HOME
DETAILS
MAL
കേരളം കമ്മ്യൂണിസ്റ്റ് സ്റ്റേറ്റെന്ന ലേഖനം തിരുത്തി വാഷിങ്ടണ്‍ പോസ്റ്റ്
backup
April 17 2020 | 03:04 AM
വാഷിങ്ടണ്‍: മുപ്പത് വര്‍ഷത്തിലധികമുണ്ടായ കമ്മ്യൂണിസ്റ്റ് ഭരണമാണ് കേരളത്തെ ലോകത്തിനാകെ മാതൃകയായ സംസ്ഥാനമാക്കി മാറ്റിയതെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അവര്‍തന്നെ തിരുത്തി. കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ആരോഗ്യ രംഗത്തെയും വികസനത്തെയും പുകഴ്ത്തി ഈയിടെ വന്ന റിപ്പോര്‍ട്ടിലാണ് വിവാദ പരാമര്‍ശം വന്നത്. അത്യുത്സാഹത്തോടെയുള്ള പരിശോധനകള്‍, സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തല്‍, പാകംചെയ്ത ഭക്ഷണം, കമ്മ്യൂണിസ്റ്റ് സ്റ്റേറ്റ് കൊറോണവൈറസ് വളവ് നിവര്‍ത്തിയതെങ്ങിനെ? എന്ന തലക്കെട്ടിലായിരുന്നു ഏപ്രില്‍ 10ന് ലേഖനം വന്നത്. മുപ്പതു വര്‍ഷത്തിലധികമുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ സംസ്ഥാനം പൊതുവിദ്യാഭ്യാസ, ആരോഗ്യസംരക്ഷണ മേഖലകളില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. തുടങ്ങിയ കാര്യങ്ങളാണ് ലേഖനത്തിലുണ്ടായിരുന്നത്. സംഭവം വിവാദമായതോടെയാണ് തിരുത്തലുകളോടെ റിപ്പോര്‍ട്ട് പുറത്തു വന്നു. പരിഷ്‌ക്കരിച്ച ലേഖനത്തിന്റെ ഉള്ളടക്കത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എന്നത് തിരുത്തി. 1950ന് ശേഷം അധികാരത്തിലിരുന്ന വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസത്തിനും സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വലിയ രീതിയില്‍ നിക്ഷേപം നടത്തി. അതുകൊണ്ട് ഉയര്‍ന്ന സാക്ഷരതയുണ്ടായി. ഒപ്പം ഏറ്റവും മികച്ച പൊതുജന ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമായി കേരളം മാറിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വെല്‍ക്കം ട്രസ്റ്റ്, ഡി.ബി.ടി ഇന്ത്യ അലയന്‍സ് എന്നിവയുടെ സി.ഇ.ഒ ആയ ഷാഹിദ് ജമീലിന്റേതായി വന്ന ഉദ്ധരണികളെ അടിസ്ഥാനപ്പെടുത്തിയാണ് തെറ്റായവിവരങ്ങളും തലക്കെട്ടും ഇട്ടതെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ വിശദീകരണം. വി.ടി ബല്‍റാം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വാര്‍ത്തയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. മാത്രമല്ല റിപ്പോര്‍ട്ടിലെ തെറ്റ് ചൂണ്ടിക്കാട്ടി പത്രമാനേജ്‌മെന്റിന് നിരവധി സന്ദേശങ്ങളും അയച്ചിരുന്നു. 'സ്പ്രിങ്ക്‌ളര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്താരാഷ്ട്ര പി.ആര്‍ വര്‍ക്കുകള്‍ ഇങ്ങനെ തുടക്കത്തിലേ പാളുന്നത് എന്തൊരു ദ്രാവിഡാണ്..' എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."