കാരുണ്യത്തിന്റെ ദോസ്ത്
ഭൂമിയില്‍ ആകെ 1,455 ദക്ഷലക്ഷം കോടി ഘനമീറ്റര്‍ ജലമുണ്ടെന്നാണു കണക്ക്. ലഭ്യമായ ഈ ജലത്തിന്റെ മൂന്നു ശതമാനം മാത്രമാണു ശുദ്ധജലം. മൂന്നു ശതമാനത്തില്‍ നാലില്‍ മൂന്നുഭാഗവും മഞ്ഞിന്റെ രൂപത്തിലാണുള്ളത്. ഭൂമിയിലെ എല്ലാ നദികളിലും ആയിരം വര്‍ഷം ഒഴുകാനുള്ളത്രയും ജലവും മഞ്ഞിന്റെ രൂപത്തിലുണ്ട്. ബാക്കിയുള്ള ഒരു ശതമാനം മാത്രമാണു മനുഷ്യന് ഉപയോഗയോഗ്യമായിട്ടുള്ളത്. ഭൂഗര്‍ഭ ജലത്തിന്റെ ഏകദേശം രണ്ടു ശതമാനം മണ്ണിലെ ഈര്‍പ്പമായി നിലനില്‍ക്കുന്നു. ഇതു സസ്യലതാദികളുടെ വളര്‍ച്ചയെ കാര്യമായി സഹായിക്കുന്നു.
മുകളില്‍ പറഞ്ഞ കണക്കിന്റെ കളികളെ കുറിച്ചൊന്നും മലപ്പുറം കാളികാവിലെ അഷ്‌റഫിന് അത്ര വശമില്ല. അത്ര ശാസ്ത്രീയമായി അദ്ദേഹം ജലോപയോഗത്തിന്റെ കാവ്യനീതിയെക്കുറിച്ചു പഠിച്ചിട്ടുമില്ല. എന്നാല്‍ ജലംകൊണ്ട് മുറിവേറ്റവരുടെയും ഒരിറ്റു തെളിനീരിനായി കേഴുന്ന മനുഷ്യരുടെയും സങ്കടക്കഥകള്‍ ഒട്ടേറെ കേട്ടിട്ടുണ്ട്. കേരളത്തിന്റെ മഴസമ്പത്ത് പാഴായി പോകുന്നതിനെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. അതിനെ സംരക്ഷിക്കാനായി കാണുന്നവരോടെല്ലാം വാതോരാതെ സംസാരിക്കാറുണ്ട്. അതില്‍നിന്നാണ് അദ്ദേഹമൊരു ജലസംരക്ഷകനായത്.
കിണര്‍ റീച്ചാര്‍ജിങ്
ശാസ്ത്രീയമായി മഴവെള്ളം സംഭരിച്ചു കിണറുകളിലേക്കു തന്നെ ശുദ്ധീകരിച്ച് എത്തിക്കുന്ന കിണര്‍ റീച്ചാര്‍ജിങ് പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുകയാണ് നാട്ടുകാര്‍ ദോസ്‌തെന്നു വിളിക്കുന്ന അഷ്‌റഫ്. അദ്ദേഹത്തെ സമീപിച്ചവരിലേക്കെല്ലാം കാരുണ്യത്തിന്റെ ജലപ്രവാഹങ്ങളുണ്ടായി. അവരതു ഹൃദയത്തില്‍ കോറിയിട്ടിട്ടുമുണ്ട്. അതില്‍ ചിലതിങ്ങനെയും വായിക്കാം:
''ന്നാ കുട്ട്യാളെ ബെള്ളം കുടിച്ചോളീ...കഴിഞ്ഞ കൊല്ലം ഇതേ കാലത്ത് ഒരാള് വന്നാല് തൊണ്ട നനക്കാന്‍ ഇത്തിരി വെള്ളണ്ടേയിനില്ല. ദാ ആ കാണ്ണ കുന്നിന്റെ അടീന്ന് ഏറ്റികൊണ്ടരണ്ടീനു.''
