കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടും: മുഖ്യമന്ത്രി
കൊല്ലം: കശുവണ്ടി മേഖലയില്‍ വ്യവസായികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യവസായികളുമായും തൊഴിലാളി യൂനിയന്‍ നേതാക്കളുമായും ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
വ്യവസായികളുടെ കടബാധ്യത തീര്‍ക്കുന്നതിന് സാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചര്‍ച്ച നടത്തും. വേണ്ടിവന്നാല്‍ ഇളവ് നേടുന്നതിനായി റിസര്‍വ് ബാങ്കിനെ സമീപിക്കും. നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിക്കുന്നതടക്കമുള്ള വ്യവസായികളുടെ ആവശ്യവും പരിഗണിക്കും. ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ വായ്പാ ഗ്യാരന്റി സ്‌കീം ഉള്‍പ്പെടുത്തുന്നതിനുള്ള ആവശ്യവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
ബാങ്കുകളുമായുള്ള ഇടപാടില്‍ പാലിക്കേണ്ട നിബന്ധനകള്‍ വ്യവസായികള്‍ ഉറപ്പാക്കണമെന്നും. കശുവണ്ടി മേഖലയില്‍ തൊഴിലവസരം പരമാവധി സംരക്ഷിച്ച് ഭാഗിക യന്ത്രവല്‍കരണം എര്‍പ്പെടുത്തുണമെന്ന വ്യവസായികളുടെ ആവശ്യം പരിശോധിക്കും. കടുത്ത മത്സരം നേരിടുന്ന ഇന്നത്തെ സ്ഥിതിയില്‍ ലാഭകരമായി വ്യവസായം നടത്താനുള്ള സാഹചര്യമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാല്‍പ്പതു ശതമാനം യന്ത്രവല്‍കരണത്തിലൂടെ ലാഭം നിലനിര്‍ത്താനാകുമെന്ന വ്യവസായികളുടെ അഭിപ്രായം പരിശോധിച്ച് തീരുമാനമെടുക്കും. മാറിയ സാഹചര്യത്തില്‍ കശുവണ്ടി മേഖല ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നതിന് സഹായമുണ്ടാകും.
പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പറേഷനും കാപക്‌സിനും വേണ്ടുന്ന സഹായം നല്‍കിയിട്ടുണ്ട്. വ്യവസായത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് സര്‍ക്കാര്‍തലത്തില്‍ സഹായം നല്‍കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. അഞ്ഞൂറ് ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നിടത്ത് ഇന്ന് എണ്ണൂറ് ഫാക്ടറികളാണുള്ളതെന്നും മത്സരാന്തരീക്ഷവും തോട്ടണ്ടിയുടെ വിലവര്‍ധനയുംമൂലം വ്യവസായത്തിന്റെ നടത്തിപ്പ് പ്രയാസകരമായെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
എങ്കിലും മേഖലയെ പരമാവധി പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അടഞ്ഞു കിടന്ന ഫാക്ടറികളില്‍ 282 എണ്ണം വീണ്ടും പ്രവര്‍ത്തിക്കുകയാണ്. ഇവയില്‍ 174 എണ്ണവും കൊല്ലത്താണെന്നും മന്ത്രി പറഞ്ഞു. മുന്‍ മന്ത്രി പി.കെ ഗുരുദാസന്‍, രാജ്യസഭാ മുന്‍ അംഗം കെ.എന്‍ ബാലഗോപാല്‍, വ്യവസായികള്‍, വ്യവസായ രംഗത്തെ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കശുവണ്ടി മേഖലയിലെ യൂനിയന്‍ നേതാക്കളുമായും പ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. വ്യവസായം സംരക്ഷിക്കുന്നത് സംബന്ധിച്ച ക്രിയാത്മക നിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് യൂനിയന്‍ നേതാക്കളോട് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."