കണ്ടല്‍ കണ്ടത്
കണ്ടലുകളെ നിങ്ങള്‍
അടുത്തെങ്ങാനും കണ്ടിരുന്നോ ?
കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ്
അവ കായല്‍ക്കരയില്‍വച്ച്
തന്നെയാണ് ആത്മഹത്യ ചെയ്തത്.
കൊടുംപാതകങ്ങളുടെ
കറകള്‍ അലിഞ്ഞുചേര്‍ന്ന
വെള്ളത്തില്‍ വേരൂന്നിനിന്ന്
ഉണങ്ങിമരിക്കാന്‍,
പൊയ്ക്കാലുകള്‍
തീരുമാനിച്ചപ്പോഴായിരുന്നു,
അനുസരണയോടെ
ഇലകള്‍ ഇറങ്ങിപ്പോക്ക്
തുടങ്ങിയത്;
അരുതുകള്‍ കണ്ടും കേട്ടും
ജീവിതം മടുത്തവരുടെ
രക്ഷപ്പെടല്‍.
'ഇനിയൊന്നിനും മറപിടിക്കാനാവില്ലെന്നും,
ഇനിയൊരു നിലവിളികളെയും
അറിയാതെപോലും
തടഞ്ഞുനിര്‍ത്തില്ലെന്നും'
കണ്ടലുകള്‍ കൂട്ടത്തോടെ
പ്രതിജ്ഞയെടുത്തതും
അന്നായിരുന്നു.
'ദൈവത്തിന്റെ സ്വന്തം
നാട്ടില്‍'നിന്ന്
കല്ലേന്‍ പൊക്കുടന്
കൂട്ടുപോകുംമുന്‍പ്,
'ഇനിയൊരു കടല്‍ക്ഷോഭത്തില്‍
എല്ലാം നശിക്കട്ടെ' എന്ന്
കരകളെ അവ ആദ്യമായി
ശപിച്ചതും അന്നായിരുന്നത്രെ..!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."