ഇത് കഴിഞ്ഞ തവണ അഷ്‌റഫ് കിണര്‍ റീച്ചാര്‍ജ് ചെയ്തുകൊടുത്ത മലപ്പുറം ജില്ലയിലെ എടപ്പറ്റ കൂരിക്കുണ്ടില്‍ ഇത്തീമയുടെ വാക്കുകളാണ്. ഇന്ന് അവരുടെ കിണറ്റില്‍ സുലഭമായി വെള്ളമുണ്ട്. ആ വാക്കുകളില്‍ സന്തോഷമുണ്ട്. നന്ദിയും കടപ്പാടുമുണ്ട്. അതുവഴി പോയപ്പോള്‍ വെറുതെ സൗഹൃദസംഭാഷണത്തിനു കയറിയതായിരുന്നു അഷ്‌റഫ്. മുന്‍പ് അഷ്‌റഫിന് ഇത്തീമയെയോ കുടുംബത്തെയോ അറിയില്ല. ഒരു യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ യാദൃച്ഛികമായാണ് റോഡരികിലൂടെ തലയിലും അരയിലും വെള്ളം ചുമന്ന് കഷ്ടപ്പെട്ട് പോകുന്ന ഇത്തീമത്തയെ കാണുന്നത്. വണ്ടിനിര്‍ത്തി കാരണമന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ വെള്ളമില്ലാത്ത പ്രയാസത്തെക്കുറിച്ച് അവര്‍ സങ്കടം പറഞ്ഞത്. സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന അവര്‍ക്കു സൗജന്യമായി കിണര്‍ റീച്ചാര്‍ജിങ്ങിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു.
ഇത് ഒരു ഇത്തീമത്തയുടെ മാത്രം കഥയല്ല. മലയോര മേഖലയില്‍ കുടിവെള്ളത്തിനായി കേഴുന്ന ഒട്ടനവധി വീടുകളിലേക്ക് അഷ്‌റഫ് ദോസ്ത് തന്റെ ഫോര്‍ച്യൂണര്‍ കാര്‍ തിരിക്കുന്നു. ആ വീട്ടിലെല്ലാം ഇന്ന് കിണര്‍ റീച്ചാര്‍ജിങ്ങിലൂടെ ശുദ്ധജലം സുലഭമായി ലഭിക്കുന്നു. ഈ വേനലില്‍ മാത്രം കോഴിക്കോട്, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലായി 3,600 കിണറുകളാണ് അഷ്‌റഫ് റീച്ചാര്‍ജ് ചെയ്ത് നല്‍കിയത്. എല്ലാം തികച്ചും സൗജന്യമായി. ഫോര്‍ച്ച്യൂണ്‍ കാറില്‍ വന്നിറങ്ങുന്ന അഷ്‌റഫ് വീട്ടുകാരെ അറിയിക്കാതെ പാന്റും കോട്ടും അഴിച്ചു സാധാരണ പണിക്കാരന്റെ വേഷത്തിലേക്കു മാറുന്നു. മണിക്കൂറുകള്‍കൊണ്ട് കിണര്‍ റീച്ചാര്‍ജ് ചെയ്തു മടങ്ങുന്നു.
ജീവന്റെ നിലനില്‍പ്പിന് ആധാരമാണു ജലം. പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളുമെറിഞ്ഞു പ്രകൃതിയെ മലീമസമാക്കി നമ്മള്‍ തന്നെയാണു നമുക്കുള്ള ശവക്കുഴികള്‍ തോണ്ടുന്നതെന്ന് അഷ്‌റഫിന് നല്ല ബോധ്യമുണ്ട്. ഓരോ വര്‍ഷവും വരള്‍ച്ചയെത്തുമ്പോള്‍ മാത്രം നാം ജലത്തെപ്പറ്റിപ്പറഞ്ഞു പരിതപിക്കുന്നു. പ്രയാസം അനുഭവപ്പെടുമ്പോള്‍ പ്രതിസന്ധിയുടെ കാരണം തിരയുന്നു. അതെപ്പോഴും കൂടെയുണ്ടാകേണ്ട പ്രതിജ്ഞയാകണമെന്നാണ് അഷ്‌റഫിന്റെ പക്ഷം. തനിക്കോ നാടിനോ വേണ്ടി മാത്രമല്ല, ഇനി വരുന്നൊരു തലമുറക്കുകൂടിയാണു ജലം കരുതിവയ്‌ക്കേണ്ടതെന്ന തിരിച്ചറിവില്‍നിന്നാണ് അദ്ദേഹം ഈ പ്രവൃത്തിക്കിറങ്ങുന്നത്.
