വിലയിടിവ്: റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍
തിരുവമ്പാടി: വിലയിടിവ് കാരണം പ്രതിസന്ധി നേരിടുന്നതോടെ റബര്‍ കര്‍ഷകര്‍ മറ്റു കൃഷികളിലേക്ക് ചുവടുമാറ്റുന്നു.
തൊഴിലാളികളുടെ വേതനവും അനുബന്ധ ചെലവും ക്രമാതീതമായി വളര്‍ന്നതു കാരണം റബര്‍ കൃഷിയുമായി മുന്നോട്ടുപോവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 2012ല്‍ റബറിന്റെ വില കിലോക്ക് 240 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 130ല്‍ താഴെയാണ് വില.
ഇന്ത്യയിലെ റബര്‍ ഉല്‍പാദനത്തിന്റെ 82 ശതമാനവും കേരളത്തില്‍ നിന്നാണ്.
പത്തുവര്‍ഷം മുന്‍പ് പതിനായിരത്തില്‍ പരം ഡീലര്‍മാര്‍ ഉണ്ടായിരുന്ന കേരളത്തില്‍ വില തകര്‍ച്ചമൂലം പലരും ഈ രംഗം വിട്ടതിനാല്‍ ഇപ്പോള്‍ അയ്യായിരത്തില്‍ താഴെയായി ഡീലര്‍മാര്‍ ചുരുങ്ങി.ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞു വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചത് കാരണം റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്.
നിലവില്‍ റബര്‍ കൃഷി കാര്‍ഷികോല്‍പ്പന്ന ഗണത്തില്‍പെടാത്തതിനാല്‍ കാറ്റിലും മഴയിലും മറ്റും ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഇപ്പോള്‍ നഷ്ടപരിഹാരത്തുക ലഭിക്കുന്നില്ല.
റബര്‍ ബോര്‍ഡ് 2015 മുതല്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന സബ്‌സിഡിയും നിര്‍ത്തലാക്കി. കൂടാതെ റബര്‍ നടാനുള്ള രജിസ്‌ട്രേഷനും ഇപ്പോള്‍ നല്‍കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
വിലയിടിവും ഉല്‍പാദനച്ചെലവും ഗണ്യമായി കൂടുകയും വരവും ലാഭവും കുറയുകയും ചെയ്ത കാരണത്താല്‍ നിരവധി കര്‍ഷകരാണ് കേരളത്തില്‍ റബര്‍ കൃഷി ഒഴിവാക്കി തെങ്ങ്, കശുവണ്ടി തുടങ്ങിയ കൃഷികളിലേക്ക് ചുവടുമാറ്റുന്നത്.
റബര്‍ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പ്രകൃതിക്ഷോഭത്തില്‍ നഷ്ടപ്പെടുന്ന റബറിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കാര്‍ഷിക വിളകളില്‍ ഉള്‍പ്പെടുത്തണമെന്നും ഇന്ത്യന്‍ റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ (ഐ.ആര്‍.ഡി.എഫ്) സംസ്ഥാന സെക്രട്ടറി ഡിറ്റോ തോമസ് 'സുപ്രഭാത'ത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."