സമ്മര്‍ദ്ദത്തിന് വഴങ്ങി കേന്ദ്രം; യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും
ന്യൂഡല്‍ഹി: യു.എ.ഇയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരില്‍ ഒരു വിഭാഗത്തെയെങ്കിലും നാട്ടിലേക്ക് കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ പ്രവാസി കൂട്ടായ്മ നേതാക്കളുമായി പ്രധാനമന്ത്രിയുടെ ഓഫിസ് ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചയിലാണ് ഏകദേശ ധാരണ രൂപപ്പെട്ടത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചര്‍ച്ച. വിമാന ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന നിര്‍ദേശം പ്രവാസി കൂട്ടായ്മകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഏറ്റവും അര്‍ഹരായവര്‍ക്കാണ് മുന്‍ഗണനയെന്നാണ് സൂചന. രോഗികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍, സന്ദര്‍ശക വിസാ കാലാവധി പിന്നിട്ടവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവര്‍ മുന്‍ഗണനാഗണത്തില്‍ പെടുന്നു. ചുരുങ്ങിയത് കാല്‍ ലക്ഷത്തിലേറെ പേരെങ്കിലും ഈ ഗണത്തില്‍ ഉള്‍പ്പെടുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇവരുടെ മടക്കം എപ്പോള്‍ ഉണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
ലേബര്‍ ക്യാമ്പുകളില്‍ നിന്ന് കൊവിഡ് രോഗികളെ വേര്‍തിരിക്കുക, കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കുക എന്നിവക്ക് യു.എ.ഇയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക, ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്നീ നിര്‍ദേശങ്ങളും പ്രവാസി സംഘടനകള്‍ മുന്നോട്ടു വെച്ചു. വിവിധ കൂട്ടായ്മകളെ പ്രതിനിധാനം ചെയ്ത് ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഇ.പി ജോണ്‍സണ്‍, ബിജു സോമന്‍, എന്‍. പി രാമചന്ദ്രന്‍, പുത്തൂര്‍ റഹ്മാന്‍, പി.കെ അന്‍വര്‍ നഹ, സജീവ് കുമാര്‍ തുടങ്ങിയവരാണ് കൂടിയാലോചനാ യോഗത്തില്‍ പങ്കെടുത്തത്.
കുടുങ്ങി കിടക്കുന്ന സ്വന്തം പൗരന്‍മാരെ കൊണ്ടു പോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസി കൂട്ടായ്മകളുമായി പ്രധാനമന്ത്രിയുടെ ഓഫിസ് അടിയന്തര കൂടിയാലോചന നടത്തിയത്. പ്രധാനമന്ത്രി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആനന്ദബോസാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."