കാരുണ്യവഴിയില്‍
ഇങ്ങനെയും ചിലരുണ്ട്. അവര്‍ക്കു സ്‌നേഹിക്കാനേ അറിയൂ. തിരികെയൊന്നും പ്രതീക്ഷിക്കുന്നുമുണ്ടാവില്ല. കൈയിലുള്ളതെന്താണെങ്കിലും അത് അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തിക്കണമെന്ന പാഠം കുഞ്ഞുന്നാളിലേ അഷ്‌റഫിനു പകര്‍ന്നുനല്‍കിയത് ഉമ്മ ഫാത്തിമയാണ്. അതിന്റെ ബാലപാഠം തുടങ്ങുന്നതു നാട്ടിലെ മദ്‌റസക്ക് അഷ്‌റഫ് ആദ്യമായി അധ്വാനിച്ചുണ്ടാക്കിയ അഞ്ചുസെന്റ് ഭൂമി വിട്ടുകൊടുത്താണ്. അന്ന് ഏഴിലോ എട്ടിലോ ആണു പഠിക്കുന്നത്. ഒഴിവുവേളകളില്‍ സഹോദരന്‍ ഷൗക്കത്തിനൊപ്പം കോഴിക്കച്ചവടത്തിനുപോയി. 15 രൂപ കിട്ടും. കിട്ടുന്നതു മിച്ചംവച്ചു. അങ്ങനെയാണ് സ്വന്തമായി അഞ്ചുസെന്റ് സ്ഥലം വാങ്ങിയത്. അത് മദ്‌റസക്ക് ആവശ്യമായി വന്നപ്പോള്‍ നിറഞ്ഞ മനസോടെ സംഭാവനയായി നല്‍കുകയും ചെയ്തു. അങ്ങനെയാണ് അഷ്‌റഫിലെ ജീവകാരുണ്യപ്രവര്‍ത്തകനെ ദേശത്തുകാരും അറിഞ്ഞുതുടങ്ങിയത്. അവിടെ തുടങ്ങിയ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ മാത്രം ഒതുങ്ങിയില്ല. കടലും കടന്ന് ഗള്‍ഫില്‍വരെ എത്തിനില്‍ക്കുന്നു.
അഷ്‌റഫ് തികച്ചും വ്യത്യസ്തനാണ്. സത്യത്തിലെല്ലാവരും അതു തിരിച്ചറിയുന്നുമുണ്ട്. ഒരു പ്രവാസിയായ അഷ്‌റഫ് വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ നാട്ടിലെത്തുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ആ കാറു പാഞ്ഞത് സ്വന്തം വീട്ടിലേക്കായിരുന്നില്ല. അടുത്ത പ്രദേശമായ ചിങ്കക്കല്ലിലെ ആദിവാസി കോളനിയിലേക്കായിരുന്നു. കൊണ്ടുവന്ന പെട്ടികളെല്ലാം അവിടെയുള്ള കുടുംബങ്ങള്‍ക്കു വിതരണം ചെയ്തശേഷം മാത്രമാണ് അഷ്‌റഫ് മടങ്ങിയത്. ചിങ്കക്കല്ല് കോളനിയില്‍ രാഷ്ട്രീയക്കാര്‍ വോട്ടുചോദിക്കാനേ എത്താറുള്ളൂ എന്നാണു പരാതി. അത്തരക്കാര്‍ക്കു പലപ്പോഴും പ്രവേശനം നിഷേധിച്ച കോളനിയിലെ വഴികള്‍ അഷ്‌റഫിനു മുന്‍പില്‍ എപ്പോഴും തുറന്നുവച്ചിരിക്കുന്നു. അവര്‍ക്കു ഭക്ഷണവുമായി, വസ്ത്രവുമായി, കാരുണ്യത്തിന്റെ പുതപ്പുമായി അദ്ദേഹം അവിടെയും സമീപത്തെ ആദിവാസി കോളനികളിലും കടന്നുചെല്ലുന്നു. കൈയിലുള്ളതെല്ലാം കൊടുത്തുതീര്‍ത്ത് നിറഞ്ഞ മനസോടെ തിരിച്ചുമടങ്ങുന്നു.
