സമുദ്രയുദ്ധത്തിന് യു.എസ് സന്നാഹം; അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ചൈനീസ് ഹാക്കര്‍മാര്‍
ബെയ്ജിങ്: യു.എസ് നാവികസേനയുമായി ബന്ധപ്പെട്ട അതീവരഹസ്യ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. അമേരിക്ക വികസിപ്പിക്കാന്‍ പദ്ധതിയിടുന്ന കപ്പല്‍വേധ സൂപ്പര്‍ സോണിക് മിസൈലിനെ കുറിച്ചും മറ്റു അന്തര്‍ സമുദ്ര സൈനിക സന്നാഹങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും ചോര്‍ന്നതില്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്. സംഭവത്തില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു.
ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഹാക്കര്‍മാര്‍ യു.എസ് നാവിക വിഭാഗത്തിലെ കംപ്യൂട്ടറുകളെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടത്തിയത്. ഇതില്‍ റോഡ് ഐലന്‍ഡിലെ ന്യൂപോര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാവല്‍ അന്‍ഡര്‍ സീ വാര്‍ഫെയര്‍ സെന്റര്‍ ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറുകളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. അമേരിക്കയുടെ അന്തര്‍സമുദ്ര യുദ്ധസന്നാഹങ്ങള്‍ക്കു വേണ്ടി ഗവേഷണം നടത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഈ കേന്ദ്രം. അമേരിക്കയുടെ മറ്റൊരു തന്ത്രപ്രധാന സമുദ്ര പദ്ധതിയായ സീ ഡ്രാഗണുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി നാവികസേനയെ കൂടുതല്‍ ശക്തമാക്കാനുള്ള മൂന്നുറു കോടി ഡോളറിന്റെ പദ്ധതിയാണ് സീ ഡ്രാഗണ്‍. ചൈനീസ് സര്‍ക്കാരിന്റെ ഹാക്കര്‍മാരാണു സംഭവത്തിനു പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
അതിനിടെ, ചൈനീസ് ഏജന്റിന് സൈന്യവുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങള്‍ കൈമാറിയ കുറ്റത്തില്‍ മുന്‍ യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ കുറ്റക്കാരനെന്നു കണ്ടെത്തി. 61കാരനായ കെവിന്‍ മലോറിക്കെതിരേയാണ് യു.എസ് കോടതി ചാരപ്പണിക്കുറ്റം ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."