മൈമൂന അബ്ബാസിന് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഇന്റർനാഷണലിന്റെ പരമോന്നത ബഹുമതി
റിയാദ്: മലയാളി അധ്യാപികക്ക് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണലിന്റെ പരമോന്നത ബഹുമതിയായ ഡിസ്‌സ്റ്റിംഗുഷ്ഡ് ടോസ്റ്റ്മാസ്റ്റര്‍ പദവി. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹയര്‍ സെക്കന്റററി ഹെഡ്മിസ്ട്രസ് മൈമൂന അബ്ബാസിനാണ് അംഗീകാരം. വിസ്ഡം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് അംഗങ്ങളില്‍ ആദ്യമായാണ് ഒരാള്‍ ഈ പദവി നേടുന്നത്.
കമ്യൂണിക്കേഷന്‍, ലീഡര്‍ഷിപ്പ് എന്നീ രംഗങ്ങളില്‍ വര്‍ഷങ്ങളായി ചെയ്തുവരുന്ന സേവനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഘടന അനുസരിച്ച് ജില്ലയിലും ക്ലബുകളിലും പരിശീലനത്തിനും സേവനങ്ങള്‍ക്കും നേതൃത്വം നല്‍കണം. ഇതിനു പുറമെ പുതിയ അംഗങ്ങളുടെ വിനിമയ ശേഷിയും നേതൃഗുണവും വര്‍ധിപ്പിക്കുന്നതിന് നല്‍കിയ സംഭവനകളും പരിഗണിച്ചാണ് ഡിസ്‌സ്റ്റിംഗുഷ്ഡ് ടോസ്റ്റ്മാസ്റ്റര്‍ പദവി നല്‍കുന്നത്. ലീഡര്‍ഷിപ്, പബ്‌ളിക് സ്പീക്കിംഗ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയാണ് ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ഇന്റര്‍നാഷണല്‍. 1924ല്‍ സ്ഥാപിതമായ സംഘടനക്ക് 143 രാജ്യങ്ങളിലായി പതിനാറായിരത്തിലധികം ക്ലബുകളും 3.58 ലക്ഷം അംഗങ്ങളുമുണ്ട്.
മൈമൂന അബ്ബാസ് ഇരുപത്തിയഞ്ച് വര്‍ഷമായി റിയാദില്‍ അധ്യാപികയാണ്. പ്രവാസ ലോകത്ത് സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളില്‍ സജീവമാണ്. നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും നേടിയിട്ടുളള മൈമൂന അബ്ബാസ് കോഴിക്കോട് സ്വദേശിനിയാണ്. റിയാദില്‍ പൊതു പ്രവർത്തകനും ഉദ്യോഗസ്ഥനുമായ വി.കെ.കെ അബ്ബാസ് ആണ് ഭര്‍ത്താവ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാര്‍ഥിയായ ഫര്‍ഹാന്‍, കോട്ടയത്ത് മെഡിക്കൽ എൻട്രൻസ് കോഴ്സിന് പഠിക്കുന്ന അഫ്‌നാന്‍ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."