ഒരിക്കല്‍ നല്ല തിരക്കിനിടയിലേക്കാണ് ആ ഫോണ്‍കോള്‍ വന്നത്. മറുതലക്കല്‍ ചിങ്കക്കല്ല് കോളനിയിലെ ചിരുതയാണ്.
''മ്മളെ കുട്ടി ഗീതക്ക് പൊലിസില് പണികിട്ടി ദോസ്‌തേ...''
മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ദോസ്ത് ആദിവാസി കോളനിയിലേക്കു മധുരവുമായി കടന്നുചെന്നു. അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
അഷ്‌റഫ് എന്ന പേരിന്റെ അര്‍ഥം എന്താണെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ മലയോര മേഖലയിലെ പലരും ആ പേരിനിട്ട അര്‍ഥം ദോസ്ത് എന്നാണ്. അഷ്‌റഫേ എന്ന് ആരെങ്കിലും വിളിച്ചാല്‍ അത് തന്നെയാണോ എന്ന് അഷ്‌റഫിനുതന്നെ സംശയമാണ്. അഷ്‌റഫ് ദോസ്‌തെന്നു കൂട്ടിവിളിക്കണം. കാളികാവുകാരുടെ മാത്രം ദോസ്തല്ല അഷ്‌റഫ്. ലക്ഷദ്വീപുകാരുടെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.എം സഈദുമായി വളരെ അടുത്തബന്ധമായിരുന്നു അഷ്‌റഫിന്. അദ്ദേഹത്തിനുപോലും അഷ്‌റഫ് ദോസ്തായിരുന്നു. സഈദുമായുണ്ടായ ബന്ധം അഷ്‌റഫിനെ ലക്ഷദ്വീപുകാരുടെയും പ്രിയങ്കരനാക്കി. സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ പോലും ലംഘിക്കുന്ന തരത്തിലേക്ക് ആ ബന്ധം വളര്‍ന്നു. അഷ്‌റഫിന്റെ സ്‌നേഹവിരുന്ന് ഒരിക്കല്‍ അനുഭവിച്ചവര്‍ പിന്നീടത് മറക്കില്ല. സ്വന്തം കൈക്കൊണ്ട് പാചകം ചെയ്തു മറ്റുള്ളവരെ സല്‍ക്കരിക്കുന്നതിലാണ് അഷ്‌റഫിനു താല്‍പര്യം. ആ കൈപുണ്യം അനുഭവിച്ച പ്രമുഖരുടെ നിരയും നീണ്ടതാണ്.
പ്രവാസലോകത്ത്
സഊദിയിലെ ലേബര്‍ ക്യാംപുകളിലാണ് അഷ്‌റഫ് ഗള്‍ഫിലെ പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുത്തത്. സ്‌പോണ്‍സറുടെ കൊടുംചതിയില്‍ കുടുങ്ങിയവര്‍, ക്രൂരമായ പീഡനങ്ങള്‍ക്കും സാമ്പത്തിക ചൂഷണങ്ങള്‍ക്കും ഇരയായവര്‍, ജീവനും കൊണ്ട് പിറന്നനാട്ടിലെത്തിപ്പെടാന്‍ യാചിക്കുന്നവര്‍, ആടുജീവിതം നയിച്ചു നാടും ഭാഷയും മറന്നുതുടങ്ങിയവര്‍, ജന്മനാട്ടില്‍ മരിക്കാന്‍ ഭാഗ്യമില്ലാതെ പോയിട്ടും ആശുപത്രി മോര്‍ച്ചറികളില്‍ മരവിച്ചുകിടക്കാന്‍ വിധിക്കപ്പെട്ടവര്‍... ഇവര്‍ക്കെല്ലാം നാടണയാനുള്ള സൗകര്യമൊരുക്കി ആ പ്രവര്‍ത്തനം ഇന്നും തുടരുന്നു അഷ്‌റഫ്.
