഹോട്ട്‌സ്‌പോട്ടായി...?
backup
April 17 2020 | 01:04 AM
കല്‍പ്പറ്റ: രണ്ടാഴ്ചക്കിടെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും വയനാടിനെ കേന്ദ്രം ഹോട്ട്‌സ്‌പോട്ട് ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ജില്ലാ ഭരണകൂടത്തെയും ജനങ്ങളെയും ഒരുപോലെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.
ജില്ലയില്‍ കേവലം മൂന്നു കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. രണ്ടാഴ്ചക്കിടെ പുതിയ കൊവിഡ് കേസുകളൊന്നും ഇല്ലാത്ത രാജ്യത്തെ 25 ജില്ലകളില്‍ ഒന്നായിരുന്നു വയനാട്. ഇതിനിടെയാണ് വയനാടിനെ കൊവിഡ്-19 ക്ലസ്റ്ററുകളുള്ള ഹോട്ട്‌സ്‌പോട്ട് ജില്ലയായി ഉള്‍പ്പെടുത്തുന്നത്. വയനാട് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടതിന് ജില്ലാ ഭരണകൂടത്തിനും കൃത്യമായ വിശദീകരണമില്ല. ജില്ലയിലെ മൂന്ന് പോസിറ്റീവ് കേസുകളും ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയവരാണ്. രണ്ടുപേര്‍ രോഗം ഭേദമായതോടെ ഏപ്രില്‍ എട്ടിന് വീടുകളിലേക്ക് മടങ്ങി. നിലവില്‍ ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹോട്ട്‌സ്‌പോട്ട് ജില്ലകളുടെ പട്ടിക സംസ്ഥാനത്തെ യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ക്ലസ്റ്ററുകളുള്ള ഹോട്ട്‌സ്‌പോട്ട് ജില്ലകളുടെ പട്ടികയില്‍ വയനാടിനെ എങ്ങനെ ഉള്‍പ്പെടുത്തിയെന്നറിയാന്‍ തങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്ന് ഇവിടുത്തെ ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നു. ഹോട്ട്‌സ്‌പോട്ട് ജില്ലകളുടെ പട്ടികയില്‍ ജില്ലയെ ഏത് മാനദണ്ഡത്തിലാണ് ഉള്‍പ്പെടുത്തിയതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറയുന്നത്. നിലവില്‍ ഒരു സജീവ കേസ് മാത്രമാണ് ജില്ലയിലുള്ളത്. ഹോട്ട്‌സ്‌പോട്ടുകളുടെ വര്‍ഗീകരണത്തിനായി ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം വ്യക്തമാക്കിയ മനദണ്ഡങ്ങളിലൊന്നും വയനാട് ഉള്‍പ്പെടില്ല.
രാജ്യത്തെയോ സംസ്ഥാനത്തെയോ 80 ശതമാനം കേസുകള്‍ക്കും കാരണമായ ഏറ്റവും കൂടുതല്‍ കൊവിഡ്-19 രോഗികളുള്ള ജില്ലകള്‍, രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ നാലു ദിവസത്തില്‍ കുറവ് മാത്രമെടുക്കുന്ന ജില്ലകള്‍ എന്നിവയാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍പ്പെടുന്നത്. അതേസമയം വയനാട് ജില്ല പൂര്‍ണമായും ഹോട്ട് സ്‌പോട്ട് അല്ലെന്നും ജില്ലയിലെ ചില മേഖലകളെ മാത്രമാണ് ഹോട്ട്‌സ്‌പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നതെന്നുമുള്ള വിശദീകരണങ്ങളും വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."