തലമുറകളുടെ കാരണവര്‍ മുത്തുണ്ണിക്കോയക്ക് നൂറ്റിപതിനഞ്ചാം ചെറിയ പെരുന്നാള്‍
പഴയലക്കിടി: ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നതോടെ തന്റെ നൂറ്റിപതിനഞ്ചാം ചെറിയ പെരുന്നാള്‍ ആഘോഷത്തിലേക്കുള്ള ഒരുക്കത്തിലാണ് പാലപ്പുറത്തെ ചിനക്കത്തൂര്‍ കാവിന് സമീപം താമസിക്കുന്ന അറക്കല്‍ നാലകത്ത് മുത്തുണ്ണിക്കോയ. കൃത്യമായ ജനന തിയതി കുറിച്ചുവെച്ചില്ലെങ്കിലും ലഭ്യമായ വിവരങ്ങള്‍ വെച്ച് പരിശോധിക്കുമ്പോള്‍ 112ല്‍ എത്തി നില്‍ക്കുന്നു മുത്തുണ്ണിക്കോയയുടെ പ്രായം.
ഈ വൃത ശുദ്ധിയുടെ നാളുകളിലും പരമാവധി ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കി മനസ്സും ശരീരവും ദൈവത്തില്‍ സമര്‍പ്പിച്ച് പെരുന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷം വരെ ഒരുനോമ്പും ഒഴിവാക്കിയിരുന്നില്ലെന്ന് മക്കള്‍ പറയുന്നു.
കാഴ്ച്ചയും കേള്‍വിയും അല്‍പ്പം കുറഞ്ഞതൊഴിച്ചാല്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങല്‍ ഒന്നുമില്ല. ഇറച്ചിയും മീനുമാണ് ഇഷ്ടവിഭവം. തങ്ങള്‍ കുടുംബമായ ഇവരുടെ തലമുറ വ്യാപാര ആവശ്യത്തിന് ചാവക്കാട്ടുനിന്ന് ഒറ്റപ്പാലത്തിനടുത്തുള്ള പാലപ്പുറത്തേക്ക് കുടിയേറിയവരാണ്.
അറിയപ്പെടുന്ന വൈദ്യനായിരുന്ന പിതാവ് അറക്കല്‍ നാലകത്ത് ആറ്റക്കോയ തങ്ങള്‍ പാലപ്പുറത്തു വെച്ച് മരണപ്പെടുന്നത് 1905ല്‍. അന്നവരുടെ പ്രായം 98. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ പങ്കെടുത്തെന്ന് ഉറപ്പില്ലെങ്കിലും 1921ല്‍ ഒറ്റപ്പാലത്തു വെച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുത്തതും ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ഭാഗമായി 1934 ജനുവരി 10ന് ഒറ്റപ്പാലത്തെത്തിയ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ നേരില്‍ കണ്ട അനുഭൂതിയും പലപ്പോഴും പങ്കുവെച്ചതായും മക്കള്‍ ഓര്‍മ്മിക്കുന്നു.
ദേശിയ പ്രസ്ഥാനത്തോടുള്ള പിതാവിന്റെ അഭിനിവേശവും പാരമ്പര്യവും കുടുംബത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ആകൃഷ്ടരാക്കി. ജീവിതകാലത്തിനിടക്ക് ഒരിക്കല്‍ മാത്രം ഹെര്‍ണ്ണിയക്കുവേണ്ടി ഒരു ഓപ്പറേഷന്‍ നടത്താന്‍ നാലു ദിവസം ആശുപത്രിയില്‍ കിടന്നതല്ലാതെ കാര്യമായ ഒരസുഖവും ഇതുവരെ പിടിപെട്ടിട്ടില്ല.
മുത്തുണ്ണിക്കോയക്ക് രണ്ടു ഭാര്യമാരിലായി 16 മക്കള്‍. ഇവരില്‍ ഏഴുപേര്‍ മരണപ്പെട്ടു. ജീവിച്ചിരിപ്പുള്ളവരില്‍ മകള്‍ ഫാത്വിമക്ക് 82 പന്നിട്ടു. മക്കളും പേരമക്കളുമായി അമ്പതോളം അംഗങ്ങളുള്ള കുടുംബത്തില്‍ മുത്തുണ്ണിക്കോയയെ തനിച്ചാക്കി ഭാര്യമാര്‍ നേരത്തെ വിടപറഞ്ഞു. ഇപ്പോള്‍ മകന്‍ ആറ്റക്കോയയുടെ കൂടെയാണ് താമസം.
സി.കെ മുഷ്താഖ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."