മരിച്ചവരെ കാത്തിരിക്കുന്ന നിരവധി പ്രവാസി കുടുംബങ്ങള്‍ക്കു മുന്‍പിലാണ് അഷ്‌റഫ് സാന്ത്വനത്തിന്റെ തെളിമഴയാകുന്നത്. ഗള്‍ഫില്‍ ഹജ്ജ് വളന്റിയറായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഈ ജീവകാരുണ്യത്തിന് മാര്‍ക്കിടാന്‍ സഊദി സര്‍ക്കാര്‍ തയാറായി. പ്രത്യേക അംഗീകാരപത്രം നല്‍കി തന്നെ സഊദി സര്‍ക്കാര്‍ ആദരിച്ചു. ഇന്ത്യന്‍ എംബസിയുടെ അംഗീകാരപത്രം, പി.എം സഈദിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ലക്ഷദ്വീപ് എക്‌സലന്‍സി അവാര്‍ഡ്, അന്താരാഷ്ട്ര ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ഗോവ പ്രവാസി അവാര്‍ഡ് അടക്കം ഇരുപതോളം പുരസ്‌കാരങ്ങള്‍ ഇതിനകം അഷ്‌റഫിനെ തേടിയെത്തി.
അഷ്‌റഫിന്റെ വാഹനത്തില്‍ എപ്പോഴും അരിയും പലവ്യഞ്ജനങ്ങളും കാണാം. ഇല്ലാത്തവന്റെ വീടുകളിലേക്ക് അതുമായി എപ്പോഴും ആ വണ്ടി കടന്നുവരാം. ഒരിക്കല്‍ വീട് ജപ്തിഭീഷണിയുടെ മുന്‍പില്‍ പകച്ചുനില്‍ക്കുന്ന കുടുംബത്തിനരികിലേക്കും ആ വാഹനം പാഞ്ഞെത്തി. ബാങ്കില്‍ കൊടുക്കാനുള്ള തുകയെത്രയാണെങ്കിലും താന്‍ അടക്കാമെന്നു പറഞ്ഞ് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. അതു വെറും വാക്കായിരുന്നില്ല. ബാങ്കില്‍ പണം കൃത്യമായി അടച്ച് ആധാരം കുടുംബത്തിനു നല്‍കി. അങ്ങനെയാ ജപ്തി ഒഴിവായി. കുടിവെള്ളമില്ലാതെ കുന്നിന്‍മുകളില്‍ ഒറ്റപ്പെട്ട കുടുംബത്തിന് കിണര്‍ നിര്‍മിച്ചു നല്‍കി.
കാളികാവിലെ പരേതനായ ആലിപ്പറ്റ ഹസന്‍കുട്ടിയുടെ മകനായ അഷ്‌റഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹധര്‍മിണി ജസിയുടെയും മക്കളായ ഫര്‍ഹാനയുടെയും ഫഹദ് ഹസന്റെയും പൂര്‍ണ പിന്തുണയുണ്ട്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ 25 തവണയെങ്കിലും അഷ്‌റഫിന്റെ 94966586561 എന്ന നമ്പര്‍ റിങ് ചെയ്തു. പല പല ആവശ്യക്കാര്‍. 26-ാമത്തെ കോളും അറ്റന്‍ഡ് ചെയ്ത് ദോസ്ത് ജീവകാരുണ്യത്തിന്റെ വഴിയിലേക്കിറങ്ങുകയാണ്. നിങ്ങളും വിളിച്ചുനോക്കൂ. കാരുണ്യത്തിന്റെ കൈക്കുടന്ന നിലാവുമായി ആ ഫോര്‍ച്യൂണര്‍ വാഹനം വീട്ടുപടിക്കല്‍ എത്താതിരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."