വവ്വാല്‍
അവിടെ ബസിറങ്ങുമ്പോഴും തിരിഞ്ഞുനോക്കി. പതിവില്ലാതെ സീറ്റുകള്‍ ഏതാണ്ട് കാലിയാണ്.
വല്ലാതെ ദാഹിക്കുന്നു. വിശപ്പുമുണ്ട്. ഇടംവലം നോക്കാതെ ഞാനാ ഉന്തുവണ്ടിക്കാരനെ കൈകാണിച്ചു നിര്‍ത്തിച്ചു. ഒരു മാമ്പഴം വാങ്ങി ആര്‍ത്തിയോടെ കടിച്ചുതിന്നാന്‍ തുടങ്ങി. കാശ് കൊടുക്കുമ്പോള്‍ വണ്ടിക്കാരന്‍ പരിഭ്രമത്തോടെ എന്നെത്തന്നെ നോക്കിനിന്നു; പിന്നെ നടന്നടുക്കുന്ന ആളുകളെയും.
അവര്‍ ഒരു നികൃഷ്ടജീവിയെ കാണുമ്പോലെ മാങ്ങ തിന്നുന്ന എന്നെ നോക്കിനില്‍ക്കുന്നു. ഇതെന്തൊരു കൂത്താണെന്നു മനസില്‍ പറഞ്ഞു ചുണ്ടിലൂടെ അരിച്ചിറങ്ങിയ മാമ്പഴച്ചാറ് നാക്കുനീട്ടി വടിച്ചെടുത്ത് നുണച്ചിറക്കി.
രണ്ട് മീറ്ററോളം അകലെയാണ് ആളുകള്‍ നില്‍ക്കുന്നത്. അതിലൊരു വമ്പന്‍ ഒരു മീറ്റര്‍ അകലത്തില്‍ വന്നുനിന്നു രൂക്ഷമായി നോക്കി. ഉന്തുവണ്ടിക്കാരന്‍ ആരെയൊക്കെയോ ശപിച്ചു വണ്ടിയുന്തി തടിതപ്പി.
''ഹലോ... ടി.വി കാണാറില്ലേ? പത്രം വായിക്കാറില്ലേ?'' വമ്പന്‍ ഒച്ചവച്ചു.
കാര്യം പെട്ടെന്നു പിടികിട്ടി.
''ഏതു നാട്ടുകാരനാ...?'' അടുത്ത ചോദ്യം മുഴങ്ങി.
ഒരു മടിയുമില്ലാതെ നാടിന്റെ പേരു പറഞ്ഞമാത്രയില്‍ അയാള്‍ ഞെട്ടി പിന്നോട്ടുവലിഞ്ഞു.
''വേഗം വിട്ടോ... ഇവിടെ കണ്ടുപോകരുത്...!'' വമ്പന്‍ ആജ്ഞാപിച്ചു.
ഞാന്‍ അന്ധാളിച്ചു നിന്നു. ദേശത്തിന്റെയും രാജ്യത്തിന്റെയും പേരു പറയുന്നത് അഭിമാനകരമാണെന്നാണു പഠിച്ചുവച്ചത്.
ചെയ്ത തെറ്റെന്താണെന്നു ചോദിച്ചറിയണമെന്നുണ്ടായിരുന്നു. പിന്നെ അതിനു മിനക്കെടാതെ ആളുകളുടെ തീക്ഷ്ണനോട്ടത്തിനിടയിലൂടെ ഞാനൊരു വവ്വാലായി പതുക്കെ പറന്നുപൊങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."