മെഡിക്കല്‍ കോളജില്‍ നിന്നും മരുന്ന് എത്തിക്കാനുള്ള ചുമതല വിഖായക്ക്
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നിന്നും സംസ്ഥാനത്ത് മാരക രോഗത്തിനിരയായ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നല്കി വരുന്ന സൗജന്യ മരുന്നുകള്‍ ലോക്ക് ഡൗണ്‍ കാലത്ത് വിതരണം ചെയ്യാനുള്ള ചുമതല എസ് കെ എസ് എസ് എഫ് വിഖായക്ക് നല്കി. കോളജ് യൂനിയനായ ഇംപ്രിന്റ്സ് ആണ് മാരക രോഗികളായ എണ്‍പത് കുട്ടികള്‍ക്ക് മരുന്നുകള്‍ എത്തിച്ച് നല്‍കുന്നത്. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലാണ് വിഖായ ഈ മരുന്നുകള്‍ ബന്ധപ്പെട്ട രോഗികളുടെ വീടുകളില്‍ സൗജന്യമായി എത്തിച്ചു നല്‍കുന്നത്.
കൊവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചത് മുതല്‍ വിഖായ മെഡിസിന് ചെയിന്‍ സര്‍വിസ് സംസ്ഥാനത്ത് നടന്നു വരികയാണ്. തിരുവനന്തപുരം ആര് സി സി മുതല്‍ മംഗലാപുരത്തെ വിവിധ ആശുപത്രികളില്‍ നിന്ന് വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചെയിന്‍ സര്‍വീസുണ്ട്. ആയിരത്തിലധികം രോഗികള്‍ക്ക് ഇതിനകം വിഖായ വളണ്ടിയര്‍മാര്‍ മരുന്നുകളെത്തിച്ച് കഴിഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക അനുമതിയോടെ നടന്ന് വരുന്ന ചെയിന്‍ സര്‍വീസില്‍ വിവിധ ജില്ലകളില്‍ നൂറുകണക്കിന് വളണ്ടിയര്‍മാര്‍ സേവന സജ്ജരായി രംഗത്തുണ്ട്.
സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ നിന്നും ഹോമിയോ, ആയൂര്‍വ്വേദ കേന്ദ്രങ്ങളില്‍ നിന്നും വിഖായ മുഖേന നിരവധി രോഗികള്‍ക്ക് മരുന്നുകള്‍ ലഭ്യമാകുന്നുണ്ട്. സംസ്ഥാനത്ത് അവശ്യ ഗതാഗത സര്‍വിസ് പുനരാംരംഭിക്കുന്നത് വരെ വിഖായ മെഡിസിന് ചെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."