കൊവിഡ് കാലത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍: തിരിച്ചറിഞ്ഞത് 150 പേരെ, അഡ്മിന്മാരെ കുരുക്കാന്‍ സൈബര്‍ വിംഗ്
കൊച്ചി: കൊവിഡ് കാലത്ത് കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ സംഭവത്തില്‍ 150 പേരെ തിരിച്ചറിഞ്ഞു. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നടക്കമുള്ള നിരവധി ചിത്രങ്ങള്‍ ഈ കാലത്ത് അപ്ലോഡ് ചെയ്തതായും അന്വേഷണത്തില്‍ തെളിഞ്ഞതായും പൊലിസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് സംശയ നിഴലിലുള്ള വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്മാരെ കണ്ടെത്താനും നടപടി ആരംഭിച്ചിട്ടുണ്ട്.
ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് വിഡിയോകള്‍ കൂടുതലായി തിരയുന്ന നഗരങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെട്ടതായുള്ള ഐ.സി.പി.എഫിന്റെ പഠനത്തെക്കുറിച്ച് ഈയിടെ സുപ്രഭാതവും വാര്‍ത്ത നല്‍കിയിരുന്നു.
സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേരളത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടിയതായി കണ്ടെത്തിയത്. ചില വീടുകളിലും ഫ്ളാറ്റുകളിലും മറ്റും ചിത്രീകരിച്ച ചിത്രങ്ങള്‍ ഡാര്‍ക്ക് നെറ്റുകളിലും വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് സൈബര്‍ ഡോം നിരീക്ഷണം നടത്തിയത്. തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന സൈബര്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
മാതാപിതാക്കള്‍ അടക്കമുള്ളവര്‍ കുട്ടികളുടെ ഈക്കാലയളവിലെ ഇന്റര്‍നെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണമെന്ന നിര്‍ദേശവും സൈബര്‍ ഡോം മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ചിത്രങ്ങളും മറ്റും കാണുന്നതിനു മാത്രമായി വാട്സാപ്പിലും ടെലഗ്രാമിലും ഈ അടുത്തകാലത്തായി ആറു ഗ്രൂപ്പുകള്‍ രൂപപ്പെട്ടതായും തിരിച്ചറിഞ്ഞു. ടെലഗ്രാമില്‍ ഇതു റിപ്പോര്‍ട്ട് ചെയ്ത് നിര്‍ത്തലാക്കി. എന്നാല്‍ അതിന്റെ അഡ്മിന്മാര് ആരാണെന്നുള്ള വിവരം ടെലഗ്രാമില്‍ നിന്ന് ലഭിക്കുവാനുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചതായും തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സൈബര്‍ ഡോം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."