കാലവര്‍ഷം കനത്തു; കോഴിക്കോട്ടും തിരുവനന്തപുരത്തും കണ്ണൂരും മൂന്നുമരണം
ചാലിയം(കോഴിക്കോട്)/അടിമാലി/കണ്ണൂര്‍ : കാലവര്‍ഷം കനത്തതിനൊപ്പം കോഴിക്കോട്ടും കണ്ണൂരും തിരുവനന്തപുരത്തും മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് ചാലിയത്ത് തെങ്ങുകള്‍ കടപുഴകി വീണ് കാല്‍നടയാത്രക്കാരിയായ കോഴിക്കോട് ചാലിയം വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടി പരേതനായ മരക്കാര്‍ കുട്ടിയുടെ ഭാര്യ കുരിക്കള്‍കണ്ടി ഖദീജക്കുട്ടി (60)യും തിരുവനന്തപുരം മാരായമുട്ടം ആങ്കോട് പെരിങ്കടവിള ശ്രീദീപം വീട്ടില്‍ ദീപ (45)യുമാണ് മരിച്ചത്.
കണ്ണൂര്‍ പാനൂരില്‍ മുത്താറി പീടികയില്‍ ഡെയ്‌ലി മാര്‍ട്ട് ഉടമ ചമ്പാട് അരയാക്കൂലില്‍ കുന്നുമ്മല്‍ യു.പി സ്‌ക്കൂളിനു സമീപം മദയോത്ത് താഴെ കുനിയില്‍ എം.എന്‍ രവീന്ദ്രന്‍(66) ആണ് മരിച്ചത്. റിട്ട: മര്‍ച്ചന്റ് നേവി എഞ്ചിനീയറിങ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണ തെങ്ങു മുറിച്ചു മാറ്റുന്നതിനിടയില്‍ സമീപത്തുള്ള തോട്ടിലേക്കു കാല്‍വഴുതി വീണാണ് മരിച്ചത്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു അപകടം.
തനിച്ച് പറമ്പിലെക്കു പോയ രവീന്ദ്രനെ കാണാത്തതിനാല്‍ തിരഞ്ഞു വന്ന ഭാര്യയാണ് തോട്ടില്‍ മരിച്ച നിലയില്‍ രവീന്ദ്രനെ കാണുന്നത്. പാനൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: പുഷ്പജ. മക്കള്‍: അഭിലാഷ്, അഭിഷേക്(ഇരുവരും ഗള്‍ഫ്). മരുമക്കള്‍: ജിഷ, രമ്യ. സഹോദരങ്ങള്‍: രാധാ കൃഷ്ണന്‍ (കോയമ്പത്തൂര്‍) ഭാരതി, പ്രസന്ന, തങ്കം, പരേതനായ രാമചന്ദ്രന്‍.
കനത്ത മഴയില്‍ ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് ചാലിയത്ത് തെങ്ങ് കടപുഴകി വീണ് ഖദീജകുട്ടി മരിച്ചത്. ബന്ധുവീട്ടില്‍ പോയി നടന്നു വരുമ്പോള്‍ കാറ്റും മഴയും കാരണം ഖാദിയാരകത്തിന് സമീപത്തെ വീട്ടിലേക്ക് കയറി നില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് പറമ്പിലെ തെങ്ങ് മുറിഞ്ഞ് ഖദീജക്കുട്ടിയുടെ ദേഹത്ത് പതിച്ചത്. കൂടെയുണ്ടായിരുന്ന ചെറുമകന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ചാലിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മക്കള്‍: അഷ്‌റഫ്, സലീം (മലബാര്‍ സൗണ്ട്‌സ്, വട്ടപ്പറമ്പ്) ഹമീദ്, നദീറ. മരുമക്കള്‍: റസിയ (പാലത്തിങ്ങല്‍, പരപ്പനങ്ങാടി) നിഷ, റസിയ (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍: അബ്ദുല്ലക്കോയ ,സുഹറ, സുബൈദ, സൈനബ.
ഇന്നലെ ഉച്ചക്ക് മൂന്നരയോടെ വീടിനു മുന്‍പില്‍ അയല്‍ക്കാരിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ വീശിയടിച്ച കാറ്റില്‍ തെങ്ങ് ഒടിഞ്ഞ് ദേഹത്ത് വീണാണ് ദീപക്ക് അപകടം പറ്റിയത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുമായി സംസാരിച്ചു നിന്ന അയല്‍ക്കാരിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകുമാറാണ് ദീപയുടെ ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.
ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് കടലുണ്ടിക്കും ഫറോക്കിനും ഇടയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ട്രാക്കിലെ വൈദ്യുതി വിതരണം തകരാറിലായി. ഇതേതുടര്‍ന്ന് ഷൊര്‍ണൂര്‍-മംഗലാപുരം റൂട്ടില്‍ ആറ് മണിക്കൂറോളമാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. കാറ്റില്‍ തണല്‍മരവും തെങ്ങും മുറിഞ്ഞു വീണായിരുന്നു അപകടം. കടലുണ്ടി ഗേറ്റിന് 100 മീറ്റര്‍ വടക്കായി പടിഞ്ഞാറേ ട്രാക്കിലാണ് ഇന്നലെ രാവിലെ 6.15 ഓടെ അപകടമുണ്ടായത്. മരങ്ങള്‍ വൈദ്യുതി ലൈനില്‍ പതിച്ചപ്പോള്‍ സ്‌ഫോടനത്തോടെ തീയാളുന്നത് കണ്ടതോടെ ഈ സമയം ഇതുവഴി കടന്നു പോകേണ്ട കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ഫറോക്ക് സ്റ്റേഷന്‍ കഴിഞ്ഞും അപകടമുണ്ടായ ട്രാക്കില്‍ വരികയായിരുന്ന തിരുവനന്തപുരം - മംഗലാപുരം എക്‌സ്പ്രസ് വളളിക്കുന്നിലും പിടിച്ചിട്ടു. ഇതിനിടെ യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സ്പ്രസ് കിഴക്കേ ട്രാക്ക് വഴി കടത്തിവിട്ടു.
വള്ളിക്കുന്നില്‍ പിടിച്ചിട്ട മംഗലാപുരം എക്‌സ്പ്രസ ്11.37 നാണ് കടത്തിവിട്ടത്. ഡീസല്‍ എഞ്ചിനുകളുള്ള ട്രെയിനുകള്‍ പിന്നീട് വിട്ടെങ്കിലും വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്ത ശേഷം 1.50 ന് കോഴിക്കോട് ജനശതാബ്ദിയാണ് വൈദ്യുതി എഞ്ചിനുമായി ആദ്യം കടന്നുപോയത്. കനത്ത മഴയെ തുടര്‍ന്ന്് കോഴിക്കോട് ജില്ലയിലെ പലയിടങ്ങിലും മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു.
അതേസമയം ശക്തമായ മഴയില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തിയതോടെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നു. 456.50 അടിയാണ് കല്ലാര്‍കുട്ടി അണക്കെട്ടിന്റെ സംഭരണശേഷി. നാലടി വീതം മൂന്ന് ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയില്‍ അണക്കെട്ടുകളിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. നേര്യമംഗലം ജലവൈദ്യുതി പദ്ധതിയുടെ സ്റ്റോറേജ് ഡാമാണ് കല്ലാര്‍കുട്ടി. ഡാം തുറന്നതോടെ വെള്ളം പനങ്കുട്ടിവഴി ലോവര്‍ പെരിയാര്‍ അണക്കെട്ടിലെത്തി.
ഇതോടെ ലോവര്‍ പെരിയാര്‍ അണക്കെട്ടും തുറന്നുവിടേണ്ടി വന്നു. നേര്യമംഗലം, ലോവര്‍ പെരിയാര്‍ പദ്ധതികളില്‍ പൂര്‍ണതോതില്‍ ഉല്‍പാദനം നടക്കുന്നുണ്ട്. ലോവര്‍ പെരിയാര്‍ പദ്ധതിയുടെ ശേഷി 180 മെഗാവാട്ടും നേര്യമംഗലം പദ്ധതിയുടെ ശേഷി 77.65 മെഗാവാട്ടുമാണ്.
ഇടുക്കി അണക്കെട്ടിന്റെ നാനൂറിലൊന്ന് ശേഷിയാണ് കല്ലാര്‍കുട്ടി അണക്കെട്ടിനുള്ളത്. ഇടുക്കി അണക്കെട്ടിലേക്കും നീരൊഴുക്ക് ശക്തമാണ്. 10.946 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം ഇന്നലെ ഒഴുകിയെത്തി. അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 708.191 മീറ്ററാണ്. പദ്ധതി പ്രദേശത്ത് 58 മി.മീ. മഴ രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."